ദേശീയോദ്ഗ്രഥന പ്രക്രിയയിൽ മദ്രസ്സ അധ്യാപകർക്ക് മുഖ്യപങ്ക് – മന്ത്രി കെ. ടി ജലീൽ

കോഴിക്കോട്:മദ്രസാ അധ്യാപകർ രാജ്യത്തിന്റെ ദേശീയോദ്ഗ്രഥന പ്രക്രിയയിൽ മുഖ്യ പങ്ക് വഹിക്കുന്നുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ-ന്യൂന ക്ഷേമ വകുപ്പ് മന്ത്രി കെ. ടി ജലീൽ. വിശ്വാസത്തിന്റെ സാർവലൗകികതയാണ് അധ്യാപകർ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നത്. പൊതുവിദ്യാലയങ്ങൾ സുശക്തമാകാൻ മദ്രസകളും നല്ല രൂപത്തിൽ നിലനിൽക്കണമെന്നും മന്ത്രി പറഞ്ഞു.
കേരള മദ്രസാദ്ധ്യാപക ക്ഷേമനിധി ബോര്‍ഡിന്റെ ഓഫീസ് ഉദ്ഘാടനം ചക്കോരത്ത്കുളത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
എല്ലാ ക്ഷേമനിധി ബോർഡുകളും പ്രവർത്തിക്കുന്ന സമാന രീതിയിലാണ് മദ്രസാധ്യാപക ക്ഷേമനിധി ബോർഡും പ്രവർത്തിക്കുന്നത്. പ്രത്യേകമായി ഒന്നും സർക്കാർ നൽകുന്നില്ല. മറ്റുള്ള ക്ഷേമനിധി ബോർഡുകൾ പണം ബാങ്കിൽ നിക്ഷേപിച്ച പലിശ ഉപയോഗിച്ച് കാര്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്നു. എന്നാൽ മദ്രസാദ്ധ്യാപക ക്ഷേമനിധി ബോര്‍ഡ് സംസ്ഥാന സർക്കാരിന്റെ പൊതു ട്രഷറിയിൽ പണം നിക്ഷേപിക്കുന്നു. ഇതിന് സർക്കാർ ഇൻസെന്റീവ് അനുവദിക്കുന്നു.
ന്യൂനപക്ഷ ക്ഷേമത്തിന് ബോർഡ് രൂപീകരിച്ച് നിരവധി ആനുകൂല്യങ്ങൾ നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ പൊതു പൈതൃകവും മതനിരപേക്ഷതയ്ക്കും പോറലേൽല്പിക്കുന്ന രൂപത്തിൽ എന്ത് നീക്കങ്ങൾ ഉണ്ടായാലും അത് തടയുക തന്നെ ചെയ്യും. മദ്രസ്സകൾ മതനിരപേക്ഷതയും മതസൗഹാർദ്ദവും പ്രചരിപ്പിക്കുന്നതിനാണ് ശ്രമിക്കുന്നത്. ശരിയായ രീതിയിൽ മതത്തെ പറഞ്ഞു കൊടുക്കാനുള്ള അവസരമാണ് കേരളത്തിലെ മദ്രസകളിലൂടെ എക്കാലവും നിർവഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ കൈപ്പുസ്തകം ന്യൂനപക്ഷക്ഷേമ വകുപ്പ് സെക്രട്ടറി എ ഷാജഹാന് കൈമാറിക്കൊണ്ട് മന്ത്രി പ്രകാശനം നിര്‍വ്വഹിച്ചു. എ. പ്രദീപ്കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
കേരള അര്‍ബന്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത്.
എം.എല്‍.എ പി.ടി.എ റഹീം, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ എ.ബി മൊയ്തീൻകുട്ടി, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, സംസ്ഥാന ന്യൂനപക്ഷക്ഷേമ ധനകാര്യ വികസന കോർപ്പറേഷൻ ചെയർമാൻ എ.പി അബ്ദുൾ വഹാബ്, കേരള മദ്രസാധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ എം.പി അബ്ദുൾ ഗഫൂർ, മദ്രസാധ്യാപക ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി.എം ഹമീദ്, കേരള ജംഇയത്തുൽ മുഅല്ലിമീൻ ജനറൽ സെക്രട്ടറി ഡോ ബഹാവുദ്ദീൻ മുഹമ്മദ് നദ്‌വി കൂരിയാട്, സുന്നി വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി എ.കെ അബ്ദുൾ ഹമീദ്, ദക്ഷിണ കേരള ലജ്‌നത്തുൽ മുഅല്ലിമീൻ പ്രസിഡണ്ട് സയിദ് മുത്തുക്കോയ തങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
Comments are closed.