1470-490

കൊറോണ വ്യാജ വാർത്ത: 24 ന്യൂസിനെതിരെ കേസ്

തെറ്റായ വാർത്ത നൽകി ആരോഗ്യ വകുപ്പിനെ
അപകീർത്തിപ്പെടുത്തിയതിനെതിരെ നിയമനടപടി: ജില്ലാ കളക്ടർ
കോവിഡ്-19 വൈറസ് ബാധ പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ വാർത്ത നൽകി ആരോഗ്യ വകുപ്പിനെയും വകുപ്പ് ഉദ്യോഗസ്ഥരേയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ മാധ്യമങ്ങളിൽ പരാമർശം നടത്തിയ ഡോ. ഷിനു ശ്യാമളനും മാർച്ച് ഒമ്പതിന് ‘ശ്രീകണ്ഠൻ നായർ ഷോ’ സംപ്രേഷണം ചെയ്ത 24X7 ന്യൂസ് ചാനലിനും എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. ഇതുസംബന്ധിച്ച് തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി. കോവിഡ്-19 വൈറസ് ബാധയ്‌ക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ എല്ലാ വകുപ്പുകളും കൈയും മെയും മറന്ന് പങ്കാളികളാവുന്ന സാഹചര്യത്തിൽ മനഃപൂർവം ജനങ്ങളിൽ തെറ്റിദ്ധാരണ പരത്താനാണ് പ്രസ്തുത ഷോയിലൂടെ ശ്രമം നടന്നതെന്ന് ഡി.എം.ഒ ചൂണ്ടിക്കാട്ടി.
ഡോ. ഷിനു ശ്യാമളന്റെ ചികിത്സ തേടിയെത്തിയ ആൾ 2020 ജനുവരി 31നാണ് തൃശൂരിൽ എത്തിയത്. ഇതുപ്രകാരം കോവിഡ്-19 വൈറസ് ബാധയുടെ ഇൻക്യുബേഷൻ കാലാവധി ഫെബ്രുവരി 14ന് അവസാനിക്കും. എന്നാൽ, കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽനിന്ന് വരുന്ന ആളുകൾക്ക് 28 ദിവസം ആണ് നിർബന്ധിത മാറ്റിനിർത്തൽ (ക്വാറൻൈറൻ) കാലാവധി. ഇദ്ദേഹത്തിന്റെ കാര്യത്തിൽ ആ കാലാവധിയും കഴിഞ്ഞിട്ട് വീണ്ടും 10 ദിവസം പിന്നിട്ടു. പനി ഏതൊരു രോഗത്തിന്റെയും ലക്ഷണം മാത്രമാണ്. ഇത് തിരിച്ചറിയേണ്ടത് ചികിത്സിക്കുന്ന ഡോക്ടറാണ്. എന്നാൽ ഡോ. ഷിനു ശ്യാമളൻ ഈ സംഭവത്തിൽ ജാഗ്രത കാണിച്ചില്ലെന്ന് ഡി.എം.ഒ വ്യക്തമാക്കി. പകരം വിദേശത്തുനിന്ന് വന്നയാൾ എന്ന നിലയിൽ കോവിഡ്-19 ആണെന്ന തെറ്റായ നിഗമനത്തിലെത്തി.
പനിയായി വന്നയാൾ തിരിച്ച് വിദേശത്ത് എത്തി അവിടെ 14 ദിവസത്തേക്ക് ചികിത്സയിലാണ് എന്ന് പറയുന്നത് ഡോ. ഷിനു ശ്യാമളന് നിലവിൽ കോവിഡ്-19 നിയന്ത്രണത്തിന് ഓരോ രാജ്യങ്ങളും എടുത്തുവരുന്ന നടപടികൾ അറിയാത്തതുകൊണ്ടാണ്. ഖത്തറിൽ ഇപ്പോൾ പുറത്തുനിന്നുവരുന്ന എല്ലാവർക്കും 14 ദിവസം നിർബന്ധിത ക്വാറൻൈറൻ ഉറപ്പാക്കുന്നുണ്ട്. അല്ലാതെ കോവിഡ്-19 ആയതുകൊണ്ടല്ല അവിടെ ആശുപത്രിയിൽ ആക്കിയിരിക്കുന്നത്. ഡോക്ടറായാലും മറ്റ് ആരോഗ്യ പ്രവർത്തകരായാലും നിർബന്ധമായും സാർവത്രികമായ മുൻകരുതൽ എടുത്തിരിക്കണം. ഒരു രോഗിയെ കണ്ടയുടൻ സ്വന്തം കുട്ടിയെ കാണാതെ മാറിനിൽക്കേണ്ടി വരുന്നുവെന്നത് ഡോ. ഷിനുവിന്റെ കാര്യത്തിൽ അറിവില്ലായ്മയും വീഴ്ചയും ആണ്.
ഡോ. ഷിനു ശ്യാമളൻ അറിയിച്ചതിനെ തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദേശപ്രകാരം ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അന്വേഷിച്ച് ചികിത്സ തേടിയ ആളെ കണ്ടെത്തിയിരുന്നു. ഈ വിവരം ഡോക്ടർ ഷിനുവിനേയും അറിയിച്ചിരുന്നു.
യാഥാർഥ്യം ഇതായിരിക്കേ ഡോ. ഷിനു ശ്യാമളൻ പറഞ്ഞ തെറ്റായ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ 24X7 ന്യൂസ് ചാനലിലെ അവതാരകൻ ശ്രീകണ്ഠൻ നായരും ഡോ. ഷിനു ശ്യാമളൻ നേരിട്ടും ആരോഗ്യ വകുപ്പിനെയും ഉദ്യോഗസ്ഥരേയും കുറിച്ച് പൊതുജനമധ്യത്തിൽ അവമതിപ്പുണ്ടാക്കിയ പ്രസ്താവനകൾ ചാനലിൽ നടത്തിയതായി ഡി.എം.ഒ റിപ്പോർട്ടിൽ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടർ നിയമനടപടിക്ക് ഉത്തരവിട്ടത്.

Comments are closed.