1470-490

മാധ്യമ സ്വാതന്ത്ര്യം – പ്രതിപക്ഷനേതാവിന്‍റെ സബ്മിഷന് മുഖ്യമന്ത്രിയുടെ മറുപടി

മാധ്യമസ്വാതന്ത്ര്യം അല്ലെങ്കില്‍ പത്രസ്വാതന്ത്ര്യം എന്നത് ഇന്ത്യന്‍ ഭരണഘടനയില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ള ഒന്നല്ല. ഭരണഘടനയുടെ 19-ാം അനുച്ഛേദം അനുവദിക്കുന്ന അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യത്തില്‍ നിന്ന് ഊര്‍ന്നുവരുന്നതായി നാം അനുമാനിക്കുന്ന ഒന്നാണ് മാധ്യമപ്രവര്‍ത്തന സ്വാതന്ത്ര്യം. പല രാഷ്ട്രങ്ങളും ഭരണഘടന രൂപപ്പെടുത്തിയപ്പോള്‍ തന്നെ മാധ്യമസ്വാതന്ത്ര്യം അതില്‍ എഴുതിച്ചേര്‍ത്തു.  അതു ചെയ്യാതിരുന്ന ചില രാഷ്ട്രങ്ങളാകട്ടെ ആദ്യ ഘട്ടങ്ങളിലെ ഭേദഗതികളിലൂടെ തന്നെ മാധ്യമസ്വാതന്ത്ര്യം ഭരണഘടനാപരമായി ഉറപ്പുവരുത്തി. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇന്ത്യയില്‍ ദീര്‍ഘകാലം ഭരിച്ചവര്‍ക്കോ ഇപ്പോള്‍ ഭരിക്കുന്നവര്‍ക്കോ ഇങ്ങനെയൊന്ന് ചെയ്യണമെന്ന് തോന്നിയിട്ടില്ല. ഭരണഘടനാപരമായ ഈ പരിരക്ഷയില്ലായ്മ മാധ്യമസ്വാതന്ത്ര്യത്തിന്‍റെമേല്‍ എന്നും ഇവിടെ കരിനിഴല്‍ വീഴ്ത്തിയിട്ടുണ്ട്.
ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തനത്തിനെതിരെ ഏറ്റവും വലിയ കടന്നുകയറ്റമുണ്ടായത് അടിയന്തരാവസ്ഥയുടെ ഘട്ടത്തിലാണ്. ഓരോ വാര്‍ത്തയ്ക്കും കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കുന്ന സെന്‍സര്‍മാരുടെ അപ്രൂവല്‍ തേടേണ്ട അവസ്ഥയാണ് അന്നുണ്ടായിരുന്നത്. ഭരണകക്ഷി തീരുമാനിക്കുന്ന ആളുകള്‍ പത്രങ്ങളുടെ ചീഫ് എഡിറ്റര്‍മാരായി മാറുന്ന നിലയുണ്ടായി. ദേശീയ പത്രങ്ങള്‍ വരെ എഡിറ്റോറിയല്‍ എഴുതാനാവാതെ ബ്ലാങ്ക് കോളങ്ങള്‍ പ്രസിദ്ധീകരിക്കുന്ന നിലയാണ് ആ ഘട്ടത്തിലുണ്ടായിരുന്നത്. പത്രമോഫീസുകള്‍ റെയ്ഡ് ചെയ്യപ്പെട്ടു. ബി.ജി.വര്‍ഗ്ഗീസ്, കുല്‍ദീപ് നയ്യാര്‍ തുടങ്ങിയ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍വരെ അറസ്റ്റു ചെയ്യപ്പെട്ടു.
അടിയന്തരാവസ്ഥയുടെ ഘട്ടത്തില്‍ അധികാരത്തിലിരുന്ന കോണ്‍ഗ്രസ്സുതന്നെയാണ് പിന്നീട് പോട്ട, ടാഡ തുടങ്ങിയ ഭീകര നിയമങ്ങള്‍ നടപ്പാക്കിയത്. ആ കരിനിയമങ്ങള്‍ക്ക് ഇരയായവരില്‍ മാധ്യമപ്രവര്‍ത്തകര്‍ വരെ ഉണ്ടായിരുന്നു എന്നതാണ് സത്യം.
മാധ്യമസ്ഥാപനങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ ഇന്ത്യയില്‍ അക്രമങ്ങള്‍ വര്‍ധിക്കുന്നു എന്നത് വസ്തുതയാണ്. ‘റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ്’ എന്ന സംഘടന തയ്യാറാക്കിയ ‘വേള്‍ഡ് പ്രസ് ഫ്രീഡം ഇന്‍ഡക്സില്‍’ ഉള്‍പ്പെട്ടിട്ടുള്ള 180 രാജ്യങ്ങളില്‍ 134-ാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞ ആറു വര്‍ഷമായി ഫിന്‍ലന്‍റാണ് ഒന്നാം സ്ഥാനത്തുള്ളത്. നെതര്‍ലാന്‍റ്സും നോര്‍വെയുമാണ് അവര്‍ക്കു തൊട്ടുപുറകിലുള്ളത്.  
