കണ്ണിലും കരളിലും കൂരിരുള്‍ നല്‍കിയ കാരുണ്യവാനോടൊരു ചോദ്യം!
അനിൽ എഴുത്തച്ഛൻ
“കണ്ണിലും കരളിലും കൂരിരുള്‍ നല്‍കിയ കാരുണ്യവാനോടൊരു ചോദ്യം”
“ഇനിയൊരു ജന്മം തന്നിടുമോ.. ഓ…”
“ഇനിയൊരു ജന്മം തന്നിടുമോ”
” ഈ നിറമാര്‍ന്ന ഭൂമിയെ കാണാന്‍”

വേലൂർ:അന്ധയായ തങ്കമണി പാടുകയാണ്.. പൂരപ്പറമ്പുകളിൽ ചിതറി നിൽക്കുന്ന ആളുകളുടെ ശ്രദ്ധ പാട്ടിലൂടെ ആകർഷിക്കാൻ..ബാവുൽ ഗായികയെ അനുസ്മരിപ്പിക്കും വിധം ഭാവ സാന്ദ്രമായി…
പൂരപ്പറമ്പുകളിലും, കവലകളിലും സ്കൂൾകുട്ടികൾക്ക് മുന്നിലും ആ ശബ്ദം ഹൃദയഹാരിയായി ഒഴുകുകയാണ്. ചുറ്റിലും ഈ സർഗ്ഗസംഗീതത്തിന്റെ സ്നേഹവും, താളവും ഉദിച്ചു വരുന്നു… ത്രിപദം കമ്മ്യൂണിക്കേഷൻസ് ഓഫ് ബ്ലൈൻഡ് എന്ന പേരിൽ തന്റെ ഭർത്താവും അന്ധ ഗായകനുമായിരുന്ന രാജു നടത്തിക്കൊണ്ടിരുന്ന ഗാനമേള ട്രൂപ്പ് നയിച്ചുകൊണ്ട് വിവിധ സ്ഥലങ്ങളിൽ പരിപാടി അവതരിപ്പിക്കുകയാണ്.
ഉണ്ണുന്ന ധാന്യമണികളിൽ അവനവന്റെ പേര് കൊത്തിയിട്ടുണ്ടെന്ന് പറയും പോലെ, തങ്കമണി എന്ന അന്ധഗായിക പാടിത്തീർന്ന ഗാനങ്ങളിൽ മുഴുവൻ തന്നെ ദുഖത്തിന്റെ ഭാവസാന്ദ്രത നിറഞ്ഞു നിൽക്കുന്നുണ്ട്. ജന്മനാ അന്ധയായ തങ്കമണി സംഗീതം പഠിച്ചവളായിരുന്നില്ല. ജീവിതത്തിന്റെ മധ്യകാലത്തിൽ തന്റെ കരം പിടിച്ച്, ജീവിതത്തിലേക്കെത്തിയ രാജു എന്ന അന്ധഗായകനായിരുന്നു തങ്കമണിയുടെ മനസ്സിൽ പ്രകാശമാനവും ,സുന്ദരവുമായ സംഗീതം നിറച്ചത്.
ഏതാണ്ട് പതിമൂന്ന് വർഷക്കാലം തങ്കമണി രാജുവിനോടൊപ്പം വിവിധ വേദികൾ പങ്കിട്ടു. മനസ്സിൽ സംഗീതം ഉള്ളത് കൊണ്ട് തന്നെ വളരെ വേഗം പഠിച്ചെടുക്കാൻ തങ്കമണിക്ക് കഴിഞ്ഞു. “പാടി നോക്കുന്നോ?” എന്ന രാജുവിന്റെ ചോദ്യം കാത്തിരുന്നവളെപ്പോലെ വിസ്മയങ്ങളിലേക്ക് നീട്ടി പരത്തി അവൾ പാടി തുടങ്ങി.പൂരപ്പറമ്പുകളിലെ അകലെ നീലാകാശത്തിന്റെ ചുവട്ടിൽ പഴയതും പുതിയതുമായ നിരവധി ഗാനങ്ങൾ ആലപിച്ചു കൊണ്ട് സംഗീതമഴ പെയ്യിപ്പിച്ചുകൊണ്ടേയിരുന്നു. ഏതാണ്ട് 13 വർഷക്കാലം തങ്കമണി,ഗാനമേള സംഘവുമായി നടക്കുന്നതിനിടയിൽ അൽപ്പസ്വൽപ്പം കീ ബോർഡ് കൈകാര്യം ചെയ്യാനും പഠിച്ചു.’
