1470-490

പ്രളയഫണ്ട് തട്ടിപ്പ്: കൂടുതല്‍ സിപിഎം നേതാക്കള്‍ക്കെതിരെ പരാതി

കൊച്ചി: പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പില്‍ എറണാകുളം ജില്ലയിലെ പ്രമുഖ സിപിഎം നേതാക്കള്‍ക്ക് പങ്കുണ്ടെന്ന ആരോപണം ശക്‌തമാകുന്നു. ഫണ്ട് തട്ടിപ്പില്‍ കളമശേരി ഏരിയ സെക്രട്ടറി വി.എ.സക്കീര്‍ ഹുസൈനു പങ്കുണ്ടെന്നാണ് പ്രധാന ആരോപണം. സക്കീര്‍ ഹുസെെന്റെ പങ്കിനെ കുറിച്ച്‌ അന്വേഷണം ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ ജി.ഗിരീഷ് ബാബു സഹകരണമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.
സക്കീര്‍ ഹുസൈന്റെ നേതൃത്വത്തില്‍ നടന്ന വന്‍ ഗൂഢാലോചനയാണ് പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിന് പിന്നിലെന്നാണ് സഹകരണ മന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. കലക്ടറുടെ ഫണ്ടില്‍ നിന്ന് അയ്യനാട് സഹകരണ ബാങ്കിന്റെ അക്കൗണ്ടിലേക്ക് വന്ന 5.54 ലക്ഷം രൂപ കേസിലെ മുഖ്യ പ്രതിയായ അന്‍വറിന് നല്‍കാന്‍ ഏരിയാ സെക്രട്ടറിയായ സക്കീര്‍ ഹുസൈന്‍ ബാങ്ക് സെക്രട്ടറിക്ക് മേല്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് ആരോപണം. സംഭവം വിവാദമായതോടെ പണം തിരിച്ചടച്ച്‌ പ്രശ്നം ഒതുക്കി തീര്‍ക്കാന്‍ സക്കീര്‍ ഹുസൈന്‍ ശ്രമിച്ചതായും പരാതിയിലുണ്ട്. സക്കീര്‍ ഹുസൈന് പുറമേ സിപിഎം പ്രാദേശിക നേതാവും ബാങ്ക് പ്രസിഡന്‍റുമായ കെആര്‍ ജയചന്ദ്രന്‍റെയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങളുടെയും പങ്കിനെ കുറിച്ചും അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

Comments are closed.