ആ 3000 പേരെ ഉടൻ കണ്ടെത്താൻ സ്പെഷ്യൽ ടീം
പത്തനംതിട്ട > രോഗം സ്ഥിരീകരിക്കപ്പെട്ടവർ കേരളത്തിൽ എത്തിയതുമുതൽ മാർച്ച് ആറിന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതുവരെയുള്ള സമയം ഇടപഴകിയിട്ടുള്ളവരുടെ വിവരം ശേഖരിക്കാൻ ഊർജിത നടപടി. അങ്ങനെയുള്ളവരുടെ ആരോഗ്യനില പരിശോധിക്കും. ഇതിനായി എട്ട് ടീമുകളെ നിയോഗിച്ചു. ഒരു ടീമിൽ രണ്ടുഡോക്ടർമാർ ഉൾപ്പെടെ ഏഴുപേർ ഉണ്ടാകും. രോഗികൾ പോയിട്ടുള്ള എല്ലാ സ്ഥലങ്ങളിൽനിന്നും വിവരങ്ങൾ ശേഖരിക്കും. ഈ പട്ടികയിലുള്ള ആരോഗ്യപ്രശ്‌നങ്ങളുള്ളവരെ ഐസൊലേഷൻ മുറികളിൽ പ്രവേശിപ്പിക്കും. പ്രശ്‌നങ്ങളില്ലാത്തവരെ വീട്ടിൽതന്നെ നിരീക്ഷണ വിധേയമാക്കും. ആവശ്യമായ ഐസൊലേഷൻ വാർഡുകൾ ജനറൽ ആശുപത്രിയിലും താലൂക്ക് ആശുപത്രികളിലും സജ്ജമാക്കി.
ശനിയാഴ്ച രാത്രിയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനുശേഷം ആരോഗ്യ സെക്രട്ടറിയുടെയും എൻഎച്ച്എം ഡയറക്ടറുടെയും നേതൃത്വത്തിൽ വകുപ്പുതല ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് വീഡിയോ കോൺഫറൻസ് നടത്തി സ്ഥിതി വിലയിരുത്തി. ഇതുവഴി ജില്ലയിൽ സ്വീകരിക്കേണ്ട മുൻകരുതൽ നിർദേശങ്ങൾ നൽകി. പുലർച്ചെ 2.30ന് ജില്ലയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് അടിയന്തരമായി സ്വീകരിക്കേണ്ട നടപടികൾ തീരുമാനിച്ചു.
പത്തനംതിട്ടയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ സഹായിക്കാൻ ആലപ്പുഴ മെഡിക്കൽ കോളജിലെ വൈസ് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളജിൽനിന്ന് നാല് ഡോക്ടർമാർ എത്തിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരുടെ യോഗം ഞായറാഴ്ച വൈകിട്ട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു.
Comments are closed.