ഗുരുവായൂർ ക്ഷേത്രോത്സവത്തിന് കൊടിയേറി.

ഗുരുവായൂർ ക്ഷേത്രോത്സവത്തിന് കൊടിയേറി. രാത്രി 9 ന് ക്ഷേത്രം തന്ത്രി ചേന്നാസ് നമ്പൂതിരിപ്പാട് സ്വർണ ധ്വജസ്തംഭത്തിൽ സപ്തവർണക്കൊടിയേറ്റി. കൊടിയേറ്റത്തിന് മുന്നോടിയായി ദീപാരാധനക്ക് ശേഷം കൂറയും പവിത്രവും നൽകി ആചാര്യവരണം നടത്തി. അത്താഴ പൂജ, കൊടിപ്പുറത്ത് വിളക്ക് എന്നിവ നടന്നു. രാവിലെ ആനയില്ലാ ശീവേലി നടന്നു. രാത്രി മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ കഥകളി അരങ്ങേറി. ഉത്സവം എട്ടാം ദിവസം വരെ മേൽപത്തൂർ ഓഡിറ്റോറിയത്തിൽ രാവിലെ മുതൽ രാത്രി വരെ തുടർച്ചയായി കലാപരിപാടികൾ അരങ്ങേറും. ഇന്ന് രാവിലെ ദിക്ക് കൊടികൾ സ്ഥാപിക്കും. ഉത്സവത്തിൻറെ സവിശേഷതയായ ‘പകർച്ച’ ഇന്ന് തുടങ്ങും. ഉച്ചക്ക് കഞ്ഞിയും പുഴുക്കും, രാത്രി ചോറും രസകാളനുമാണ് പകർച്ചയുടെ വിഭവങ്ങൾ. ഇടിച്ചക്കയും മുതിരയുംകൊണ്ടാണ് കഞ്ഞിയുടെ പുഴുക്ക്. അതിന് പുറമെ തേങ്ങാപ്പൂള്, ശർക്കര, പപ്പടം, മാങ്ങാക്കറി എന്നിവയും വിഭവങ്ങളായുണ്ടാകും. ഉത്സവം എട്ടാം നാൾ വരെയാണ് കഞ്ഞിയും പകർച്ചയും. ഈ മാസം 15ന് ആറാട്ടോടെയാണ് ഉത്സവം കൊടിയിറങ്ങുക. പടം; ഗുരുവായൂർ ക്ഷേത്രോത്സവത്തിന് ക്ഷേത്രം തന്ത്രി ചേന്നാസ് ഹരി നമ്പൂതിരിപ്പാട് കൊടിക്കയറ്റുന്നു
Comments are closed.