1470-490

വനിതാ ഹോസ്റ്റലിന്റെ നാമകരണത്തെ ചൊല്ലി കൗണ്‍സില്‍ യോഗത്തില്‍ ബിജെപിയുടെ പ്രതിഷേധം

കുന്നംകുളം നഗരസഭാ പ്രദേശത്ത് പുതിയതായി നിര്‍മ്മിച്ച വനിതാ ഹോസ്റ്റലിന്റെ നാമകരണത്തെ ചൊല്ലി കൗണ്‍സില്‍ യോഗത്തില്‍ ബിജെപിയുടെ പ്രതിഷേധം. ബിജെപിയിലെ അഞ്ച് അംഗങ്ങളുടെ പ്രതിഷേധത്തിനൊടുവില്‍ സുശീല ഗോപാലന്‍ വനിത ഹോസ്റ്റല്‍ എന്ന പേര് കൗണ്‍സില്‍ യോഗം അംഗീകരിച്ചു.യോഗ നടപടികള്‍ ആരംഭിച്ച ശേഷമാണ് നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച വനിതാ ഹോസ്റ്റലിന്റെ ഉദ്ഘാടനം സംബന്ധിച്ച ചര്‍ച്ചയില്‍ ബഹളം ആരംഭിച്ചു. ഭരണപക്ഷത്തെ പുഷ്പ ജോണ്‍ ആണ് മുന്‍മന്ത്രി സുശീല ഗോപാലന്റെ പേര് ഹോസ്റ്റലിനായി നിര്‍ദ്ദേശിച്ചത്. ആര്‍.എം.പിയിലെ കെ.എ.സോമന്‍ ഈ നിര്‍ദേശത്തെ പിന്താങ്ങുകയും ചെയ്തു. സുശീല ഗോപാലന്‍ എന്ന പേരില്‍  തങ്ങള്‍ക്ക് തടസ്സമില്ലെന്നും  എന്നാല്‍ നഗരത്തിലെ പ്രിയദര്‍ശിനി ഷോപ്പിങ് കോംപ്ലക്‌സിന്റെ ബോര്‍ഡ് എത്രയും വേഗം സ്ഥാപിക്കണമെന്നും കോണ്‍ഗ്രസ്സിലെ ഷാജി ആലിക്കല്‍ ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് വനിത ഹോസ്റ്റല്‍ സംബന്ധിച്ച് വൈസ് ചെയര്‍മാന്‍ പി.എം.സുരേഷ് വിശദമായി പ്രതിപാദിക്കുന്നതിനിടെയാണ് ബിജെപിയിലെ കെ.കെ.മുരളി പ്രതിഷേധവുമായി എഴുന്നേറ്റത്. ഈ പേരിനോട് തങ്ങള്‍ക്ക് അനുകൂല നിലപാട് ഇല്ലെന്നും ഇക്കാര്യം വോട്ടിങ്ങിനിട്ട് പാസാക്കണമെന്നായിരുന്നു മുരളിയുടെ ആവശ്യം. തുടര്‍ന്ന് വോട്ടിംഗ് നടത്തിയപ്പോഴാണ് ബിജെപിയിലെ 5 അംഗങ്ങള്‍ മാത്രം പ്രതിഷേധിച്ചത്. ബിജെപിയിലെ മറ്റുരണ്ട് അംഗങ്ങളായ ഗീത ശശിയും ശ്രീജിത്തും അനുകൂല നിലപാടാണ് സ്വീകരിച്ചത്. തുടര്‍ന്ന്  സുശീല ഗോപാലന്‍ എന്ന പേര് വനിതാ ഹോസ്റ്റലിന് കൗണ്‍സില്‍ യോഗം അംഗീകരിക്കുകയായിരുന്നു.നഗരസഭയില്‍ തുറക്കളം മാര്‍ക്കറ്റിനോട് ചേര്‍ന്ന് ആധുനിക അറവുശാല നിര്‍മ്മിക്കുന്നതിനായി കിഫ്ബിക്ക് പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ ഡിപിആര്‍  തയ്യാറാക്കുന്നത് ചുമതലപ്പെടുത്തിയിരുന്നു റാം ബയോളജിക്കല്‍ കോഴിക്കോട് എന്ന സ്ഥാപനത്തിന്റെ കരാര്‍ റദ്ദ് ചെയ്യാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു.ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ യോഗത്തില്‍ അധ്യക്ഷനായിരുന്നു

Comments are closed.