1470-490

ഏഷ്യാനെറ്റ്‌ ന്യൂസ്‌, മീഡിയാവൺ ചാനലുകൾക്ക്‌ ഏർപ്പെടുത്തിയ വിലക്ക്‌ പിൻവലിച്ചു.

കൊച്ചി: ഏഷ്യാനെറ്റ്‌ ന്യൂസ്‌,  മീഡിയാവൺ ചാനലുകൾക്ക്‌ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഏർപ്പെടുത്തിയ വിലക്ക്‌ പിൻവലിച്ചു. വെള്ളിയാഴ്‌ച രാത്രി  7.30ന്‌ ഏർപ്പെടുത്തിയ വിലക്ക്‌ പുലർച്ചെ 1.30ന്‌ പിൻവലിച്ചതായി ഏഷ്യാനെറ്റ്‌ അറിയിച്ചു. വിലക്കിനെതിരെ രാഷ്‌ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ രംഗത്ത്‌ വന്നിരുന്നു.

ഡൽഹി കലാപം വാർത്തയാക്കിയതിനാണ്‌ വിലക്ക്‌. ആർഎസ്‌എസിനെയും ഡൽഹി പൊലീസിനെയും കേന്ദ്രആഭ്യന്തരമന്ത്രാലയത്തെയും വിമർശിച്ചാണ്‌ ചാനലുകൾ വാർത്ത ചെയ്‌തതെന്ന്‌ കേന്ദ്ര അണ്ടർസെക്രട്ടറി വിജയ്‌കൗശിക്ക്‌ ഒപ്പിട്ട ഉത്തരവിൽ വ്യക്‌തമാക്കിയിരുന്നു.  വാർത്ത നൽകിയതിന്‌ ചാനലുകൾക്ക്‌ കേന്ദ്രം നേരത്തെ കാരണം കാണിക്കൽ നോട്ടീസ്‌ നൽകിയിരുന്നു.

കലാപബാധിത പ്രദേശങ്ങളിൽനിന്ന്‌ ജീവൻ പണയംവച്ച്‌ റിപ്പോർട്ടർമാർ നൽകിയ വാർത്തകളാണ്‌ സംപ്രേക്ഷണം ചെയ്‌തതെന്ന്‌ ഏഷ്യാനെറ്റ്‌ വിശദീകരണക്കുറിപ്പിൽ പറഞ്ഞു.വാർത്തകൾ സത്യസന്ധമായി റിപ്പോർട്ട്‌ ചെയ്യാനുള്ള അവകാശത്തിന്‌ ഭരണഘടനയുടെ സംരക്ഷണമുണ്ടെന്ന്‌ മീഡിയാവൺ വിശദീകരണക്കുറിപ്പിൽ പറഞ്ഞു. മുമ്പ്‌ ഇത്തരം സംഭവങ്ങൾ ഉണ്ടായപ്പോഴും സംഭവസ്ഥലത്ത്‌നിന്നുള്ള റിപ്പോർട്ടുകൾ നൽകിയിട്ടുണ്ടെന്നും മീഡിയാവൺ പറഞ്ഞു.

Comments are closed.