1470-490

കാവ് സർവ്വേ

ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തിയ കാവുകളുടെ സംരക്ഷണം പദ്ധതിയുടെ ഭാഗമായുള്ള  സർവ്വെയ്ക്ക് തുടക്കമായി. ചൊവ്വന്നൂർ ബ്ലോക്കിലെ ഏട്ട് പഞ്ചായത്തുകളിലായാണ് കാവുകളുടെ സർവ്വേ നടന്നത്. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ മുന്നൂറോളം വരുന്ന വിദ്യാർത്ഥികൾ വിവിധ പഞ്ചായത്തുകളിലായി സർവ്വെയിൽ പങ്കാളികളായി. കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിലെ സർവ്വെ പ്രവർത്തനങ്ങൾ മറ്റം കാർളി മനയിൽ നിന്നുമാണ് ആരംഭിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ജി.പ്രമോദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെയ്സൺ ചാക്കൊ, ശ്രീകൃഷ്ണാ കോളേജ് ബോട്ടണി വിഭാഗം പ്രൊഫസർ എം.കെ.ഹരിനാരായണൻ എന്നിവർ സംസാരിച്ചു. കാവിൻ്റെ സവിശേഷതകളെയും ആചാരങ്ങളെയും കുറിച്ച് മനയിലെ അംഗവും, അദ്ധ്യാപകനുമായ വി.പി. പരമേശ്വരൻ, വിദ്യാർത്ഥികൾക്ക് വിവരിച്ചു കൊടുത്തു.പ്രൊഫസർ വി.ജി. ദീപ, ഡോ.വി.എൻ. ശ്രീജ ബ്ലോക്ക് പഞ്ചായത്തിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ബൈജു എന്നിവരും വിവിധ വാർഡുകളിലെ മെമ്പർമാരും നേതൃത്വം നല്കി. തിങ്കളാഴ്ച്ച രാവിലെ ആരംഭിച്ച സർവ്വേയിൽ വിദ്യാർത്ഥികൾ ഗ്രൂപ്പുകളായി തിരിഞ്ഞാണ് പങ്കെടുത്തത്. കണ്ടാണശ്ശേരി പഞ്ചായത്തിൽ 33 കാവുകളിലാണ് വിദ്യാർത്ഥികളുടെ സംഘങ്ങൾ സർവ്വേ നടത്തിയത്. വരൾച്ചയുടെയും, കാലാവസ്ഥ വ്യതിയാനത്തിന്റെയും അടിസ്ഥാനത്തിൽ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ജൈവ സമ്പത്ത് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് കാവുകളുടെ സർവ്വേ നടത്തുന്നതിന് പദ്ധതി ആവിഷ്കരിച്ചത്.

Comments are closed.