1470-490

2019-ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു.

ദില്ലി: ഈ വര്‍ഷം നടക്കേണ്ട കേരളത്തിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് 2019-ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. 
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലാണ് കോടതിയില്‍ ഹാജരായത്. തെരഞ്ഞടുപ്പ് കമ്മീഷൻ സ്വതന്ത്ര ഭരണ ഘടനാ സ്ഥാപനമാണെന്നും വോട്ടർ പട്ടിക തയ്യാറാക്കുന്നത് പോലുള്ള  പ്രവർത്തനങ്ങളിൽ   ഹൈക്കോടതി നടത്തിയ ഇടപെടൽ അംഗീകരിക്കാനാകില്ലെന്നും കെകെ വേണുഗോപാല്‍ കോടതിയില്‍ വാദിച്ചു.  ചീഫ്ജസ്റ്റിസ് അധ്യക്ഷനായ 3 അംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസിലെ കക്ഷികളായ സംസ്ഥാന സര്‍ക്കാരിനും കോണ്‍ഗ്രസിനും മുസ്ലീംലീഗിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
മറ്റു കക്ഷികളുടെ നിലപാട് കൂടി അറിഞ്ഞ ശേഷം കേസ് രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കും. തദ്ദേശസ്വയംഭരണസ്ഥാപന തെരഞ്ഞെടുപ്പിനായി 2015-ലെ വോട്ടര്‍പട്ടിക ഉപയോഗിക്കാം എന്നായിരുന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റേയും സംസ്ഥാന സര്‍ക്കാരിന്‍റേയും നിലപാട്. എന്നാല്‍ ഈ നിലപാട് ചോദ്യം ചെയ്ത് യുഡിഎഫ് കേരള ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 
2019- ലോക്സഭാ തെരഞ്ഞെടുപ്പ് സമീപകാലത്താണ് കഴിഞ്ഞതെന്നും ഈ പട്ടിക ഉപയോഗിക്കുകയാണ് വേണ്ടതെന്നും മറിച്ച് 2015-ലെ പട്ടിക പുതുക്കുന്നത് ജനങ്ങള്‍ക്ക് ഇരട്ടി ബുദ്ധിമുട്ട് സൃഷ്ടിക്കും എന്നുമായിരുന്നു യുഡിഎഫിന്‍റെ വാദം. യുഡിഎഫിന്‍റെ ഹര്‍ജി പരിഗണിച്ച കേരള ഹൈക്കോടതി 2019-ലെ പട്ടിക ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തിക്കൂടെയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറോട് ചോദിക്കുകയും തുടര്‍ന്ന് ഈ രീതിയില്‍ വിധി പുറപ്പെടുവിക്കുകയുമായിരുന്നു.

Comments are closed.