1470-490

പാഠം ഒന്ന് – കൊറോണാ…

കൊറോണാ വന്നതോടെ ലോകമെമ്പാടും വലിയ ഭയ ഭക്തി വിശ്വാസ്യതയുടെ ചെയ്തു പോരുന്ന പല ആചാരങ്ങളും അനുഷ്ട്ടാനങ്ങളും താൽക്കാലികമായി എങ്കിലും നിർത്തുന്നത് കേൾക്കാനും കാണാനും  ഒരു സുഖമുണ്ട്. 
ക്രിസ്ത്യാനികളുടെ തിരുവോസ്തി സ്വീകരണവും ഒരേ കോപ്പയിൽ നിന്നുള്ള വീഞ്ഞ് കുടിക്കലും (വിദേശങ്ങളിൽ ക്രിസ്ത്യാനികൾ വീഞ്ഞ് കുടിക്കുന്നത് ഒരേ കോപ്പയിൽയിൽനിന്നുമാണ്) ഇപ്പോൾ പലയിടങ്ങളിലും നിർത്തലാക്കിയിട്ടുണ്ട്. കൂട്ടം കൂടിയുള്ള പ്രാർത്ഥനകളും ധ്യാനം പോലെയുള്ള പ്രഹസനങ്ങളും വലിയതോതിൽ കുറഞ്ഞിട്ടുണ്ട്. 
മുസ്ലീമുകളുടെ പവിത്രമായ ഒരു ചടങ്ങാണ് ഉംറ എന്നുള്ളത്. അതിനും ഇപ്പോൾ സൗദി സർക്കാർ കടുത്ത വിലക്കുകൾ ഏർപ്പെടുത്തിത്തുടങ്ങിയിരിക്കുന്നു. ഇനിയും ഹജ്ജ് വരാനിരിക്കുന്നതേയുള്ളൂ.. കൊറോണാ കൂടുതൽ രാക്ഷസരൂപിയായാൽ ഒരുപക്ഷെ ഹജ്ജ് പോലും നിർത്തിവെയ്ക്കാൻ സൗദി സർക്കാർ മടിക്കില്ല. 
അടുത്തകാലത്തു നമ്മുടെ നാട്ടിൽ പ്രചാരം സിദ്ധിച്ച ഒരു ഹൈന്ദവ ആചാരമാണ് പൊങ്കാല. അതും ഇപ്പോൾ ഏതാണ്ട് ക്യാൻസൽ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ചുരുക്കി പറഞ്ഞാൽ കൊറോണാ അറിഞ്ഞൊന്നു വിളയാടിയാൽ നമ്മുടെ ദേവാലയങ്ങളും ക്ഷേത്രങ്ങളും മസ്ജിത്തുകളും എല്ലാം ശൂന്യമാകും എന്നതിൽ രണ്ടുപക്ഷമില്ല. 
അപ്പോൾ വെറും പ്രഹസനങ്ങളായ ഇത്തരം വിലകുറഞ്ഞ ചേഷ്ടകളുടെ അർത്ഥരാഹിത്യത്തെ കുറിച്ച് ഇനിയെങ്കിലും മനുഷ്യൻ ബോധവാന്മാരാകേണ്ടതുണ്ട്. ഈശ്വരീയത നമ്മുടെ ഉള്ളിലാണെന്നും അപരന്റെ പീഢ എന്റെയും പീഢയെന്നു തിരിച്ചറിയുവാൻ ഇത്തരം വ്യാധികൾ ഇടക്കെല്ലാം നമ്മെ സന്ദർശിക്കുന്നത് നല്ലതാണ്. 
കൊറോണക്ക് ഹിന്ദുവെന്നോ മുസ്ലീമെന്നോ ക്രിസ്ത്യാനിയെന്നോ ഉള്ള വ്യത്യസമില്ല. അവൻ കേറിയൊന്നു അർമാദിച്ചാൽ ഇവിടെ നമ്മെ ആചാരപ്രകാരം കുഴിച്ചിടാൻപോലും ആരുമുണ്ടാകില്ല. ആരെങ്കിലും അവശേഷിച്ചാൽ തന്നെ JCB കൊണ്ട് വലിയ കിടങ്ങുകൾ ഉണ്ടാക്കി നമ്മെയെല്ലാം ഒരേ മതസ്ഥരാക്കി ഒരേ കുഴിയിൽ ഖബറടക്കും. 
അപ്പോൾ നീ അങ്ങോട്ട് മാറിക്കിടക്കടാ ഞാൻ ഹിന്ദുവാണെന്ന് പറയാൻ ആർക്കും കഴിഞ്ഞെന്നു വരില്ല. അപ്പോൾ ജയ് ശ്രീറാമും അള്ളാഹു അക്ബറും നസ്രായനായ കർത്താവും എല്ലാം നിസഹായരായി നമ്മെ നോക്കി നിൽക്കും. അതെ അവർ ഇപ്പോഴും നിസഹായരായി നമ്മെ നോക്കി നിൽക്കുകയാണ്….
ഇനി ഒരുവേള ആരെങ്കിലും അതിൽ തട്ടിപോകാത്തവർ ഉണ്ടെങ്കിൽ അവർ ഭാര്യയെയും മക്കളെയും കെട്ടിപിടിച്ചുകൊണ്ടു ഉള്ളതുകൊണ്ട് സന്തോഷമായി സ്വന്തം വീടുകളിൽ ഒതുങ്ങും. അപ്പോൾ നമുക്കു അങ്ങനെയും ജീവിക്കാനറിയാം എന്നൊരു തിരിച്ചറിവ് നൽകുന്ന ഗുണപാഠം വളരെ വലിയതാണ്…

Comments are closed.