1470-490

മുരിയാട് വീടുപൂട്ടി വീട്ടുകാർ പുറത്ത് പോയ തക്കത്തിന് വീടിന്റെ വാതിൽ തകർത്ത് സ്വർണ്ണാഭരണങ്ങളും പണവും മോഷ്ടിച്ച വിരുതനെ ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷും സംഘവും പിടികൂടി.

കൊടകര  . മുരിയാട് വീടുപൂട്ടി വീട്ടുകാർ പുറത്ത് പോയ തക്കത്തിന് വീടിന്റെ വാതിൽ തകർത്ത് സ്വർണ്ണാഭരണങ്ങളും പണവും മോഷ്ടിച്ച വിരുതനെ ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷും സംഘവും പിടികൂടി.
തൃശൂർ പുത്തൂർ വില്ലേജിൽ വെട്ടുകാട് താമസിക്കുന്ന കണ്ണംകുന്നി വീട്ടിൽ ജോസിന്റെ മകൻ ഡെയ്സൺ എന്ന 43 വയസ് കാരനാണ് പിടിയിലായത്. കഴിഞ്ഞ ജനുവരി മാസം മുപ്പത്തൊന്നാം തീയതി മുരിയാട് സ്വദേശിയായ തയ്യൽക്കാരനും കുടുംബവും താമസിക്കുന്ന വീട്ടിൽ വീട്ടുകാർ പുറത്ത് പോയ പകൽനേരം ആരോ പിൻവാതിൽ ഉളി പോലുള്ള എന്തോ ആയുധമുപയോഗിച്ച് കുത്തിത്തുറന്ന് അകത്തു കയറി കിടപ്പുമുറിയുടെ വാതിൽ തകർത്ത് അലമാരയുടെ പുട്ടുകൾ തിക്കിത്തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന കമ്മലുകളും വളയും ഏലസുമടക്കം  സ്വർണ്ണാഭരണങ്ങളും പഴ്സിൽ സൂക്ഷിച്ചിരുന്ന പണവും മോഷ്ടിച്ചതായിരുന്നു സംഭവം.
വൈകീട്ട് അഞ്ചരയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.ഉടൻ ആളൂർ സ്റ്റേഷനിലെത്തി പരാതി നൽകുകയും ആളൂർ എസ്ഐയും സംഘവും സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തുകയും ഫിംഗർപ്രിൻറ് എക്പേർട്ടിന്റെ സഹായത്തോടെ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയും ചെയ്തിരുന്നു.
പ്രതിയെ കണ്ടെത്തുന്നതിന് ചാലക്കുടി ഡിവൈഎസ്പിയുടെ നിർദ്ദേശ പ്രകാരം പ്രത്യേക സംഘം രൂപീകരിച്ച് ജില്ലക്കകത്തും പുറത്തുമുള്ള സമാനമയ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെപ്പറ്റി വിശദമായ അന്വേഷണം നടത്തുകയും ഇവരെ രഹസ്യനിരീക്ഷണം നടത്തിവരികയും ചെയ്യവേയാണ് ഡെയ്സൻ പിടിയിലാവുന്നത്. ഒല്ലൂരിൽ മുൻപ് ഒരു വീടിന്റെ പിൻവാതിൽ തകർത്ത് അകത്തു കയറി ഇയാൾ മോഷണം നടത്തിയിരുന്നു. ഇതാണ് ഈ കേസിലും ഇയാളെ സംശയിക്കാൻ ഇടയായത്. പ്രത്യേകാന്വേഷണ സംഘത്തിൽ ആളൂർ എസ് ഐ കെ.എസ്.സുശാന്ത്, അഡീഷണൽ എസ് ഐ സത്യൻ, ക്രൈം സ്ക്വാഡ് അംഗങ്ങളായ  ജിനു മോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എംമൂസ, വി.യു സിൽജോ, എ.യു റെജി, ഷിജോ തോമസ്, ആളൂർ സ്റ്റേഷനിലെ എഎസ്ഐ സന്തോഷ് ,സീനിയർ സിപിഒ ശ്രീജിത് എന്നിവരാണ് ഉണ്ടായിരുന്നത്.
ആളൂർ സ്റ്റേഷനിലെത്തിച്ച് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ ഡെയ്സൺ കുറ്റം സമ്മതിച്ചതിനെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പും മറ്റും പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും. തെളിവെടുപ്പിനെ തുടർന്ന് മോഷ്ടിച്ച സ്വർണ്ണാഭരണങ്ങൾ വിൽപന നടത്തിയത് മുഴുവനായും വിൽപന നടത്തിയ കടയിൽ നിന്നും അന്വേഷണ സംഘത്തിന് കണ്ടെടുക്കാൻ കഴിഞ്ഞു.
സമീപകാലത്തായി ചാലക്കുടി സബ് ഡിവിഷനിലെ വിവിധ സ്റ്റേഷൻ പരിധികളിൽ ഉണ്ടായ സമാനമായ മോഷണങ്ങളിൽ ഡെയ്സൺ ഉൾപ്പെട്ടിട്ടുണ്ടോയെന്നും മറ്റും വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു

Comments are closed.