1470-490

ഫെബ്രുവരി 27 ശേഷം കുവൈത്തിൽ എത്തിയവർക്കുള്ള നിർബന്ധിത കൊറോണ വൈറസ്‌ പരിശോധന ഇന്ത്യക്കാർക്ക്‌ ബാധകമെല്ലെന്ന് ഇന്ത്യൻ എംബസി

കുവൈത്ത്‌ സിറ്റി : ഫെബ്രുവരി 27 മുതൽ മാർച്ച്‌ 11 വരെ കുവൈത്തിൽ എത്തിയ 23 രാജ്യങ്ങളിൽ നിന്നുള്ളവർക്ക്‌ ഏർപ്പെടുത്തിയ നിർബന്ധിത കൊറോണ വൈറസ്‌ പരിശോധന ഇന്ത്യക്കാർക്ക്‌ ബാധകമല്ലെന്ന് ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നും വിവരം ലഭിച്ചതായി കുവൈത്തിൽ ഇന്ത്യൻ എംബസി വാർത്താകുറിപ്പിൽ വ്യക്തമാക്കി. എന്നാൽ ഇത്‌ സംബന്ധിച്ച്‌ ആരോഗ്യമന്ത്രാലയം എടുക്കുന്ന പുതിയ തീരുമാനങ്ങൾ പിന്തുടരണമെന്നും എബസിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വാർത്താകുറിപ്പിൽ അറിയിച്ചു. ഫെബ്രുവരി 27 മുതൽ മാർച്ച്‌ 11 വരെയുള്ള കാലയളവിൽ കുവൈത്തിൽ എത്തിയ ഇന്ത്യ അടക്കമുള്ള 23 രാജ്യങ്ങളിൽ നിന്നുള്ളവർക്ക്‌ കഴിഞ്ഞ ദിവസമാണ് കൊറോണ വൈറസ്‌ പരിശോധന നിർബന്ധമാക്കികൊണ്ട്‌ ആരോഗ്യമന്ത്രാലയം ഉത്തരവ്‌ പുറപ്പെടുവിച്ചത്‌.മുഷിരിഫിലെ ഇന്റർ നാഷനൽ ഫെയർ ഗ്രൗണ്ടിലെ 6 ആം നമ്പർ ഹാളിൽ നടക്കുന്ന പരിശോധന ഇന്ന് മുതലാണ് ആരംഭിച്ചത്‌. വിവിധ ഗവർണറേറ്റുകളിലേ താമസക്കാർക്ക്‌ പ്രത്യേകം ദിവസങ്ങളിലാണ് പരിശോധന സമയം ക്രമീകരിച്ചിരുന്നത്‌. മുൻ നിശ്ചയിച്ചത്‌ പ്രകാരം ഇന്ന് ജഹറ ഗവർണ്ണറേറ്റിലെ താമസക്കാർക്കാർക്കാണ് പരിശോധന. എന്നാൽ ഇന്നലെ രാത്രിയോടെ ഇന്നത്തെ പരിശോധന ജഹറ ഗവർണ്ണറേറ്റിലെ ഈജിപ്ത്‌ , ലബനോൺ , സിറിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക്‌ മാത്രമായി പരിമിതപ്പെടുത്തിയതായി അറിയിച്ച്‌ കൊണ്ട്‌ ആരോഗ്യമന്ത്രാലയം സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഇത്‌ അറിയാതെ ഇന്ത്യക്കാർ അടക്കമുള്ള വിവിധ രാജ്യക്കാർ ഇന്ന് ഇവിടെ പരിശോധനക്ക്‌ എത്തുകയും ചെയ്തിരുന്നു. ഇവരിൽ ചിലർക്ക്‌ പരിശോധന നടത്തുകയും പിന്നീട്‌ ഈജിപ്ത്‌ , സിറിയ , ലബനോൺ മുതലായ രാജ്യങ്ങളിൽ നിന്നുള്ളവരെ മാത്രം പരിശോധനക്ക്‌ വിധേയമാക്കുകയും ചെയ്തിരുന്നു. ഇന്ത്യക്കാർ അടക്കമുള്ള മറ്റുള്ള രാജ്യക്കാരെ തിരിച്ചയക്കുകയും ചെയ്തതോടെ ഇക്കാര്യത്തിൽ അവ്യക്തത നിലനിന്നിരുന്നു. എന്നാൽ ഇത്‌ സംബന്ധിച്ച്‌ ഇന്ത്യൻ എംബസി പുറപ്പെടുവിച്ച വാർത്ത കുറിപ്പിലാണ് നിർബന്ധിത പരിശോധനയിൽ നിന്നും ഇന്ത്യക്കാർ ഒഴിവാക്കപ്പെട്ടതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്‌.

Comments are closed.