1470-490

തോക്കുകള്‍ പിടികൂടിയ സംഭവം: ഇടതു ഭരണത്തില്‍ ആര്‍.എസ്.എസ് കലാപത്തിന് കോപ്പുകൂട്ടുന്നു – എസ്.ഡി.പി.ഐ

കോട്ടയം: ഇടതുപക്ഷ ഭരണത്തില്‍ ആര്‍.എസ്.എസ് കേരളത്തില്‍ കലാപത്തിന് കോപ്പുകൂട്ടു കയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മായീല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോട്ടയം ജില്ലയിലെ മുക്കാളി കദളിമറ്റത്ത് വന്‍ തോക്കുശേഖരവുമായി ബി.ജെ.പി നേതാവ് ഉള്‍പ്പെടെ ഏഴു പേര്‍ പോലിസ് പിടിയിലായ സംഭവത്തില്‍ ഉന്നത ബി.ജെ.പി നേതാക്കളുടെ പങ്ക് അന്വേഷിക്കണം. ആര്‍.എസ്.എസ്സിന്റെ ശക്തികേന്ദ്രത്തിലാണ് തോക്കും തോക്ക് നിര്‍മാണ സാമഗ്രികളുമുള്‍പ്പെടെ വന്‍ ആയുധശേഖരം കണ്ടെത്തിയതെന്നത് ഞെട്ടിപ്പിക്കുന്നതാണ്. അറസ്റ്റിലായ പ്രതികളിലൊരാള്‍ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള പള്ളിക്കത്തോട് അരവിന്ദ സ്‌കൂളിലെ മുന്‍ അധ്യാപകനും നിലവിലെ ബോര്‍ഡംഗവുമാണ്. ആര്‍.എസ്.എസ് സര്‍സംഘ ചാലക് മോഹന്‍ ഭഗവത് ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ നിരന്തരമായി ഇവിടെ സന്ദര്‍ശിക്കാറുണ്ട്. ആര്‍.എസ്.എസ്സിന്റെ ആയുധ, കായിക പരിശീലനങ്ങള്‍ ഇവിടെ സ്ഥിരമായി നടക്കുന്നതായി നാട്ടുകാര്‍ പല തവണ പരാതി ഉന്നയിച്ചിരുന്നു. മുന്‍ ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ ബി.ജെ.പി യുടെ നിരവധി ഉന്നത നേതാക്കള്‍ പ്രദേശവാസികളാണ്. ആയുധ നിര്‍മാണത്തിലും വിതരണത്തിലും ഇവരുടെ പങ്ക് അന്വേഷിക്കണം. രാജ്യത്തെ ഞെട്ടിച്ച ഡെല്‍ഹി വംശഹത്യയിലുള്‍പ്പെടെ സംഘപരിവാരം ഏറ്റവുമധികം ഉപയോഗിച്ചത് തോക്കായിരുന്നു. ഡെല്‍ഹിയില്‍ ഉപയോഗിച്ച തോക്കുകള്‍ ഇവിടെ നിന്നു കൈമാറിയതാണോയെന്ന് പരിശോധിക്കണം. പൗരത്വ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരേ കലാപത്തിന് ആഹ്വാനം ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട കേസില്‍ അറസ്റ്റിലായ അട്ടപ്പാടി സ്വദേശിയായ ആര്‍.എസ്.എസ്സുകാരന്‍ തോക്കുകളുമായി നില്‍ക്കുന്ന ഫോട്ടോകള്‍ ഫേസ്ബുക്കില്‍ പ്രചരിച്ചിരുന്നു.
ഇപ്പോള്‍ അറസ്റ്റിലായവര്‍ കഴിഞ്ഞ 12 വര്‍ഷമായി തോക്ക് നിര്‍മിച്ച് രാജ്യത്തുടനീളം വിതരണം ചെയ്തതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഈ തോക്കുകള്‍ കണ്ടെത്തുന്നതിന് ഇതരസംസ്ഥാനങ്ങളിലുള്‍പ്പെടെ സംഘപരിവാര കേന്ദ്രങ്ങളും സംഘപരിവാര പ്രവര്‍ത്തകരുടെ വീടുകളും സ്ഥാപനങ്ങളും റെയ്ഡു ചെയ്യാന്‍ സര്‍ക്കാരും പോലിസും ആര്‍ജ്ജവം കാണിക്കണം. പ്രതികളില്‍ നിന്നും റിവോള്‍വറുകള്‍, തോക്ക് നിര്‍മിക്കാനാവശ്യമായ സാമഗ്രികള്‍, വെടിയുണ്ടകള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. ഈ നിര്‍മാണ സാമഗ്രികള്‍ എവിടെ നിന്നാണ് ലഭിച്ചതെന്നും പ്രതികളുടെ അന്തര്‍ സംസ്ഥാന ബന്ധവും അന്വേഷിക്കണം. കൂടാതെ തോക്കുകള്‍ നിര്‍മിച്ചു നല്‍കി ഇവര്‍ സമ്പാദിച്ച കോടികളുടെ സാമ്പത്തിക നേട്ടം സംബന്ധിച്ചും സമഗ്രാന്വേഷണം നടത്തണം. എല്ലാ വിഭാഗം ജനങ്ങളും സാഹോദര്യത്തോടെ ജീവിക്കുന്ന കേരളത്തില്‍ വന്‍തോതില്‍ തോക്കുകള്‍ നിര്‍മിച്ച് വ്യാപകമായി വിതരണം ചെയ്തത് വന്‍ കലാപം ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമാണോ എന്ന് സംശയിക്കുന്നു. കേരളം ആര്‍.എസ്.എസ്സിന്റെ ഭീകരതാവളമായി മാറിയെന്നതിന്റെ ഏറ്റവും പുതിയ തെളിവാണിതെന്നും അജ്മല്‍ ഇസ്മായീല്‍ പറഞ്ഞു. നോട്ടീസ് പിടിക്കപ്പെട്ടാല്‍ പോലും കുറ്റാരോപിതരുടെ മതവും പേരും നോക്കി ഭീകരത നിര്‍ണയിക്കുന്ന പോലിസിന്റെയും പൊതുസമൂഹത്തിന്റെയും മൗനം അപകടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താസമ്മേളനത്തില്‍ എസ്.ഡി.പി.ഐ കോട്ടയം ജില്ലാ പ്രസിഡന്റ് യു നവാസ്, ജില്ലാ ജനറല്‍ സെക്രട്ടറി അല്‍ത്താഫ് ഹസ്സന്‍, മുഹമ്മദ് സാലി എന്നിവരും സംബന്ധിച്ചു.

Comments are closed.