1470-490

കോവിഡ് 19: പെരിഞ്ഞനം പഞ്ചായത്തിൽ വാർഡ് തല ശുചിത്വ കമ്മിറ്റികൾ അടിയന്തരമായി ചേരും

സംസ്ഥാനത്ത് കോവിഡ് 19 വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പെരിഞ്ഞനം പഞ്ചായത്തിൽ വാർഡ് തല ശുചിത്വ കമ്മറ്റികൾ അടിയന്തരമായി വിളിച്ചു കൂട്ടുന്നു. പഞ്ചായത്ത് മീറ്റിങ് ഹാളിൽ വിളിച്ചു ചേർത്ത ജാഗ്രത കമ്മിറ്റി യോഗത്തിലാണ് തീരുമാനം. കോവിഡ് 19 ജാഗ്രതാ നിർദ്ദേശങ്ങൾ പൊതുജനങ്ങൾക്ക് നോട്ടീസ് അച്ചടിച്ച് വിതരണം ചെയ്യുകയും മൈക്ക് അനൗൺസ്മെന്റ് നടത്തുകയും ബോർഡുകൾ പ്രധാന സ്ഥലങ്ങളിൽ സ്ഥാപിക്കുകയും ചെയ്യും. വൈറസ് ജാഗ്രത പ്രവർത്തനങ്ങൾ പഞ്ചായത്തിൽ നടപ്പിലാക്കുന്നതിന് ആവശ്യമായ സാധനങ്ങൾ അടിയന്തരമായി വാങ്ങും. ബസ് സ്റ്റോപ്പുകളിൽ ഹാൻഡ് സാനിറ്ററൈസർ സ്ഥാപിക്കും. നിർദ്ദേശങ്ങൾ സ്മാർട്ട് പെരിഞ്ഞനം മൊബൈൽ ആപ്പ് മുഖേനയും സന്നദ്ധസംഘടനകളുടെ സഹായത്തോടെ സാമൂഹ്യ മാധ്യമങ്ങൾ വഴിയും പൊതുജനങ്ങളിൽ എത്തിക്കാനും യോഗം തീരുമാനിച്ചു. പഞ്ചായത്തിൽ അടുത്തദിവസങ്ങളിൽ വിദേശത്തുനിന്ന് വരുന്നവരോട് ഹെൽത്ത് സെന്ററിൽ റിപ്പോർട്ട് ചെയ്യുന്നതിനുള്ള നിർദേശം നൽകും. ഉത്സവങ്ങൾ, കല്യാണങ്ങൾ തുടങ്ങി ആളുകൾ കൂടുന്ന പൊതുചടങ്ങുകൾ ആഘോഷങ്ങൾ പരമാവധി കുറച്ച് ചടങ്ങ് മാത്രമാക്കി നടത്തുന്നതിന് നിർദ്ദേശം നൽകാനും തീരുമാനിച്ചു.പഞ്ചായത്ത് പ്രസിഡന്റ് കെ കെ സച്ചിത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പെരിഞ്ഞനം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ സൂപ്രണ്ട് ഡോ സാനു എം പി, വെറ്ററിനറി സർജൻ ഡോ സാജു ജോർജ്, ആയുർവേദ ഡോക്ടർ എഡിസൺ, ഹോമിയോ ഡോക്ടർ ഷബീന, പഞ്ചായത്ത് അംഗങ്ങൾ, വാർഡു തല ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ, പഞ്ചായത്ത് സെക്രട്ടറി സുജാത, അസിസ്റ്റന്റ് സെക്രട്ടറി സിന്ധു കെ ആർ എന്നിവർ പങ്കെടുത്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുധീർ പി എ ചെയർമാനായും മെഡിക്കൽ ഓഫീസർ, ഐസിഡിഎസ് സൂപ്പർവൈസർ, വെറ്ററിനറി സർജൻ, ആശാവർക്കർമാർ എന്നിവർ അംഗങ്ങളായി പഞ്ചായത്ത് തല കോഡിനേഷൻ കമ്മിറ്റിയും രൂപീകരിച്ചു.

Comments are closed.