ദാ വരുന്നൂ ഗോമൂത്ര ഫെസ്റ്റിവൽ
ന്യൂഡൽഹി : ഒടിവിനും ചതവിനും ഗോമൂത്രത്തിൽ പിടിച്ച് വിദ്യ കാണിക്കുന്ന വൈദ്യൻ മാരെ കണ്ടിട്ടില്ലേ. ഇതാ കൊറോണയുടെ കേസിലും പാവം പശുവിന് പൊറുതിയില്ല . വൈറസ് വ്യാപിക്കുന്നത് തടയാൻ ‘ഗോമൂത്ര പാർട്ടി’ സംഘടിപ്പിക്കുമെന്ന് ഹിന്ദു മഹാസഭ. ചായ സത്കാരങ്ങളുടെ രീതിയിലാവും പരിപാടി സംഘടിപ്പിക്കുയെന്ന് ഹിന്ദു മഹാസഭ പ്രസിഡന്റ് ചക്രപാണി മഹാരാജ് പറഞ്ഞു.
ചൊവ്വാഴ്ചയോടെ രാജ്യത്ത് ആറാമത്തെ കൊറോണ രോഗബാധയും സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഹിന്ദുമഹാസഭയുടെ പ്രഖ്യപനം. കൊറോണ വ്യാപനം തടയാനായി സ്വീകരിച്ച മുന്നൊരുക്കങ്ങൾ വിലയിരുത്തിയതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വീറ്റ് ചെയ്തതിന് പിറകെയാണ് ഹിന്ദു മഹാസഭ കൊറോണ തടുക്കാൻ ഗോമൂത്ര സൽക്കാരം എന്ന ആശയം അവതരിപ്പിക്കുന്നത്.
ഗോമൂത്രത്തിന് പുറമെ ചാണകവും കൊറോണ വൈറസിനുള്ള ഔഷധമാകും എന്നാണ് ഹിന്ദു മഹാസഭ അവകാശപ്പെടുന്നത്.
“ചായ സത്കാരം പോലെ തന്നെ ഗോമൂത്ര സൽക്കാരവും സംഘടിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്. അവിടെ എത്തുന്ന ജനങ്ങൾക്ക് കൊറോണ വൈറസിനെ പറ്റി പറഞ്ഞു മനസ്സിലാക്കികൊടുക്കും. പശുവുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് വഴി എങ്ങനെ കൊറോണ വൈറസിനെ അകറ്റാമെന്നും പറഞ്ഞു കൊടുക്കും, ചക്രപാണി മഹരാജ് പറഞ്ഞു.
ആദ്യം ഡൽഹിയിലാണ് പരിപാടി സംഘടിപ്പിക്കുക. പിന്നീട് രാജ്യത്തിന്റെ പല ഭാഗങ്ങളിലും പരിപാടി സംഘടിപ്പിക്കാനാണ് തീരുമാനമെന്നും ചക്രപാണി പറഞ്ഞു. കോഴിയിറച്ചി കഴിച്ചതാണ് ഇന്ത്യയിലേക്ക് കൊറോണ വരാൻ കാരണമെന്നും “മൃഗങ്ങൾ സഹായത്തിനു വേണ്ടി കരയുന്നത് കേട്ടാണ് കൊറോണ വന്നതെന്നും ചക്രപാണി പറഞ്ഞു. നേരത്തെ കേരളത്തിൽ പ്രളയം വന്നത് ബീഫ് തിന്നുന്നതുകൊണ്ടാണെന്ന ചക്രപാണിയുടെ പ്രസ്താവന ഏറെ വിവാദമായിരുന്നു. മാംസാഹാരം കഴിക്കുന്നവരെ ശിക്ഷിക്കാനെത്തിയ അവതാരമാണ് കൊറോണയെന്ന വിവാദപ്രസ്‌താവനയും ചക്രപാണിയുടേതാണ്.
Comments are closed.