1470-490

ഇറ്റലിയിൽ കുടുങ്ങിയവരിൽ മാളയിലും പരിസരങ്ങളിലുമായുള്ള കുടുംബങ്ങളിലെ 14 പേർ.

മാളഃ(തൃശ്ശൂർ) ഇറ്റലിയിൽ കുടുങ്ങിയവരിൽ മാളയിലും പരിസരങ്ങളിലുമായുള്ള കുടുംബങ്ങളിലെ 14 പേർ. ഇറ്റലിയിലെ എയർപോർട്ടിൽ കുടുങ്ങിയിരിക്കുന്ന മലയാളികളിൽ മാള നെയ്തക്കുടി കടിച്ചീനി ഫ്രാൻസീസിൻ്റെ മകൻ ഫിജോയും ഭാര്യയും രണ്ട് മാസം പ്രായമായ കുഞ്ഞുമുണ്ട്. ഇവരെക്കൂടാതെ പുത്തൻവേലിക്കര സ്വദേശികളായ അഞ്ച് പേരും അങ്കമാലി സ്വദേശികളായ ആറ് പേരുമുണ്ട്. മലയാളികളടക്കം 40 ഓളം പേരാണ് തിരികെ വീടുകളിലേക്ക് പോകാനോ ഇന്ത്യയിലേക്ക് വരാനോ ആകാതെ 12 മണിക്കൂറും അതിലേറെയും വരെ എയർപോർട്ടിൽ കുടുങ്ങിയിരിക്കുന്നത്. സർക്കാരിൻ്റെ ദയയും നാട്ടുകാരുടെ പ്രാർത്ഥനാ സഹായവും അഭ്യർത്ഥിക്കുകയാണിവർ. കേന്ദ്ര സർക്കാരിൻ്റെ കനിവ് കാത്ത് കഴിയുന്ന ഇവരടക്കമുള്ളവർ വളരെയേറെ ദുരിതമാണ് അനുഭവിക്കേണ്ടി വരുന്നത്. ഇറ്റലിയിലെ ഫിൻജൻ എയർപോർട്ടിൽ ചെക്ക് ഇൻ ചെയ്ത ശേഷമാണ് കോറോണയില്ലെന്ന സർട്ടിഫിക്കറ്റുമായി വരുന്നവരെ മാത്രം ഇങ്ങോട്ടേക്കയക്കാനാകൂ എന്ന മെയിൽ ഇന്ത്യയിൽ നിന്നുമുള്ളതായി മലയാളി യാത്രക്കാരടക്കം അറിയുന്നത്. ഭക്ഷണത്തിന് വരെ വളരെയേറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണിവർ. എയർപോർട്ടിലുള്ള വെൻ്റിംഗ് മെഷീനിൽ നിന്നും ഒരു ചെറിയ കുപ്പി വെള്ളവും ചെറിയൊരു ചോക്ലേറ്റും മാത്രമാണ് ലഭിക്കുന്നത്. പുറത്ത് കടകളിൽ നിന്നും രാവിലെ ആറ് മുതൽ വൈകീട്ട് ആറുമണി വരെയാണ് എന്തെങ്കിലും ലഭിക്കുക. എല്ലാവർക്കും പോകാനാകാത്തതിനാലും മറ്റും വാങ്ങുന്ന ഭക്ഷണം ഇവർ പങ്കിട്ട് കഴിക്കുകയാണ്. ചെറിയ കുട്ടികളും ഗർഭിണികളും അടക്കമുള്ളവർ ഇനിയെന്ത് ചെയ്യുമെന്ന ആശങ്കയിലാണ്. രോഗബാധിതരാണെന്ന ധാരണയാൽ ഇവർക്ക് തിരികെ വീടുകളിലേക്ക് പോകാനുമാകില്ല. ലോകത്തെ ഭീതിയിലാഴ്ത്തിയ കോവിഡ് 19 ഇറ്റലിയിൽ വ്യാപിച്ചുവരവെ നാടുകളിലേക്ക് എത്താമെന്ന ആഗ്രഹത്തിനാണ് കേന്ദ്ര സർക്കാർ നിലപാട് വിലങ്ങ് തടിയാകുന്നത്. കുട്ടികളും ഗർഭിണികളുമടക്കമുള്ളവർ ഈയവസ്ഥയിൽ ഇറ്റലിയിൽ കഴിയുന്നത് സുരക്ഷിതമല്ലെന്ന ചിന്തയും മൂലമാണ് തിരികെ നാട്ടിലേക്കെത്താനിവർ ടിക്കറ്റെടുത്തത്. കേരള മുഖ്യമന്ത്രി തങ്ങളുടെ പ്രശ്നത്തിലിടപെട്ടിട്ടുണ്ടെന്നത് ആശ്വാസം പകരുന്നുണ്ടെങ്കിലും കേന്ദ്ര സർക്കാരും അനുകൂല നിലപാട് സ്വീകരിക്കണമെന്ന ആവശ്യമാണ് ഇവർ ആവശ്യപ്പെടുന്നത്.

Comments are closed.