കോവിഡ് – 19 വളാഞ്ചേരി നഗരസഭ കൗൺസിൽ യോഗം ചേർന്നു.പ്രതിരോധ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

വളാഞ്ചേരി: കൊറോണ വൈറസ് ജാഗ്രതയുടെ ഭാഗമായി നഗരസഭ ചെയർപേഴ്സൺ സി.കെ.റുഫീനയുടെ അദ്ധ്യക്ഷതയിൽ വളാഞ്ചേരി നഗരസഭയിൽ അടിയന്തിര യോഗം ചേർന്ന് പ്രതിരോധ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കോവിഡ് ബാധിത പ്രദേശങ്ങളിൽ നിന്നും വന്നവരെ നിരീക്ഷിക്കണമെന്ന സർക്കാർ നിർദ്ദേശത്തിന്റെ ഭാഗമായി നഗരസഭ പരിധിയിലുള്ള പതിമൂന്ന് പേർ വീടുകളിൽ നിരീക്ഷണത്തിൽ ഉണ്ടെന്നും ഇവർക്ക് ജലദോഷവും പനിയും ഉള്ളതിനാലും കൊറോണ ബാധിത പ്രദേശങ്ങളിൽ നിന്ന് എത്തിയവരായതിനാലുമാണ് ഇവർ വീടുകളിൽ നിരീക്ഷണത്തിലുള്ളത്. രക്തസാമ്പിൾ പരിശോധനക്കായി ഇവരെ തിരൂർ ജില്ലാആസ്പത്രിയിലേക്കയച്ചെങ്കിലും ഗുരുതരായി ഒന്നും ഇല്ലാത്തതിനാൽ തിരിച്ചയക്കുകയായിരുന്നു. കൊറോണ ബാധിത പ്രദേശങ്ങളിൽ നിന്നും വരുന്നവരും രോഗ ലക്ഷണങ്ങൾ ഉള്ളവരും പ്രാഥമിക ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണമെന്നും ഇതിനായി ആശാ പ്രവർത്തകർ, അംഗൻവാടി ജീവനക്കാർ, മറ്റു പൊതുപ്രവർത്തകർ എന്നിവർക്ക് നിർദ്ദേശം നൽകുന്നതിനും കൊറോണ ബാധിത പ്രദേശത്ത് നിന്ന് വരുന്നവർ നിർബന്ധമായും 28 ദിവസം വീടുകളിൽ വിശ്രമിക്കേണ്ടതാണെന്നും നിർദ്ദേശം നൽകാനും തിരുമാനിച്ചു. വോട്ടേഴ്സ് ലിസ്റ്റ് പുതുക്കുന്നതിന്റെ ഭാഗമായി നടക്കുന്ന ഹിയറിംഗിന് കൂടുതൽ ആളുകൾ പങ്കെടുക്കുന്നത് കൊണ്ട് ആയത് താൽക്കാലികമായി നിർത്തിവെക്കാൻ മേലധികാരികൾക്ക് നിവേദനം നൽകുമെന്നും എല്ലാ പൊതുപരിപാടികളും നിർത്തി വെക്കുവാനും എല്ലാ വാർഡുകളിലും അടിയന്തിരമായി വാർഡ് സാനിറ്റേഷൻ കമ്മിറ്റികൾ ചേരുവാനും, ആരോഗ്യ സമിതിയുടെ കീഴിൽ ആരോഗ്യ സേന എല്ലാ വീടുകളിലും സന്ദർശിച്ച് ബോധവൽക്കരണ നോട്ടീസ് നല്കാനും, കല്യാണം, മത സ്ഥാപനങ്ങൾ-സംഘടനകൾ നടത്തുന്ന പരിപാടികൾ, ഉത്സവങ്ങൾ എന്നിവയെല്ലാം ആൾക്കൂട്ടങ്ങൾ പരമാവതി കുറച്ചു ചെറിയ ചടങ്ങുകളാക്കി നടത്തുന്നതിനും, അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിലും മറ്റും ആവശ്യമായ ജാഗ്രത നിർദ്ദേശം നൽകുന്നതിനും തീരുമാനിച്ചു.പ്രതിരോധ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി 13 – 3 – 2020 വെള്ളിയാഴ്ച നഗരസഭ പരിധിയിൽ മൈക്ക് അനൗൺസ്മെന്റ് നടത്തും. സ്വകാര്യ ഹോസ്പിറ്റൽ മറ്റു ക്ലിനിക്കുകൾ എന്നിവിടങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതൽ പ്രവർത്തനങ്ങൾ അറിയിക്കുന്നതിനും തീരുമാനിച്ചു. അലോപ്പതി, ആയുർവ്വേദ, ഹോമിയോ ആശുപത്രികൾക്ക് മാസ്ക്ക്, സാനിറ്റൈസർ എന്നിവ വാങ്ങി നൽകുന്നതിനും തീരുമാനിച്ചു. പള്ളികളിൽ ശരീര ശുദ്ധിക്കായി ഹൗളുകൾക്ക് പകരം ടാപ്പുകൾ ഉപയോഗിക്കുന്നതിനും ജുമുഅ സമയം കുറക്കുന്നതിനും ഖുതുബയിൽ പ്രതിരോധ പ്രവർത്തനങ്ങൾ വിവരിച്ച് കൊടുക്കുന്നതിനും പള്ളിക്കമ്മിറ്റികൾക്ക് നിർദ്ദേശം നൽകും. ഗവൺമെന്റ് ആശുപത്രികൾ, ഗവൺമെന്റ് സ്ഥാപനങ്ങൾ ,ബസ് സ്റ്റാന്റ് എന്നിവിടങ്ങളിൽ കൊറോണ പ്രതിരോധ ബോധവൽക്കരണ ബോർഡുകൾ സ്ഥാപിക്കും.കോവിഡ് ബാധിത രാജ്യങ്ങളിൽ നിന്നും അടുത്തിടെ നാട്ടിൽ എത്തിയവർ സമൂഹത്തിനിടയിൽ നടക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ ആരോഗ്യ വകുപ്പിനെ അറിയിക്കേണ്ടതാണെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.നഗരസഭ സെക്രട്ടറി എസ്.സുനിൽകുമാർ, വൈസ് ചെയർമാൻ കെ.എം.ഉണ്ണിക്കൃഷ്ണൻ, മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാൻ സി.അബ്ദുൽ നാസർ, ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാൻ സി.രാമകൃഷ്ണൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ഫാത്തിമക്കുട്ടി, കൗൺസിലർമാരായ ടി.പി.അബ്ദുൽ ഗഫൂർ, മൂർക്കത്ത് മുസ്തഫ, ഹെൽത്ത് ഇൻസ്പെക്ടർ എൻ.എൻ.ബഷീർ പ്രസംഗിച്ചു.
Comments are closed.