1470-490

മലയാളസിനിമ,മലയാളിയും ഒരിക്കലും മറക്കാന്‍ പാടില്ലാത്ത കഴിവുറ്റ കലാകാരനായിരുന്നു മണി: വിനയന്‍

കലാഭവന്‍ മണിയുടെ നാലാം ചരമവാര്‍ഷികമാണ് ഇന്ന്. നാല് വര്‍ഷം മുന്‍പുളള മണിയുടെ മരണം കേരളക്കരയെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരുന്നു. പ്രിയ താരത്തിന്റെ മരണവാര്‍ത്ത് ആര്‍ക്കും വിശ്വസിക്കാന്‍ സാധിച്ചിരുന്നില്ല. അദ്ദേഹത്തെക്കുറിച്ചുളള ഓര്‍മ്മകള്‍ പങ്കുവെച്ച് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമെല്ലാം എത്തിയിരുന്നു. കലാഭവന്‍ മണിയെക്കുറിച്ച് സുഹൃത്തും സംവിധായകനുമായ വിനയന്റെതായി വന്ന ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായിരുന്നു.

മലയാള സിനിമയും മലയാളിയും ഒരിക്കലും മറക്കാന്‍ പാടില്ലാത്ത കലാകാരന്‍ ആയിരുന്നു മണി എന്ന് വിനയന്‍ പറയുന്നു. “മണി യാത്രയായിട്ട് നാലു വര്‍ഷം. മലയാളസിനിമയും, മലയാളിയും ഒരിക്കലും മറക്കാന്‍ പാടില്ലാത്ത… കഴിവുറ്റ കലാകാരന്‍ ആയിരുന്നു കലാഭവന്‍ മണി. തന്റെ ദുഖങ്ങളും, സ്വപ്നങ്ങളും, ദാരിദ്ര്യം നിറഞ്ഞ വന്ന വഴികളും ഒക്കെ പച്ചയായി തുറന്നു പറഞ്ഞിരുന്ന ആ മനുഷ്യസ്‌നേഹി തികച്ചും വ്യത്യസ്തനായിരുന്നു… ആദരാഞ്ജലികള്‍.. സംവിധായകന്‍ കുറിച്ചു.

കലാഭവന്‍ മണിക്കൊപ്പം നിരവധി സിനിമകളില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ച സംവിധായകന്‍ കൂടിയാണ് വിനയന്‍. കരുമാടിക്കുട്ടന്‍, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും തുടങ്ങിയ സിനിമകള്‍ മണിയെ നായകനാക്കി സംവിധായകന്‍ ഒരുക്കിയ ചിത്രങ്ങളാണ്. ഇതില്‍ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും കലാഭവന്‍ മണിയുടെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. കൂടാതെ നിരവധി വിനയന്‍ സിനിമകളില്‍ സഹ താരമായും വില്ലന്‍ വേഷങ്ങളിലും കലാഭവന്‍ മണി അഭിനയിച്ചു. കലാഭവന്‍ മണിയുടെ ജീവിത കഥ ആസ്പദമാക്കിയാണ് അടുത്തിടെ ചാലക്കുടിക്കാരന്‍ ചങ്ങാതി വിനയന്‍ സംവിധാനം ചെയ്തത്. സിനിമ പ്രേക്ഷകര്‍ സ്വീകരിക്കുകയും തിയ്യേറ്ററുകളില്‍ വിജയമാവുകയും ചെയ്തു.

 

Comments are closed.