മാധ്യമസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നത് ആധുനിക ഇന്ത്യയുടെ ചരിത്രത്തില്‍ പല ഘട്ടങ്ങളിലും നാം കണ്ടിട്ടുള്ളതാണ്. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട ഘട്ടത്തിലും ഗുജറാത്ത് കലാപങ്ങളുടെ ഘട്ടത്തിലും ഏറ്റവും ഒടുവില്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയിലുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലും മാധ്യമസ്വാതന്ത്ര്യം ഹനിക്കപ്പെട്ടിട്ടുണ്ട്. ഡല്‍ഹിയില്‍ ക്യാമറകളും മൈക്കുമായി എത്തിയ മാധ്യമപ്രവര്‍ത്തകരെ സംഘര്‍ഷ സ്ഥലങ്ങളിലേക്ക് കടത്തിവിടാതിരുന്നു എന്നുമാത്രമല്ല, മാധ്യമപ്രവര്‍ത്തകരോട് നിങ്ങള്‍ ഹിന്ദുവാണോ മുസ്ലീമാണോ എന്ന് ചോദിക്കുന്ന  നില വരെ ഉണ്ടായി.
ആള്‍ക്കൂട്ടകൊലപാതകങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നതില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ വിലക്കുന്ന സാഹചര്യങ്ങള്‍ വരെ സമീപകാലത്ത് ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ട്. അതേ സമയം മാധ്യമപ്രവര്‍ത്തകര്‍ കൊലചെയ്യപ്പെടുന്ന അവസ്ഥയും ഇന്ന് ഇന്ത്യയിലുണ്ട്. ഗൗരി ലങ്കേഷും ശാന്തനു ഭൗമിക്കും ഉള്‍പ്പെടെ 22 മാധ്യമപ്രവര്‍ത്തകരാണ് കഴിഞ്ഞ നാലു വര്‍ഷത്തിനിടെ കൊലചെയ്യപ്പെട്ടിട്ടുള്ളത്.
ഇന്ത്യയില്‍ മാധ്യങ്ങള്‍ക്കെതിരെ അപകീര്‍ത്തി കേസുകള്‍ ഫയല്‍ ചെയ്യപ്പെടുന്നത് വര്‍ധിക്കുന്നു എന്നാണ് ദക്ഷിണേഷ്യന്‍ മാധ്യമ നിരീക്ഷണ സംഘടനയായ ‘ഹൂട്ട്’ വ്യക്തമാക്കുന്നത്. ഒരു കോര്‍പ്പറേറ്റ് വമ്പന്‍ ഇന്ത്യയിലെ ഒരു മാധ്യമപ്രവര്‍ത്തകനെതിരെ 3000 കോടി രൂപയുടെ വരെ മാനനഷ്ട കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
കോര്‍പ്പറേറ്റുകള്‍ മാധ്യമ സ്ഥാപനങ്ങളെ അപ്പാടെ വിഴുങ്ങുന്ന പ്രതിഭാസവും ഇന്ത്യയിലിപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. കുറച്ചുകാലം മുമ്പ് 18 ഓളം മാധ്യമസ്ഥാപനങ്ങളെയാണ് ഇത്തരത്തില്‍ ഒരു പ്രത്യേക വ്യവസായ ഗ്രൂപ്പ് മാത്രം കൈക്കലാക്കിയത്.
കോര്‍പ്പറേറ്റുകളെ ഉപയോഗിച്ചുകൊണ്ട് അധികാരത്തിലിരി ക്കുന്നവര്‍ മാധ്യമങ്ങളെ തങ്ങളുടെ ചൊല്‍പ്പടിക്കു നിര്‍ത്തുന്നതും തങ്ങള്‍ക്ക് ഹിതകരമായ വാര്‍ത്തകള്‍ മാത്രമേ പ്രസിദ്ധീകരിക്കാവൂ എന്ന് നിര്‍ബന്ധിക്കുന്നതും നാം കാണുന്നുണ്ട്. വിയോജന അഭിപ്രായമുള്ള മാധ്യമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പരസ്യം നല്‍കാത്ത അവസ്ഥ തുടരുകയാണ്. അധികാരസ്ഥാനങ്ങളിലിരിക്കുന്നവര്‍ അത്തരം പ്രസിദ്ധീകരണങ്ങളുടെ ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്യുകപോലും ചെയ്തിട്ടുണ്ട്.
