1470-490

മലയാള സിനിമയില്‍ വ്യാജ കാസ്റ്റിങ് ഡയറക്ടര്‍മാര്‍ വിലസുന്നു

കൊച്ചി: മലയാള സിനിമാരംഗത്ത് കാസ്റ്റിങ് ഡയറക്ടർമാർ എന്ന പേരിൽ തട്ടിപ്പ് വ്യാപകം. കഴിഞ്ഞ രണ്ടുമാസത്തിനിടെ ഒട്ടേറെ പരാതികൾ ഫെഫ്കയ്ക്ക് ലഭിച്ചു.

സിനിമയിലേക്ക് അഭിനേതാക്കളെ ആവശ്യമുണ്ടെന്ന് അറിയിച്ചുള്ള കാസ്റ്റിങ് കോളുകൾ സാമൂഹികമാധ്യമങ്ങളിലൂടെയാണ് പ്രചരിപ്പിക്കുന്നത്. സിനിമയിൽ പണം മുടക്കാമെങ്കിൽ നായകനാക്കാമെന്ന് പറഞ്ഞാണ് യുവാക്കളിൽനിന്ന് പണംതട്ടുന്നത്. യുവതികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നുമുണ്ട്. കോഴിക്കോട്, കണ്ണൂർ, മലപ്പുറം ഭാഗങ്ങളിലാണ് തട്ടിപ്പ് കൂടുതൽ.
ബോളിവുഡിലും കോളിവുഡിലും പ്രൊഫഷണൽ കാസ്റ്റിങ് ഡയറക്ടർമാരായി പ്രവർത്തിക്കുന്നവർ ധാരാളമുണ്ട്. എന്നാൽ, മലയാളത്തിൽ ചുരുക്കം പേരേയുള്ളൂ. ഇവർക്ക് രജിസ്ട്രേഷനോ സംഘടനകളിൽ അംഗത്വമോ ഇല്ല.
സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്ന വ്യാജ കാസ്റ്റിങ് കോൾ പരസ്യങ്ങൾ സിനിമാരംഗത്തുള്ളവരും തെറ്റിദ്ധരിച്ച് പങ്കുവെക്കാറുണ്ട്. ഇതോടെ ഈ വ്യാജ സന്ദേശങ്ങൾക്ക് വിശ്വസീയത വരും. വ്യക്തിപരമായി അറിയാത്തവരുടെ കാസ്റ്റിങ് പോസ്റ്റുകൾ ഫോർവേർഡ് ചെയ്യരുതെന്ന് ഫെഫ്ക അംഗങ്ങൾക്ക് നിർദേശം നൽകിയിരിക്കുകയാണ്.

വിലങ്ങിടാൻ ഫെഫ്ക
ഫെഫ്കയ്ക്കുകീഴിൽ കാസ്റ്റിങ് ഡയറക്ടർമാർ ആരുമില്ല. ആക്ഷേപങ്ങൾ ഒഴിവാക്കുന്നതിന് കാസ്റ്റിങ് ഡയറക്ടർമാർ ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യുട്ടീവ്സ് യൂണിയൻ ജനറൽ സെക്രട്ടറിയുമായി ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്. ഇവരുടെ വിവരങ്ങൾ ശേഖരിക്കുന്നതു വഴി വ്യാജനെ കണ്ടെത്തും.

Comments are closed.