1470-490

മുംബൈയില്‍ നിന്നുള്ള 22ട്രെയിനുകളുടെ ടിക്കറ്റ് ബുക്കിങ് റെയില്‍വേ നിര്‍ത്തി

തിരുവനന്തപുരം: കേരളത്തിലേക്കുള്ളത് ഉള്‍പ്പെടെ മുംബൈയില്‍ നിന്നുള്ള 22ട്രെയിനുകളുടെ ടിക്കറ്റ് ബുക്കിങ് റെയില്‍വേ നിര്‍ത്തി.വണ്ടികളുടെ വേഗം കൂട്ടുന്നതുമായി ബന്ധപ്പെട്ടാണ് ഈ തീരുമാനമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.ജൂലൈ ഒന്നുമുതലുള്ള ടിക്കറ്റ് ബുക്കിങ്ങാണ് താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. ലോകമാന്യ തിലക്- നിസാമുദ്ദീന്‍ (22109/22110) എക്സ്പ്രസിന്റെ ടിക്കറ്റുകള്‍ ജൂണ്‍ 30 മുതല്‍ ലഭിക്കില്ലെന്നും റെയില്‍വേ വ്യക്തമാക്കി.
‘വേഗം കൂട്ടുന്നതിന്റെ ഭാഗമായി ചില വണ്ടികള്‍ ലക്ഷ്യസ്ഥാനത്തെത്തുന്ന ദിവസങ്ങള്‍ തന്നെ മാറാനിടയുണ്ട്. ചില വണ്ടികള്‍ പുറപ്പെടുന്ന ദിവസങ്ങള്‍ മാറും. മറ്റു ചില വണ്ടികളാകട്ടെ പുറപ്പെടുന്നതോ എത്തുന്നതോ ആയ സ്റ്റേഷനുകളും മാറാന്‍ സാധ്യതയുണ്ട്. ജൂലായ് ഒന്നുമുതല്‍ ഇത്തരത്തില്‍ പല മാറ്റങ്ങളും വരും. അത് നേരത്തേ ടിക്കറ്റെടുക്കുന്നവര്‍ക്ക് ബുദ്ധിമുട്ടാവും. പുതിയ സമയക്രമം തീരുമാനിച്ചശേഷം ഇവയുടെ ടിക്കറ്റുകള്‍ നല്‍കിയാല്‍ മതിയെന്നതാണ് തീരുമാനം’ മധ്യറെയില്‍വേ ഉന്നതോദ്യോഗസ്ഥന്‍ അറിയിച്ചു.

ഒരുമാസത്തിനുള്ളില്‍ തന്നെ പുതിയ സമയക്രമം തയ്യാറാകുമെന്നും തുടര്‍ന്ന് യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാമെന്നും റെയില്‍വേ വൃത്തങ്ങള്‍ പറയുന്നു. ടിക്കറ്റ് ബുക്കിങ് നിര്‍ത്തിവെച്ച ട്രെയിനുകള്‍ ഇവയാണ്. സിഎസ്ടി-ചെന്നൈ എക്സ്പ്രസ്, ദാദര്‍-ചെന്നൈ എക്സ്പ്രസ്, എല്‍ടിടി-കോയമ്ബത്തൂര്‍ എക്സ്പ്രസ്, സിഎസ്ടി-ഹൈദരാബാദ് എക്സ്പ്രസ്, എല്‍ടിടി -ഗോരഖ്പൂര്‍ എക്സ്പ്രസ്, സിഎസ്ട്-ഹൗറ എക്സ്പ്രസ്, സിഎസ്ടി-നാഗര്‍കോവില്‍, സി.എസ്.ടി-തിരുവനന്തപുരം, സിഎസ്ടി-നിസാമുദ്ദീന്‍, ദാദര്‍-മഡ്ഗാവ് ജനശതാബ്ദി, ദാദര്‍-ഔറംഗബാദ് ജനശതാബ്ദി, നാഗ്പൂര്‍-പൂനെ എക്സ്പ്രസ്, നാഗ്പൂര്‍-പൂനെ ഗരീബ് രഥ്, എല്‍ടിടി-ജയ്പൂര്‍ എക്സ്പ്രസ്, സിഎസ്ടി-പന്ഥാര്‍പൂര്‍ എക്സ്പ്രസ്, സിഎസ്ടി-ബിജാപൂര്‍ പാസഞ്ചര്‍, സിഎസ്ടി-സായ്നഗര്‍ ഷിര്‍ദി എക്സ്പ്രസ്, നാഗ്പൂര്‍-റേവ എക്സ്പ്രസ്.

Comments are closed.