1470-490

എയറോബിക് കമ്പോസ്റ്റ്ബിൻ യൂണിറ്റ് ഇരിങ്ങാലക്കുടയിലും

ജൈവമാലിന്യങ്ങൾ ശാസ്ത്രീയവും പ്രകൃതി സൗഹൃദവുമായി സംസ്കരിക്കുന്നതിന് തുമ്പൂർമുഴി മോഡലിലുള്ള എയറോബിക് ബിൻ കമ്പോസ്റ്റ് യൂണിറ്റ് ഇരിങ്ങാലക്കുടയിലും ആരംഭിച്ചു. യൂണിറ്റിൻ്റെ പ്രവർത്തനോദ്ഘാടനം ടി.എൻ. പ്രതാപൻ എം.പി. നിർവ്വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാരിൻ്റെയും ശുചിത്വ മിഷൻ, സ്വച്ഛ്ഭാരത് മിഷൻ എന്നിവയുടെ സഹകരണത്തോടെയാണ് യൂണിറ്റിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടപ്പാക്കിയത്. ഇരിങ്ങാലക്കുട ട്രെൻഡിങ് ഗ്രൗണ്ടിന് സമീപമുള്ള ഗാന്ധിനഗർ ഗ്രീൻ പാർക്കിൽ സ്ഥിതി ചെയ്യുന്ന പ്രതിദിനം ഒരു ടൺ ജൈവ മാലിന്യങ്ങൾ വരെ സംസ്ക്കരിക്കാവുന്ന യൂണിറ്റ് ഐ.ആർ.ടി.സിയുടെ നേതൃത്വത്തിൽ 11 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഫെറോ സിമൻറ് സ്ലാബുകൾ ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള 14 ബിന്നുകളാണ് സംസ്കരണത്തിനായി യൂണിറ്റിൽ ഉപയോഗിക്കുന്നത്.

4.85 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ഹരിതകർമ്മസേന വഴി നഗരത്തിലെ അജൈവ മാലിന്യങ്ങൾ പുനരുപയോഗിക്കുന്നതിനും വേർതിരിച്ച് സംഭരിക്കുന്നതിനും വേണ്ടിയുള്ള മെറ്റീരിയൽ കളക്ഷൻ സെൻ്ററിൻ്റെ ഉദ്ഘാടനവും ടി.എൻ. പ്രതാപൻ
എം പി നിർവ്വഹിച്ചു. മാലിന്യ വിമുക്ത നഗരസഭ എന്ന ലക്ഷ്യത്തോടെ ഇരിങ്ങാലക്കുട നഗരസഭയിൽ സംസ്ഥാന സർക്കാരിൻ്റെയും കേന്ദ്രസർക്കാരിൻ്റെയും സഹകരണത്തോടെ ആകെ 1.35 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കിവരുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
ഇതുകൂടാതെ ഉറവിട മാലിന്യസംസ്ക്കരണ പദ്ധതിയുടെയും പ്ലാൻഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ച് വിൻഡ്രോ കമ്പോസ്റ്റ് പ്ലാൻ്റിൻ്റെയും നിർമ്മാണവും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ നിമ്യ ഷിജു അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എ അബ്ദുൾ ബഷീർ ആമുഖപ്രസംഗം നടത്തി. നഗരസഭ സെക്രട്ടറി കെ.എസ്.അരുൺ റിപ്പോർട്ട് അവതരിപ്പിച്ചു. ഇരിങ്ങാലക്കുട നഗരസഭാ വൈസ് ചെയർമാൻ രാജേശ്വരി ശിവരാമൻ നായർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കുര്യൻ ജോസഫ്,
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിജുലാൽ എന്നിവർ ആശംസകൾ നേർന്നു.

Comments are closed.