1470-490

കോവിഡ്19: പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി മന്ത്രി കെ.കെ. ശൈലജ ടീച്ചർ

തിരുവനന്തപുരം: പത്തനംതിട്ടയില്‍ അഞ്ച് പേര്‍ക്കും എറണാകുളത്ത് ഒരു കുട്ടിക്കും കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രവര്‍ത്തനങ്ങളും നടപടിക്രമങ്ങളും ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. പത്തനംതിട്ടയില്‍ 5 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെ 07.03.2020ന് ഇറ്റലിയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തിയ കണ്ണൂര്‍ സ്വദേശിയായ 3 വയസുള്ള കുട്ടിക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് 6 പേരാണ് കോവിഡ് 19 രോഗം ബാധിച്ച് ചികിത്സയിലുള്ളത്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്ന് മന്ത്രി വ്യക്തമാക്കി.

102 ലോക രാജ്യങ്ങളില്‍ കോവിഡ് 19 രോഗം പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1116 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 967 പേര്‍ വീടുകളിലും 149 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 807 സാമ്പിളുകള്‍ എന്‍. ഐ.വി യില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 717 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. ബാക്കിയുള്ള പരിശോധനാഫലം വരാനുണ്ട്. വീട്ടിലെ നിരീക്ഷണത്തില്‍ കഴിയുന്ന 5 വ്യക്തികളെ പരിഷ്‌കരിച്ച മാര്‍ഗരേഖ പ്രകാരം ഇന്ന് ഒഴിവാക്കിയിട്ടുണ്ട്.

പത്തനംതിട്ട ജില്ലയില്‍ പോസിറ്റീവ് കേസ് അറിഞ്ഞയുടന്‍ തന്നെ വലിയ പ്രവര്‍ത്തനമാണ് നടത്തിയത്. അപ്പോള്‍ മുതല്‍ കോണ്ടാക്ട് ട്രെയിസിംഗ് ശ്രമകരമായി നടത്തിയിട്ടുണ്ട്. ഇതുവരെ പ്രാഥമിക സമ്പര്‍ക്കത്തിലേര്‍പ്പെട്ട 270 പേരെയും ദ്വിതീയ സമ്പര്‍ക്കത്തിലേര്‍പ്പെട്ട 449 പേരെയും കണ്ടെത്തി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇന്ന് രാത്രിയോടെ കോണ്ടാക്ട് ലിസ്റ്റ് പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നതാണ്.

സ്വകാര്യ ആശുപത്രികളുടെ മീറ്റിംഗ് ഇന്നലെ പത്തനംതിട്ടയില്‍ നടത്തിയിരുന്നു. പഴുതടച്ച പ്രവര്‍ത്തനമാണ് നടത്തി വരുന്നത്. കൂടുതല്‍ രോഗികള്‍ വരുന്നതനുസരിച്ച് ആശുപത്രികളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. വിമാനത്താവളത്തിലും നിരീക്ഷണം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും വാര്‍ഡ് മെമ്പര്‍മാരുടേയും ആശാ വര്‍ക്കര്‍മാരുടേയും സഹായത്തോടെ കോവിഡ് 19 രോഗ ബാധിത പ്രദേശങ്ങളില്‍ നിന്നും വന്നിട്ടുള്ളവരുണ്ടോയെന്ന് കണ്ടെത്താന്‍ സര്‍വയലന്‍സ് സിസ്റ്റം ശക്തിപ്പെടുത്തുന്നതാണ്. നഗര പ്രദേശത്ത് റസിഡന്‍സ് അസോസിസിയേഷന്റെ സഹായത്തോടെ ഈ നിരീക്ഷണം തുടരും. സാമ്പിളുകള്‍ പരിശോധിക്കാന്‍ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. അടുത്ത ദിവസം തന്നെ ഇത് പ്രവര്‍ത്തനമാരംഭിക്കാന്‍ കഴിയും.

