1470-490

എസ്.എസ്.എൽ.സി പരീക്ഷകൾ 10ന് ആരംഭിക്കും

പരീക്ഷയ്ക്ക് 422450 വിദ്യാർഥികൾ.
മൂല്യനിർണ്ണയം ഏപ്രിൽ രണ്ട് മുതൽ

തിരുവനന്തപുരം :ഈ വർഷത്തെ എസ്.എസ്.എൽ.സി/ റ്റി.എച്ച്.എസ്.എൽ.സി/ എ.എച്ച്.എസ്.എൽ.സി പരീക്ഷകൾ മാർച്ച് 10 മുതൽ 26 വരെ നടക്കും. സംസ്ഥാനത്തെ 2945 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒൻപത് കേന്ദ്രങ്ങളിലും ഗൾഫ് മേഖലയിലെ ഒൻപത് കേന്ദ്രങ്ങളിലുമായി 422450 വിദ്യാർഥികളാണ് റഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതുന്നത്. 216067 ആൺകുട്ടികളും 206383 പെൺകുട്ടികളുമാണ് പരീക്ഷയെഴുതുക.
സർക്കാർ സ്‌കൂളുകളിൽ 138457 കുട്ടികളും എയിഡഡ് സ്‌കൂളുകളിൽ 253539 കുട്ടികളും അൺഎയിഡഡ് സ്‌കൂളുകളിൽ 30454 കുട്ടികളും പരീക്ഷയെഴുതും.
ഗൾഫ് മേഖലയിൽ 597 കുട്ടികളും ലക്ഷദ്വീപ് മേഖലയിൽ 592 പേരും പരീക്ഷ എഴുതുന്നു. ഇവർക്ക് പുറമേ ഓൾഡ് സ്‌കീമിൽ (പി.സി.ഒ) 87 പേരും പരീക്ഷ എഴുതും.
മലപ്പുറം റവന്യൂ ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതുന്നത് (26869). ഏറ്റവും കുറവ് ആലപ്പുഴയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ് (2107).
ഏറ്റവും കൂടുതൽപേർ പരീക്ഷ എഴുതുന്നത് തിരൂരങ്ങാടി വദ്യാഭ്യാസ ജില്ലയിലെ എടരിക്കോട് പി.കെ.എം.എം.എച്ച്.എസിലാണ് (2327). കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ തെക്കേക്കര ഗവൺമെന്റ് എച്ച്.എസിലാണ് ഏറ്റവും കുറവ്, രണ്ടു പേർ.
റ്റി.എച്ച്.എസ്.എൽ.സി വിഭാഗത്തിൽ 48 പരീക്ഷാ കേന്ദ്രങ്ങളിലായി 3091 പേരാണ് പരീക്ഷ എഴുതുന്നത് (ആൺകുട്ടികൾ 2828, പെൺകുട്ടികൾ 263).
എ.എച്ച്.എസ്.എൽ.സി വിഭാഗത്തിൽ ചെറുതുരുത്തി ആർട്ട് ഹയർ സെക്കൻഡറി സ്‌കൂൾ കലാമണ്ഡലം കേന്ദ്രത്തിൽ 70 പേരാണ് പരീക്ഷയെഴുതുന്നത്.
എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപയേർഡ്) വിഭാഗത്തിൽ 29 പരീക്ഷാ കേന്ദ്രങ്ങളിലായി 261 പേരും റ്റി.എച്ച്എസ്.എൽ.സി (ഹിയറിംഗ് ഇംപയേർഡ്) വിഭാഗത്തിൽ രണ്ട് കേന്ദ്രങ്ങളിലായി 17 പേരുമാണുള്ളത്.
54 കേന്ദ്രീകൃത ക്യാമ്പുകളിൽ രണ്ട് ഘട്ടങ്ങളായാണ് മൂല്യനിർണ്ണയം നടക്കുക. ആദ്യഘട്ടം ഏപ്രിൽ രണ്ട് മുതൽ എട്ട് വരെയും രണ്ടാം ഘട്ടം 15 മുതൽ 23 വരെയുമാണ്.
മൂല്യനിർണ്ണയ ക്യാമ്പുകളിലേക്കുള്ള അഡീഷണൽ ചീഫ് എക്‌സാമിനർമാരുടെയും അസിസ്റ്റന്റ് എക്‌സാമിനർമാരുടെയും നിയമന ഉത്തരവുകൾ മാർച്ച് 26 മുതൽ പരീക്ഷാഭവന്റെ വെബ്‌സൈറ്റിൽ ലഭിക്കും. കേന്ദ്രീകൃത മൂല്യനിർണ്ണയത്തിന് മുന്നോടിയായുള്ള സ്‌കീം ഫൈനലൈസേഷൻ ക്യാമ്പുകൾ മാർച്ച് 30നും 31നും 12 സ്‌കൂളുകളിലായി നടക്കും.

Comments are closed.