1470-490

കുവൈത്തിൽ താമസനിയമ ലംഘകർക്കെതിരെയുള്ള സുരക്ഷാ പരിശോധന അനിശ്ചിതകാലത്തേക്ക്‌ നിർത്തി വെച്ചു.

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ താമസനിയമ ലംഘകർക്കെതിരെയുള്ള സുരക്ഷാ പരിശോധന അനിശ്ചിതകാലത്തേക്ക്‌ നിർത്തി വെച്ചു. രാജ്യത്ത്‌ കൊറോണ വൈറസ്‌ വ്യാപിച്ചതിനെ തുടർന്ന് വിവിധരാജ്യങ്ങളിലേക്കുള്ള വിമാന സർവ്വീസ്‌ നിർത്തിവെച്ച സാഹചര്യത്തിലാണു നടപടി .ഇ രാജ്യത്തെ 6 ഗവർണ്ണറേറ്റുകളിലുമുള്ള സുരക്ഷാ വിഭാഗം മേധാവികൾക്ക്‌ വാക്കാൽ നിർദ്ദേശം ലഭിച്ചതായി മന്ത്രാലയവൃത്തങ്ങളെ ഉദ്ധരിച്ച്‌ പ്രാദേശിക അറബ്‌ ദിനപത്രം റിപ്പോർട്ട്‌ ചെയ്തു.വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന സർവ്വീസ്‌ നിർത്തിവെച്ചതോടെ  താമസ നിയമലംഘകരെ പാർപ്പിക്കുന്നതിനു ജയിലുകളിൽ സ്ഥലപരിമിതി നേരിടുന്നു. മാത്രവുമല്ല പിടിയിലാകുന്നവരെ 48 മണിക്കൂറിൽ അധികം സമയം  പോലീസ്‌ സ്റ്റേഷനുകളിലെ ലോക്കപ്പിൽ താമസിപ്പിക്കുന്നതിനു നിയമപരമായ തടസ്സങ്ങളുമുണ്ട്‌. തടവുകാരുടെ ബാഹുല്യം മൂലം  ഉണ്ടായേക്കാവുന്ന പകർച്ച വ്യാധികളുടെ വ്യാപനവും അധികൃതർ ഭയക്കുന്നു. ഇക്കാര്യങ്ങൾ മുൻ നിർത്തിയാണു താമസ നിയമ ലംഘകർക്കെതിരെയുള്ള പരിശോധന നിർത്തിവെക്കാൻ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്‌.നിലവിൽ രാജ്യത്ത്‌ ഒരു ലക്ഷത്തി ഇരുപതിനായിരത്തോളം താമസ നിയമലംഘകർ കഴിയുന്നതായാണു കണക്ക്‌. ഇവരെ പിടി കൂടി നാടു കടത്തുന്നതിനു വേണ്ടി ആഭ്യന്തര മന്ത്രാലയം പ്രത്യേക പരിശോധന നടത്തിവരികയായിരുന്നു. ഇതിനു പുറമേ അബ്ബാസിയ ശുചീകരണ ദൗത്യം എന്ന പേരിൽ ആരംഭിച്ച പ്രചാരണ പ്രവർത്തനങ്ങൾ  താമസ നിയമലംഘകരെ പിടികൂടുന്നത്‌  ലക്ഷ്യമിട്ട്‌ കൊണ്ട്‌ കൂടിയായാണു നടത്തി വന്നിരുന്നത്‌.

Comments are closed.