കേരളത്തിലെ മറ്റ് പ്രമുഖ ഗാനമേള സംഘങ്ങളുടെ പേരിനൊപ്പം ഗായക സംഘത്തിന്റെ പേരും എഴുതിച്ചേർക്കാൻ ഇവർക്ക് കഴിഞ്ഞു എന്നത് എടുത്തു പറയത്തക്ക സവിശേഷതയാണ്. തിരുവനന്തപുരം സ്വേദേശികളായ സന്തോഷ്, ബാബു, സുകു, ഷൈൻ ഷിബു,എന്നീ സുഹൃത്തുക്കളോടൊപ്പം ഗാനമേളയുടെ വിവിധ തലങ്ങളിലെ അത്യാഗാധതയിലേക്ക് സഞ്ചരിക്കാൻ അവർക്ക് കഴിഞ്ഞു.
2018- ലെ പ്രളയത്തോടൊപ്പം കരകവിഞ്ഞൊഴുകിയ വടക്കാഞ്ചേരി പുഴ ജീവിതത്തൊടൊപ്പം ഇവരുടെ സംഗീത ഉപകരണങ്ങളും തകർത്തെറിഞ്ഞപ്പോൾ, ഇവർക്കു മുന്നിൽ സുമനസ്സുകളുടെ കാരുണ്യം മറ്റൊരു പ്രളയം പോലെ ഒഴുകി വന്നു. പ്രാദേശിക പൊതുപ്രവർത്തകനായ റെന്നിയുടെ ഇടപെടൽമൂലം ഗാനമേളക്കുതകുന്ന പുതിയ സൗണ്ട് സിസ്റ്റവും, ജനറേറ്ററും നൽകി കൊണ്ട് സൗദിയിലെ ടീം വ്യു പോയിൻറും കുന്ദംകുളത്തെ ഷെയർ & കെയർ ചാരിറ്റബിൾ സൊസൈറ്റിയും മനുഷ്യത്വത്തിൻ്റെ മറ്റൊരു മുഖം ഇവർക്ക് മുന്നിൽ തുറന്നു നൽകി.
അതിനിടയിൽ രാജു രോഗഗ്രസ്തയായി. അതീവ ഗുരുതരം എന്ന് ജൂബിലി മിഷൻ ആശുപത്രി യിലെ ഡോക്ടർമാർ വിധി എഴുതി. ഒടുവിൽ ചലനമറ്റ് , സംഗീതം എന്നന്നേക്കുമായി പൊയ്പോയ രാജുവിനെ ചലനമറ്റ ശരീരത്തിനു മുന്നിൽ തളരാതെ ,പതറാതെ ദൃഢനിശ്ചയത്തോടെ തങ്കമണി നിന്നു. മരണം തങ്കമണിയെ അസ്വസ്ഥയാക്കിയെങ്കിലും ഇന്നും പതറാതെ, ജീവിതത്തിൽ പിടിച്ചു നിൽക്കുകയാണ് തങ്കമണി, ഭർത്താവായ രാജു രൂപീകരിച്ച ഗാനമേള സംഘത്തേയും അത് കൊണ്ട് ഉപജീവനം നടത്തുന്ന കുടുംബങ്ങളേയും സംരക്ഷിച്ചു കൊണ്ട്. അംഗ പരിമിതമായവർക്കും സ്ത്രീകൾക്കും മാതൃകയായി. ജീവിതം സമ്മാനിച്ച അന്ധതയെന്ന വേദനക്കപ്പുറം, ഉൾക്കണ്ണിലെ നിറവെളിച്ചം കൊണ്ട് അഭിമുഖീകരിക്കുന്ന തങ്കമണി ഈ വനിതാ ദിനത്തിൽ അത്യന്തം അഭിനന്ദനം അർഹിക്കുന്ന മഹത് വ്യക്തിത്വത്തിൻ്റെ ഉടമയാണ്.
Comments are closed.