1470-490

ചെട്ടിപ്പടി നെടുവ സി.എച്ച്.സി യിൽ ദുരവസ്ഥയിൽ വ്യാപക പ്രതിഷേധം.

പരപ്പനങ്ങാടി: ചെട്ടിപ്പടി നെടുവ സി.എച്ച്.സി യിൽ ദുരവസ്ഥയിൽ വ്യാപക പ്രതിഷേധം. 9 ഡോക്ടർമാരെ സർക്കാർ നിയോഗിച്ചിട്ടുണ്ടെങ്കിലും സ്ഥിരമായി 4 ഡോക്ടർമാരാണ് സേവനത്തിനെത്തുന്നത്. ബാക്കി ഡോക്ടർമാർ പുറത്ത് ഡ്യൂട്ടിയിലാണെന്നും, ലീവാണെന്നുമൊക്കെയാണ് മെഡിക്കൽ ഓഫീസർ പറയുന്നത്. ഇവിടെ ഡോക്ടർമാർ എഴുതുന്ന മരുന്നുകളൊക്കെ പുറമെ നിന്നു വാങ്ങിക്കേണ്ട ഗതികേടിലാണ് രോഗികൾ.ഫാർമസിയിൽ ഒരാളുടെ സേവനം മാത്രമാണ് ലഭ്യമാകുന്നത്. ഇത് കൊണ്ട് തന്നെ ഫാർമസിക്കു മുൻപിൽ രോഗികളുടെ നീണ്ട നിര മണിക്കൂറുകളോളം കാണപ്പെടുന്നു.നഗരസഭ രണ്ട് പേരെ ഫാർമസിയിലേക്ക് നിയോഗിച്ചിട്ട് പതിനഞ്ച് ദിവസമായി എന്ന് പറയുന്നുണ്ടെങ്കിലും ആരും ഇതു വരെ ഫാർമസിയിൽ ജോലിക്കായി എത്തിയിട്ടില്ലാ എന്ന് നാട്ടുകാർ പരാതിപ്പെടുന്നു. തീരദേശ നിവാസികളടക്കമുള്ള നൂറുക്കണക്കിന് രോഗികൾ ആശ്രയിക്കുന്ന ഈ ആതുരാലയത്തിന്റെ ദുരവസ്ഥ ഏറെ പരിതാപകരമാണ്. സർക്കാറും, നഗരസഭയും അനങ്ങാപ്പാറ നയം സ്വീകരിച്ചു ഇനിയും മുന്നോട്ട് പോകുകയാണെങ്കിൽ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങയാണ് നാട്ടുകാർ.ഫാർമസിയിൽ ജീവനക്കാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ പ്രതിപക്ഷ നേതാവ്‌ ദേവൻ ആലുങ്ങലിന്റെ നേതൃത്വത്തിൽ കൗൺസിലർമാർ പ്രതിഷേധ പ്രകടനം നടത്തി. വിഷയത്തിൽ മെഡിക്കൽ ഓഫീസർ മുൻകൈ എടുത്ത് തക്കതായ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പരപ്പനങ്ങാടി ഡവലപ്മെന്റ് ഫോറം (പി.ഡി.എഫ്) ഭാരവാഹികൾ ടി.അബ്ദുൽ റഹീം, റഹീം കുണ്ടൂർ, ഉമ്മർ പുത്തരിക്കൽ എന്നിവരുടെ നേതൃത്വത്തിൽ മെഡിക്കൽ ഓഫീസറെ തടഞ്ഞു. ഒരാഴ്ചക്കകം വിഷയം പരിഹരിക്കുമെന്ന ഉറപ്പിൽ സമരപരിപാടി അവസാനിപ്പിച്ചു.

Comments are closed.