1470-490

പി എഫ് പെൻഷൻ ഇനി ദേശീയ പെൻഷൻ മാതൃകയിൽ

ന്യൂഡൽഹി
എംപ്ലോയീസ്‌ പ്രോവിഡന്റ്‌ ഫണ്ടിൽ (ഇപിഎഫ്‌) പുതുതായി അംഗമാകുന്നവർക്ക്‌ ദേശീയ പെൻഷൻ പദ്ധതി (എൻപിഎസ്‌) മാതൃകയിൽ പെൻഷൻ അക്കൗണ്ട്‌ നടപ്പാക്കാൻ കേന്ദ്രസർക്കാർ. വ്യാഴാഴ്‌ച ചേർന്ന ഇപിഎഫ്‌ ട്രസ്‌റ്റ്‌ ബോർഡ്‌ യോഗത്തിലാണ്‌ കേന്ദ്രസർക്കാർ നിലപാട്‌ വ്യക്തമാക്കിയത്‌. ഇപിഎഫ്‌ പെൻഷൻ പദ്ധതി അവലോകനത്തിനായി നിയോഗിച്ച ഉന്നതസമിതിയുടെ  ശുപാർശയായാണ്‌ ഈ നിർദേശം അവതരിപ്പിച്ചത്‌. ട്രേഡ്‌ യൂണിയൻ പ്രതിനിധികൾ ഒന്നടങ്കം പ്രതിഷേധിച്ചതിനാൽ കൂടുതൽ ചർച്ചകൾക്കായി മാറ്റിവച്ചു.

നിലവിൽ എല്ലാ അംഗങ്ങളുടെയും പ്രതിമാസ വേതനത്തിൽനിന്നുള്ള  വിഹിതം പൊതുപെൻഷൻ ഫണ്ടിലേക്കാണ്‌ പോകുന്നത്‌. ഇതിനുപകരം, പുതിയ അംഗങ്ങളുടെ  പ്രതിമാസവിഹിതം  വ്യക്തിഗത അക്കൗണ്ടുകളിലാക്കും.  58 വയസ്സാകുമ്പോൾ മൊത്തം നിക്ഷേപത്തിന്റെ അടിസ്ഥാനത്തിലാകും പെൻഷൻ നിശ്‌ചയിക്കുക.  മിനിമം പെൻഷൻ ഓരോ സമയത്തും  കേന്ദ്രസർക്കാർ പ്രഖ്യാപിക്കും.

സിഐടിയു പ്രതിനിധി എ കെ പത്മനാഭൻ നിർദേശത്തെ എതിർത്തു. ഇപിഎഫ്‌‌ പെൻഷൻ പദ്ധതി അട്ടിമറിക്കാനുള്ള നീക്കമാണ്‌ സർക്കാർ നടത്തുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. ഇതര ട്രേഡ്‌ യൂണിയൻ പ്രതിനിധികളും സർക്കാർ നിർദേശത്തോട്‌ വിയോജിച്ചതോടെ യോഗത്തിൽ  അധ്യക്ഷനായിരുന്ന തൊഴിൽമന്ത്രി സന്തോഷ്‌ ഗങ്‌വർ പിന്നീട്‌ ചർച്ചയാകാമെന്ന്‌  പറഞ്ഞ്‌ വിഷയം മാറ്റി.

പുതിയ അംഗങ്ങളെ  എൻപിഎസിൽ ചേർത്താൽ ഇപിഎഫ്‌ പെൻഷൻ പദ്ധതി ക്രമേണ ദുർബലമാകും. ഒടുവിൽ  നിലനിൽപ്പ്‌ അപകടത്തിലാകും. ഇപിഎഫിൽനിന്ന്‌ ഓഹരിവിപണിയിൽ നിക്ഷേപിച്ചതിന്‌ പ്രതീക്ഷിച്ച വരുമാനം ലഭിക്കുന്നില്ലെന്ന്‌ കേന്ദ്രസർക്കാർ സമ്മതിച്ചിട്ടുണ്ട്‌

Comments are closed.