1470-490

കുട്ടികളോട്… വടിയെടുക്കാതെ മന്ത്രി മാഷ്

വിദ്യാഭ്യാസ മന്ത്രി എഴുതുന്നു

വാർഷിക പരീക്ഷകൾ തുടങ്ങിക്കഴിഞ്ഞു. ഒരു അധ്യയന വർഷം കൂടി അവസാനിക്കുകയാണ്. പരീക്ഷകൾ കഴിഞ്ഞാൽ അവധിക്കാലമായി. ക്ലാസ് റൂം പഠനത്തിൽ നിന്നും കുറച്ചുകാലം മാറി നിൽക്കാം. അദ്ധ്യാപകരും കൂട്ടുകാരുമായുള്ള ദൈനംദിന സമ്പർക്കം തല്ക്കാലം അവസാനിക്കുകയാണ്. കൂടുതൽ സമയം വീട്ടിൽ മാതാപിതാക്കളോടൊപ്പമായിരിക്കും. കളിക്കാനും രസിക്കാനും ധാരാളം സമയം കിട്ടും. എന്നുകരുതി ഉദാസീനമായിരിക്കാന്‍ പാടില്ല. വ്യായാമവും നല്ല ഭക്ഷണവും നിത്യശീലമാക്കണം. ഒപ്പം കൊറോണ അടക്കമുള്ള പകർച്ചവ്യാധികളെ പ്രതിരോധിക്കത്തക്കവിധം ജീവിതം ചിട്ടപ്പെടുത്തണം. ഇഷ്ടവിനോദങ്ങളിലേർപ്പെടാം. വായന ഒട്ടും മുടക്കരുത്. പത്രവാർത്തകളും ശ്രദ്ധിക്കണം. വീടിനു ചുറ്റും മാലിന്യങ്ങൾ ഇല്ല എന്നുറപ്പ് വരുത്താനും ചെറിയ രീതിയിൽ അടുക്കളതോട്ടം നിർമ്മിച്ച് പരിപാലിക്കാനും ശ്രമിക്കുന്നത് നല്ലതാണ്. മാതാപിതാക്കൾ കുട്ടികളോടൊപ്പം ഭക്ഷണം കഴിക്കാനും യാത്രകൾ ചെയ്യാനും കൂടുതൽ സമയം ചെലവഴിക്കണം.

പത്താം ക്ലാസ്സിലും പന്ത്രണ്ടാം ക്ലാസ്സിലും പഠിക്കുന്ന കുട്ടികൾക്ക് ഭാവി പഠനത്തെ സംബന്ധിച്ച് കുറച്ചുകൂടി ഗൗരവപൂർവ്വം ആലോചിക്കേണ്ട സമയമാണ് ഇനി. തീരുമാനങ്ങൾ കുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കരുത്. നമുക്ക് നല്ല എഞ്ചിനീയർമാരും ഡോക്ടർമാരും മാത്രം പോരാ. നല്ല ഭരണാധികാരികളും നിയമജ്ഞരും ചിത്രകാരൻമാരും എഴുത്തുകാരും വേണം. കുട്ടികളുടെ താല്പര്യവും ഇഷ്ടവും എന്താണ് എന്നറിയണം. ജീവിതയാത്രകളിൽ അവരുടെ ഇഷ്ടങ്ങൾ പ്രധാനമാണ്. അവരുടെ ഇഷ്ടത്തിന് മുൻതൂക്കം കൊടുത്ത് പ്രായോഗികത കൂടി ഉൾക്കൊണ്ട് ആവശ്യമായ ഉപദേശ നിർദ്ദേശങ്ങൾ നല്കുക. ആവശ്യമാണെങ്കിൽ അദ്ധ്യാപകരുടേയും ബന്ധപ്പെട്ട മേഖലകളിൽ പരിചയ സമ്പന്നരായവരുടേയും അഭിപ്രായങ്ങൾ കൂടി തേടാവുന്നതാണ്. ഉപരിപഠനത്തിനുള്ള മേഖലകൾ തെരഞ്ഞെടുക്കേണ്ടത് ശ്രദ്ധാപൂർവ്വമായിരിക്കണം. തൊഴിൽ സുരക്ഷിതത്വം മാത്രമാകരുത് ലക്ഷ്യം. സമകാലിക ലോക സാഹചര്യത്തിൽ വിഷയത്തിന്റെ പ്രസക്തി, വിഷയത്തോടുള്ള മാനസികമായ അടുപ്പം, ആ മേഖലയിൽ നമുക്ക് നല്കുവാന്‍ കഴിയുമെന്ന് കരുതുന്ന സംഭാവനകളെക്കുറിച്ചുള്ള ധാരണ എന്നീ ഘടകങ്ങളെല്ലാം കണക്കിലെടുക്കണം. തീരുമാനമെടുത്തു കഴിഞ്ഞാൽ കുട്ടിയ്ക്കു ആവശ്യമായ പ്രോത്സാഹനവും പിന്തുണയും നല്കണം. കഴിവുള്ളവർക്ക് എല്ലാ മേഖലയിലും ഇടമുണ്ട്. അവസരങ്ങളും സാധ്യതകളും നമ്മളെ തേടി വരില്ല. വിദ്യാലയാന്തരീക്ഷം മെച്ചപ്പെടുത്താനും കുട്ടികളുടെ വ്യക്തിത്വവികാസത്തിനും ഉതകുന്ന പല കാര്യങ്ങളും ടീച്ചീങ്ങ് നോട്ട്സിൽ നമ്മൾ ചർച്ച ചെയ്തു. സ്കൂൾ തലത്തിലുള്ള അക്കാദമിക് മാസ്റ്റർപ്ലാന്‍, വിദ്യാർത്ഥി കേന്ദ്രീകൃത വ്യക്തിഗത അക്കാദമിക് മാസ്റ്റർപ്ലാന്‍ എന്നിവയെപ്പറ്റി നാം സംസാരിച്ചു കഴിഞ്ഞതാണ്. അതുപോലെ ഭാവിയിലെ പ്രവർത്തനമേഖലകളെ കുറിച്ചും വ്യക്തമായ മാസ്റ്റർപ്ലാൻ നമ്മൾ രൂപപ്പെടുത്തണം. ലക്ഷ്യബോധമുണ്ടായിരിക്കുകയാണ് പ്രധാനം. വഴികൾ നാം കണ്ടെത്തണം. കണ്ടെത്തിയ പാതയിലൂടെ ആത്മവിശ്വാസത്തോടെ സഞ്ചരിക്കുക. പ്രതിസന്ധികളിൽ പതറാതെ മുന്നോട്ടു പോകുക. ലക്ഷ്യം സാക്ഷാത്കരിക്കുക തന്നെ ചെയ്യും. വിജയകരമായ ഭാവി ജീവിതത്തിനു എല്ലാ ആശംസകളും നേരുന്നു.

Comments are closed.