1470-490

മോദി സർക്കാരിന്റെ ഭരണത്തിന് കീഴിൽ രാജ്യത്ത് കോടതികൾ വിറങ്ങലിച്ചു നിൽക്കുന്ന അവസ്ഥയാണ് രാജ്യത്ത് ഇന്നുള്ളതെന്ന് മുൻ കെ.പി.സി.സി. അധ്യക്ഷൻ വി.എം.സുധീരൻ.

ഗുരുവായൂർ: മോദി സർക്കാരിന്റെ ഭരണത്തിന് കീഴിൽ രാജ്യത്ത് കോടതികൾ വിറങ്ങലിച്ചു നിൽക്കുന്ന അവസ്ഥയാണ് രാജ്യത്ത് ഇന്നുള്ളതെന്ന് മുൻ കെ.പി.സി.സി. അധ്യക്ഷൻ വി.എം.സുധീരൻ.  കെ.പി.സി.സി. ജനറൽ സെക്രട്ടറിയായി നിയമിതനായ ഒ.അബ്ദുൾ റഹിമാൻ കുട്ടിയ്ക്ക് ഗുരുവായൂർ നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റി നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി സർക്കാരിന്റെ കാട്ടാള നിയമത്തിനെതിരെ യഥാസമയത്ത് സുപ്രീംകോടതി പ്രതികരിച്ചിരുന്നെങ്കിൽ ഇന്നത്തെ അവസ്ഥ ഒഴിവാക്കാമായിരുന്നു. പൗരത്വ നിയമത്തിനെതിരെയുള്ള പരാതികൾ കേൾക്കാൻ കോടതി സമയമെടുക്കുന്നു. യഥാസമയത്ത് നടപടിയെടുക്കുവാൻ കോടതികൾക്ക് സാധിച്ചിരുന്നെങ്കിൽ കലാപങ്ങൾ ഒഴിവാകുമായിരുന്നെന്നും സുധീരൻ അഭിപ്രായപ്പെട്ടു. ഇന്നലെ മുതൽ സുപ്രീകോടതിയ്ക്ക് മാറ്റം വന്നുതുടങ്ങിയിട്ടുണ്ട്.
   കലാപത്തിന് ആഹ്വാനം ചെയ്യുന്നവരെ അറസ്റ്റ് ചെയ്ത് ശിക്ഷാനടപടികൾ സ്വീകരിക്കേണ്ടതിന് പകരം കേന്ദ്ര സർക്കാർ ഇവർക്ക് വൈ കാറ്റഗറി സുരക്ഷയൊരുക്കുകയാണെന്നും വി.എം.സുധീരൻ കുറ്റപ്പെടുത്തി. ലോകത്തിന്റെ മുന്നിൽ ഇന്ത്യൻ ഭരണകൂടത്തിന്റെ പ്രതിച്ഛായ വീണുടയുന്ന അസാധാരണ സ്ഥിവിശേഷം വന്നു ചേർന്നിരിക്കുകയാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന ജീവിക്കാനുള്ള അവകാശം രാജ്യത്തെ ജനങ്ങൾക്ക് നിഷേധിക്കപ്പെടുകയാണ്. നരേന്ദ്രമോദിയുടെ ഭരണത്തിന് കീഴിൽ ഇഷ്ടമില്ലാത്തവരെ വകവരുത്തി ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്ന കാഴ്ച്ചയാണ് കാണുന്നതെന്നും വി.എം.സുധീരൻ പറഞ്ഞു.
   നാനാജാതി മതസ്ഥരായ ജനങ്ങളെയും ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടു പോകുന്ന ഇന്ത്യയെ ലോകരാഷ്ടരങ്ങൾ അത്ഭുതത്തോടെ അഭിനന്ദനപൂർവ്വമാണ് നോക്കി കണ്ടിരുന്നത്. പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയ്തു കൊണ്ടു 140 ഓളം ഹർജികൾ സുപ്രീംകോടതിയിൽ എത്തിയിട്ടുണ്ട്. ചരിത്രത്തിൽ ആദ്യമായി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിഭാഗം ഈ ഹർജികളിൽ കക്ഷി ചേരാൻ തയ്യാറായിട്ടുണ്ട്. ഇന്ത്യ ഏർപ്പെട്ടിട്ടുള്ള മനുഷ്യാവകാശ കരാറുകളുടെ ലംഘനവും നീതി നിഷേധവും തുല്യനീതി ഇല്ലായ്മ ചെയ്യലുമാണ് പൗരത്വ ഭേദഗതി നിയമം എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിഭാഗം ഇതിന് മുന്നോട്ട് വന്നിട്ടുള്ളത്.
      കേന്ദ്ര സർക്കാർ മതത്തിന്റെ പേരിൽ ആളുകളെ കൊലപ്പെടുത്തുന്നുവെങ്കിൽ സംസ്ഥാന സർക്കാർ രാഷ്ട്രീയത്തിന്റെ പേരിലാണ് ആളുകളെ കൊലപ്പെടുത്തുന്നത്. പ്രളയ ദുരിതാശ്വാസ ഫണ്ട് പോലും കൃത്യമായി കൊടുത്തു തീർക്കാൻ കഴിയാത്ത സംസ്ഥാന സർക്കാർ കൊലക്കേസ് സിബിഐയ്ക്ക് വിടാതിരിക്കുന്നതിനായി കേസ് നടത്തുവാനായി കോടികളാണ് ചിലവഴിക്കുന്നത്. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പിണറായി വിജയനും ഒരേ പ്രവർത്തന രീതിയാണ്. രണ്ട് പേരും കൊലയാളികളെ സംരക്ഷിക്കുകയാണ് ചെയ്തുവരുന്നതെന്നും സുധീരൻ അഭിപ്രായപ്പെട്ടു.
      കെ.പി.സി.സി. വൈസ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് അധ്യക്ഷനായി. മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ ഉപഹാര സമർപ്പണം നിർവഹിച്ചു. മുൻമന്ത്രി കെ.പി.വിശ്വനാഥൻ, ടി.വി.ചന്ദ്രമോഹൻ, ജോസഫ് ചാലിശ്ശേരി, പി.റ്റി അജയ്‌മോഹൻ, രാജേന്ദ്രൻ അരങ്ങത്ത്, പി.കെ.അബൂബക്കർ ഹാജി, സി.ഒ.ജേക്കബ്, വി.വേണുഗോപാൽ, പി.യതീന്ദ്രദാസ്, കെ.ഡി.വീരമണി, പി.കെ.രാജൻ, അഡ്വ.ടി.എസ്.അജിത്, സി.എ.ഗോപപ്രതാപൻ, സി.മുസ്താഖ് അലി, കെ.നവാസ്, വി.കെ.ഫസലൂൽ അലി എന്നിവർ സംസാരിച്ചു. ഒ.അബ്ദുൾ റഹിമാൻ കുട്ടി മറുപടി പ്രസംഗം നടത്തി.

Comments are closed.