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും സംസ്ഥാന തലത്തില്‍ തന്നെ വേഗത്തില്‍ തീരുമാനങ്ങളെടുക്കുവാനുള്ള അധികാരം നല്‍കുവാനായി കേരള സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. ടെസ്റ്റിംഗ് ലാബുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും കുവൈറ്റും, സൗദി അറേബ്യയും പ്രവേശനത്തിനായി കൊറോണ സര്‍ട്ടിഫിക്കറ്റ് നിഷ്‌കര്‍ഷിക്കുന്നതുമായി ബന്ധപ്പെട്ട് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുവാനും അഭ്യര്‍ത്ഥിച്ചു.

എസ്.എസ്.എസ്.എല്‍.സി. പരീക്ഷയെഴുതാന്‍ പ്രത്യേക സംവിധാനം ഉണ്ടാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ബാക്കി ക്ലാസുകളുടെ കാര്യം വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് തീരുമാനിക്കുന്നതാണ്.

ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങളല്ലാതെ വാര്‍ത്ത പരന്നാല്‍ നാടിനെ ഭീതിയിലാക്കും. അതിനാല്‍ അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ ശക്തമായ നടപടിയെടുക്കും. മറ്റ് രാജ്യങ്ങളില്‍ നിന്നും വന്നവര്‍ അക്കാര്യം മറച്ചു വച്ചാല്‍ പബ്ലിക് ഹെല്‍ത്ത് ആക്ടനുസരിച്ച് കേസെടുക്കും.

പത്തനംതിട്ടയില്‍ നിരീക്ഷണത്തിലുള്ള കോവിഡ് 19 ബാധിച്ചയാളുടെ 90 വയസിന് മുകളില്‍ പ്രായമുള്ള രണ്ട് ബന്ധുക്കളുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചാല്‍ ഹൈ റിസ്‌കാകുന്നതാണ്. എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള മൂന്നുവയസുകാരന്റെ അമ്മയുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കുന്നകാര്യം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുന്നതാണ്. ലോകത്ത് വിവിധ രാജ്യങ്ങളില്‍ കോവിഡ് 19 ബാധിച്ചതിനാല്‍ മാസ്‌കും അതിന്റെ അസംസ്‌കൃത വസ്തുക്കളും ലഭിക്കാന്‍ ബുദ്ധിമുട്ടാണ്. കോവിഡ് 19 രോഗലക്ഷണങ്ങള്‍ ഉള്ളവരും അവരെ പരിചരിക്കുകയും ചെയ്യുന്ന ആളുകള്‍ മാത്രമേ മാസ്‌ക് ധരിക്കേണ്ടതുള്ളു. ഉപയോഗശേഷം മാസ്‌കുകള്‍ ശാസ്ത്രീയമായി തന്നെ സംസ്‌കരിക്കേണ്ടതാണ്. മാസ്‌കിന്റെ വില കൂട്ടുന്നതിനെതിരെ നടപടി സ്വീകരിക്കുന്നതാണ്.

ആരോഗ്യ വകുപ്പ് ജീവനക്കാര്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. കോവിഡ് 19 പകരാതിരിക്കാന്‍ എല്ലാവരുടേയും ആത്മാര്‍ത്ഥമായ പിന്തുണ മന്ത്രി അഭ്യര്‍ത്ഥിച്ചു.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, കെ.എം.എസ്.സി.എല്‍. എം.ഡി. ഡോ. നവജ്യോത് ഖോസ, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാബീവി, അഡീ. ഡയറക്ടര്‍മാരായ ഡോ. വി. മീനാക്ഷി, ഡോ. ബിന്ദു മോഹന്‍, കോവിഡ് 19 സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. അമര്‍ ഫെറ്റില്‍, മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാര്‍, കെസാക്‌സ് പ്രോജക്ട് ഡയറക്ടര്‍ ഡോ. ആര്‍. രമേഷ്, എസ്.എച്ച്.എസ്.ആര്‍.സി. എക്‌സി. ഡയറക്ടര്‍ ഡോ. കെ.എസ്. ഷിനു, സംസ്ഥാന പകര്‍ച്ചവ്യാധി പ്രതിരോധ സെല്‍ ഡയറക്ടര്‍ ഡോ. പി.എസ്. ഇന്ദു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Comments are closed.