1470-490

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ജാഗ്രതയും നിരീക്ഷണവും ശക്തം

മലപ്പുറം:സംസ്ഥാനത്ത് വീണ്ടും കോവിഡ് വൈറസ്ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ ജാഗ്രതയും നിരീക്ഷണവും ശക്തമാക്കി. ജില്ലാ മെഡിക്കല്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ സെല്‍ വിവിധ വകുപ്പുകളുമായി ചേര്‍ന്നുള്ള മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുവരികയാണ്. രോഗബാധിത പ്രദേശങ്ങളില്‍ നിന്നെത്തുന്നവര്‍ നിര്‍ബന്ധമായും ജില്ലാതല കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെടണമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അധ്യക്ഷനായ കോവിഡ് 19 പ്രതിരോധ മുഖ്യ സമിതി ആഹ്വാനം ചെയ്തു. രോഗലക്ഷണങ്ങളില്ലെങ്കിലും വീടുകളില്‍ പ്രത്യേക നിരീക്ഷണത്തില്‍ തുടരണം. അറബ് രാഷ്ട്രങ്ങളുള്‍പ്പെടെ രോഗബാധിത പ്രദേശങ്ങളില്‍ നിന്നെത്തുന്നവര്‍ പൊതു പരിപാടികളില്‍ നിന്നു വിട്ടു നില്‍ക്കണം.
ജില്ലയിലിപ്പോള്‍ 73 പേരാണ് പ്രത്യേക നിരീക്ഷണത്തിലുള്ളത്. 15 പേര്‍ ഐസൊലേഷന്‍ വാര്‍ഡിലും 58 പേര്‍ വീടുകളിലുമാണ്. ഇന്നലെ (മാര്‍ച്ച് എട്ട്) 16 പേര്‍ക്കു കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. ജില്ലയില്‍ നിന്നു വിദഗ്ധ പരിശോധനക്കയച്ച 76 സാമ്പിളുകളില്‍ 58 പേരുടെ ഫലം ലഭിച്ചു. ഇതിലാര്‍ക്കും വൈറസ്ബാധയില്ലെന്നു സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സകീന അറിയിച്ചു. ജില്ലയില്‍ ഇതുവരെ നിരീക്ഷണം ഏര്‍പ്പെടുത്തിയത് 564 പേര്‍ക്കാണ്. ഇവരില്‍ വൈറസ്ബാധയില്ലെന്നു സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 491 പേരെ നിരീക്ഷണത്തില്‍ നിന്ന് ഓഴിവാക്കി.
ആശുപത്രികളില്‍ കഴിയുന്നവര്‍ക്കും വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുമായി ജില്ലാതല കണ്‍ട്രോള്‍ സെല്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്. രോഗബാധിത രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയവര്‍ ജില്ലയിലെ കണ്‍ട്രോള്‍ റൂമുമായി 0483 2737858, 0483 2737857 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. dmoesttmlpm@gmail.com എന്ന മെയില്‍ വഴിയും സംശയ ദൂരീകരണം നടത്താം.

Comments are closed.