1470-490

ഭക്ഷ്യ സുരക്ഷാ പ്രശ്നം: ആദിവാസി കോളനിയിൽ ഉദ്യോഗസ്ഥ സന്ദർശനം

പെരിന്തൽമണ്ണ :അമ്മിണിക്കാടൻ മലയിലെ പാണമ്പി ഇടിഞ്ഞാടി ആദിവാസി കോളനി സംസ്ഥാന ഭക്ഷ്യ കമ്മീഷനും വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരും സന്ദർശിച്ചു.

ഭക്ഷ്യ ഭദ്രത ഉറപ്പു വരുത്തുന്നതോടൊപ്പം ഒറ്റപ്പെട്ട പ്രദേശങ്ങളിൽ താമസിക്കുന്ന പിന്നോക്കം നിൽക്കുന്ന പാവപ്പെട്ട ജനങ്ങളുടെ ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങൾ കൂടി ഏറ്റെടുത്തു കൊണ്ടാണ് സംസ്ഥാന ഭക്ഷ്യ കമ്മീഷൻ പ്രവർത്തിക്കുന്നത്.

പാണമ്പി ഇടിഞ്ഞാടി ആദിവാസി കോളനിയിലെ ദുരിതപൂർണ്ണമായ വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിവിധ വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം അടിയന്തിരമായി സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം വി.രമേശൻ കോളനി സന്ദർശിച്ചത്

സമൂദ്രനിരപ്പിൽ നിന്നും 1600 അടിയോളം ഉയരത്തിൽ മലനടന്നു കയറിയാണ് സംഘം കോളനിയിൽ എത്തിയത്.കോളനി നിവാസികൾ അവരുടെ പ്രയാസങ്ങൾ സംഘത്തോട് വിവരിക്കുകയുണ്ടായി. റേഷൻ അരിയും സാധനങ്ങളും ഇത്രയും ദൂരം തലചുമടായി കൊണ്ടു പോകുന്ന പ്രശ്നം പരിഹരിക്കാനായി മാസത്തിൽ രണ്ട് തവണ കോളനിക്ക് സമീപം റേഷൻ സാധനങ്ങൾ വിതരണം ചെയ്യാൻ സംവിധാനമൊരുക്കാൻ കഴിയുമെന്ന് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. റേഷൻ കാർഡില്ലാത്ത ഇടിഞ്ഞാടി നീലിയ്ക്ക് അടുത്ത ദിവസം തന്നെ കാർഡ് വിതരണം ചെയ്യും.
വീടുകളുടെ ശോചനീയാവസ്ഥ താൽകാലികമായി പരിഹരിക്കാൻ വാസയോഗ്യമായ ഷെഡുകൾ നിർമ്മിച്ചു നൽകാൻ ജനകീയ കൂട്ടായ്മയിലൂടെ ഉടൻ തന്നെ ശ്രമിയ്ക്കുമെന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.വള്ളൂരാൻ ഹനീഫ പറഞ്ഞു.
ഗർഭിണികൾക്കും, പാലൂട്ടുന്ന അമ്മമാർക്കും പോഷകാഹാരം ഉറപ്പുവരുത്തുന്നതോടൊപ്പം വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ജനകീയ പങ്കാളിത്തത്തോടെ സമൂഹ അടുക്കള സ്ഥാപിക്കുന്നതാണെന്ന് വനിത – ശിശു വകുപ്പ് ജില്ലാ ഓഫീസർ ടി. ഹഫ്സത്ത് അറിയിച്ചു.
വിവിധ വകുപ്പുകളുടെ സഹായത്തോടെ സ്ഥിരമായ പരിഹാരം കാണുന്നതിന് ശ്രമിയ്ക്കുമെന്നും, സംസ്ഥാനത്തെ വിവിധ ആദിവാസി കോളനികൾ സന്ദർശിച്ചതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ സർക്കാരിലേക്ക് സമർപ്പിക്കുന്ന റിപ്പോർട്ടിൽ ഈ പ്രശ്നങ്ങൾ കൂടി ഉൾപ്പെടുത്തുമെന്ന് ഭക്ഷ്യ കമ്മീഷൻ അംഗം .വി.രമേശൻ പറഞ്ഞു.
വനിത-ശിശു വകുപ്പ് ജില്ലാ ഓഫീസർ ടി. ഹഫ്സത്ത്, പ്രൊജക്ട് ഓഫീസർ ജയകുമാരി, സൂപ്പർവൈസർ സ്വപ്ന, സിവിൽ സപ്ലൈസ് വകുപ്പിലെ റേഷനിംഗ് ഇൻസ്പെക്ടർമാരായ പ്രകാശ്, ദീപ, രഞ്ജിത്ത്, പോലീസ് സബ്ബ് ഇൻസ്പെക്ടർ ഒ.പി.സലിം, ഫോറസ്റ്റ് ഓഫീസർമാരായ കൈലാസ്.കെ.കെ, അഷറഫലി.പി.എം, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഹനീഫ വള്ളൂരാൻ, കെ.പി.അനീഷ്‌, കെ.ജീ ജീഷ്, ഉണ്ണി പാർവ്വതി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 44,672,787Deaths: 530,612