1470-490

ആനയോട്ടത്തിൽ മുൻ നിരയിൽ ഓടുന്നതിനുള്ള ആനകളെ നറുക്കിട്ടെടുത്തു.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടക്കുന്ന പ്രസിദ്ധമായ ആനയോട്ടത്തിൽ മുൻ നിരയിൽ ഓടുന്നതിനുള്ള ആനകളെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. ഗോപി കണ്ണൻ, നന്ദിനി, നന്ദൻ, കണ്ണൻ, ചെന്താമരാക്ഷൻ എന്നീ ആനകളാണ് തെരഞ്ഞെടുക്കപ്പെട്ടത്. അച്യുതൻ, ദേവദാസ് എന്നീ കൊമ്പൻമാരെ കരുതലായും തെരഞ്ഞെടുത്തിട്ടുണ്ട്. ഇന്നലെ രാവിലെ 7 മണിയോടെ കിഴക്കേനടയിൽ വലിയ ദീപസ്തംഭത്തിന് സമീപത്തായിരുന്നു നറുക്കെടുപ്പ്. ദേവസ്വം ആന വിദഗ്ധ സമിതി തയ്യാറാക്കിയ 10 ആനകളുടെ പട്ടികയിൽ നിന്നാണ് മുൻ നിരയിൽ ഓടുന്നതിനുള്ള ആനകളെ തെരഞ്ഞെടുത്തത്. ദേവസ്വം ചെയർമാൻ അഡ്വ.കെ.ബി.മോഹൻദാസ് ആദ്യ നറുക്കെടുത്തു. ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി നമ്പൂതിരിപ്പാട്, ഭരണസമിതിയംഗങ്ങളായ എ.വി. പ്രശാന്ത്, കെ.വി.ഷാജി, ഇ.പി.ആർ.വേശാല, ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ എസ്.വി.ശിശിർ, ജീവധനം ഡെപ്യുട്ടി അഡ്മിനിസ്‌റ്റ്രേറ്റർ എസ്.ശശിധരൻ എന്നിവർ നറുക്കെടുപ്പിൽ സന്നിഹിതരായി. ഇന്ന് ഉച്ചതിരിഞ്ഞ് ക്ഷേത്രത്തിൽ നാഴിക മണി മൂന്ന് അടിക്കുമ്പോഴാണ് മഞ്ജുളാൽ പരിസരത്തു നിന്നും ആനയോട്ടം ആരംഭിക്കുക. ദേവസ്വം ആനത്തറവാട്ടിലെ 22 ആനകളാണ് ആനയോട്ടത്തിൽ പങ്കെടുക്കുന്നത്.

Comments are closed.