1470-490

ഗുരുവായൂരപ്പൻ സ്വർണ്ണക്കോലത്തിലെഴുന്നള്ളി

ഗുരുവായൂർ: ഉത്സവം ആറാം ദിവസമായ ബുധനാഴ്ച്ച ഗുരുവായൂരപ്പൻ സ്വർണ്ണക്കോലത്തിലെഴുന്നള്ളി.  ഉച്ചകഴിഞ്ഞുള്ള കാഴ്ചശീവേലിയുടെ നാലാമത്തെ പ്രദക്ഷിണത്തിലാണ് സ്വർണക്കോലം എഴുന്നെള്ളിച്ചത്. മേളത്തിന്റെ അകമ്പടിയിൽ നടന്ന എഴുന്നള്ളിപ്പിൽ ദേവസ്വം ആനത്തറവാട്ടിലെ കൊമ്പൻ വലിയ കേശവൻ സ്വർണ്ണകോലമേറ്റി. ശ്രീധരനും ജൂനിയർ മാധവനും പറ്റാനകളായി. ഉൽസവം കഴിയുന്നതുവരെ ഇനിയുള്ള ദിവസങ്ങളിൽ കാഴ്ചശീവേലിക്കും പള്ളിവേട്ട, ആറാട്ട് ദിവസങ്ങളിൽ ഗ്രാമപ്രദക്ഷിണത്തിനും സ്വർണക്കോലം എഴുന്നെള്ളിക്കും. ക്ഷേത്രത്തിലെ വിശേഷ ദിവസങ്ങളായ ഉത്സവം, അഷ്ടമിരോഹിണി, ഏകാദശി എന്നീ വിശേഷ ദിവസങ്ങളിൽ മാത്രമാണ് സ്വർണ്ണക്കോലം എഴുന്നള്ളിക്കുക പതിവ്. പത്ത് കിലോഗ്രാം സ്വർണ്ണം ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന കോലത്തിൽ നടുവിലായി മുരളി ഊതി നിൽക്കുന്ന ഉണ്ണികൃഷ്ണനും, ചുറ്റുഭാഗത്തായി വീരശൃംഗലയും, തുറന്ന ഭാഗത്ത് മരതകപ്പച്ചയും, സ്വർണ്ണപ്പൂക്കളും പതിപ്പിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങൾക്ക് മാറ്റുക്കൂട്ടുന്നതാണ് സ്വർണ്ണക്കോലമെഴുന്നള്ളത്ത്.
>    ഗുരുവായൂർ ഉൽസവത്തിലെ പ്രധാന താന്ത്രിക ചടങ്ങായ ഉൽസവബലി വെള്ളിയാഴ്ച്ച നടക്കും. പാണികൊട്ടി ഭഗവാന്റെ ഭൂതഗണങ്ങളെ വരുത്തി ബലികൊടുത്ത് തൃപ്തരാക്കുന്നു എന്ന സങ്കൽപ്പത്തിലാണ് ഉൽസവബലി. രാവിലെ പന്തീരടി പൂജക്കുശേഷം ചടങ്ങ് തുടങ്ങും. സങ്കീർണമായ താന്ത്രിക ചടങ്ങുകളുള്ള ഉൽസവ ബലി ക്ഷേത്രം തന്ത്രിയാണ് നിർവഹിക്കുക. കീഴ്ശാന്തിമാരും കഴകക്കാരും മാരാർമാരും പങ്കാളികളാകും.

Comments are closed.