1470-490

വെങ്കിടങ്ങ് നെഹ്രു പാർക്ക് നിർമ്മാണോദ്‌ഘാടനം നടത്തി

വെങ്കിടങ്ങ് ഏനാമാക്കൽ റെഗുലേറ്ററിന് സമീപമുള്ള നെഹ്രു പാർക്ക് നിർമ്മാണോദ്‌ഘാടനം മുരളി പെരുനെല്ലി എം.എൽ.എ. നിർവ്വഹിച്ചു.
പുനർനിർമ്മാണ പ്രവർത്തനങ്ങൾ നിലച്ചുപോയ നെഹ്രു പാർക്ക് സൗന്ദര്യവൽക്കരിക്കുന്നതിനും കൂടുതൽ വിനോദോപാധികൾ സജ്ജീകരിക്കുന്നതിനുമായി സംസ്ഥാന വിനോദ സഞ്ചാര വകുപ്പിൽ നിന്നും 98 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. മുടങ്ങിക്കിടക്കുന്ന പ്രവർത്തനങ്ങൾ പൂർത്തീകരിച്ച്‌ കോൾനിലങ്ങളും കായലും ഒത്തുചേരുന്ന ഏനാമാക്കലിൻ്റെ ടൂറിസം സാധ്യതകൾ മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പദ്ധതിയുടെ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനത്തിൽ 25.27 ലക്ഷം രൂപ ചിലവഴിച്ച്‌ 21 മീറ്റർ നീളത്തിൽ മുൻഭാഗത്ത് ചുറ്റുമതിൽ നിർമ്മാണം, പടിപ്പുര, കഫ്‌റ്റീരിയ, പവലിയൻ എന്നിവയുടെ പൂർത്തീകരണം, വാച്ച്മെൻ കാബിൻ, ടിക്കറ്റ് കൗണ്ടർ എന്നിവയുടെ നിർമ്മാണം എന്നിവ നടത്തും. 21.98 ലക്ഷം രൂപ ചിലവഴിച്ച് ക്ലോക്ക് റൂമിൻ്റെ അറ്റകുറ്റപ്പണികൾ, ഭിന്നശേഷിക്കാർക്കായുള്ള ടോയ്ലറ്റ് നിർമ്മാണം, നടപ്പാത, സോളാർ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കൽ, ലാൻ്റ് സ്കേപ്പിംഗ്, സൈൻ ബോർഡുകൾ സ്ഥാപിക്കൽ, വാട്ടർ പ്യൂരിഫയർ, ഫയർ എക്സ്റ്ററിംഗ്വിഷർ എന്നിവയും ഉൾപ്പെടുത്തുന്നുണ്ട്. ഇത് കൂടാതെ 16.62 ലക്ഷം രൂപ വകയിരുത്തി കുട്ടികൾക്ക് പാർക്കിലേക്കുള്ള കളിയുപകരണങ്ങൾ സ്ഥാപിക്കും.
11.77 ലക്ഷം രൂപ വകയിരുത്തി 389 ചതുരശ്ര അടി വിസ്തീർണത്തിൽ പുതിയ ടോയ്ലറ്റ് ബ്ലോക്കും നിർമ്മിക്കുന്നുണ്ട്. തൃശൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ മുഖാന്തരം നടപ്പാക്കുന്ന പദ്ധതിയുടെ പ്രവർത്തന നിർവ്വഹിക്കുന്നത് ജില്ലാ നിർമ്മിതികേന്ദ്രമാണ്.
ചടങ്ങിൽ വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി കെ പത്മിനി അധ്യക്ഷത വഹിച്ചു.  മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലതി വേണുഗോപാൽ മുഖ്യാതിഥിയായി. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ഡോ. കവിത റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെന്നി ജോസഫ്,  സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ മേരി പ്രിൻസ്, ജിഷാ പ്രമോദ്, രത്നവല്ലി സുരേന്ദ്രൻ, കെ.വി.വേലുക്കുട്ടി എന്നിവർ സംസാരിച്ചു.
വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.വി. മനോഹരൻ സ്വാഗതവും സെക്രട്ടറി സി.എസ്. മിനി നന്ദിയും പറഞ്ഞു.

Comments are closed.