800 ലധികം ടെലിവിഷന്‍ ചാനലുകളാണ് ഇന്ന് ഇന്ത്യയിലുള്ളത്. കേബിള്‍ വിതരണ ശൃംഖലയിലുള്ളവയില്‍ 80 ശതമാനവും സ്വകാര്യമേഖലയിലുള്ളവയാണ്. വിയോജ നാഭിപ്രായം രേഖപ്പെടുത്തിയിട്ടുള്ള ടെലിവിഷന്‍ ചാനലുകളെ ബ്ലോക്ക് ചെയ്യുന്ന നില ഉണ്ടായിട്ടുണ്ട്. അധികാരികളെ വിമര്‍ശിക്കുന്ന എന്‍.ഡി.ടി.വി പോലുള്ള മാധ്യമ സ്ഥാപനങ്ങളും അവയുടെ ചുമതലയിലുള്ളവരുടെ വീടുകളും റെയ്ഡ് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രണോയ് റോയിയുടെ കാര്യം പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു.
കാശ്മീരിലും വടക്കുകിഴക്കന്‍ പ്രദേശങ്ങളിലും അടിയന്തരാ വസ്ഥ ഇല്ലാതെ തന്നെ മാധ്യമങ്ങള്‍ക്കുമേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ വരെ നിയന്ത്രിക്കാ നുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. സമൂഹമാധ്യമങ്ങള്‍ അപ്പാടെ നിരോധിച്ചുകളയുമോ എന്ന ആശങ്കപോലും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.
ദേശീയസ്ഥിതി ഇതായിരിക്കുമ്പോള്‍ തന്നെ മാധ്യമസ്വാതന്ത്ര്യ ത്തിനുമേല്‍ യാതൊരുവിധത്തിലുമുള്ള നിയന്ത്രണങ്ങളും കേരളത്തിലില്ല. മാധ്യമസ്ഥാപനങ്ങളോടും മാധ്യമപ്രവര്‍ത്ത കരോടും നല്ല രീതിയിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ വര്‍ഗ്ഗീയ ശക്തികള്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടപ്പോള്‍ സര്‍ക്കാര്‍ മാധ്യമപ്രവര്‍ത്തകരോടൊപ്പം നില്‍ക്കുകയും അക്രമികള്‍ ക്കെതിരെ ശക്തമായ നിയമനടപടികള്‍ കൈക്കൊള്ളുകയു മാണ് ചെയ്തിട്ടുള്ളത്. ഏതുതരം ആക്രമണത്തിന്‍റെ കാര്യത്തിലും മാധ്യമങ്ങളുടെ പക്ഷത്താണ് കേരള സര്‍ക്കാര്‍ നിലക്കൊണ്ടിട്ടുള്ളത്. മാധ്യമപ്രവര്‍ത്തകരുടെ പെന്‍ഷന്‍ ഉള്‍പ്പെടെ യുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ അവര്‍ക്കനുകൂലമായാണ് നിലകൊണ്ടിട്ടുള്ളത്. ഈ സര്‍ക്കാര്‍ പെന്‍ഷന്‍ 2000 രൂപ കണ്ട് വര്‍ധിപ്പിച്ചു. മാധ്യമപ്രവര്‍ത്തകനായിരുന്ന കെ.എം. ബഷീറിന്‍റെ  ഭാര്യയ്ക്ക് ജോലികൊടുക്കുന്ന പ്രക്രിയ അന്തിമഘട്ടത്തിലാണ്. ആ കുടുംബത്തിന് 6 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
ആരംഭത്തില്‍ സൂചിപ്പിച്ചതുപോലെ മാധ്യമസ്വാതന്ത്ര്യം അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശത്തില്‍ നിന്ന് നാം അനുമാനിച്ചെടുക്കുന്ന ഒന്നാണ്. അതിനാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും മാധ്യമസ്ഥാപനങ്ങള്‍ക്കും എതിരെ ദേശീയ തലത്തില്‍ വര്‍ധിച്ചുവരുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ മറ്റ് പല രാജ്യങ്ങളും ചെയ്തിട്ടുള്ളതുപോലെ മാധ്യമ സ്വാതന്ത്ര്യം ഭരണഘടനാപരമായി ഉറപ്പുവരുത്താനുമാണ് ശ്രദ്ധിക്കേണ്ടത്. അതിനുവേണ്ടി നമുക്ക് കൂട്ടായി ശ്രമിക്കാം. മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമസ്ഥാപനങ്ങള്‍ക്കും എതിരാ യുള്ള അക്രമങ്ങള്‍ തടയാന്‍ നിലവിലുള്ള നിയമങ്ങള്‍ കേരളത്തില്‍ വളരെ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. അത് വിജയം കാണുന്നുണ്ട്. മാധ്യമസ്വാതന്ത്ര്യത്തിന്‍റെ കാര്യത്തില്‍ മരുഭൂമിയിലെ പച്ചത്തുരുത്താണ് കേരളം.
മാധ്യമസ്വാതന്ത്ര്യത്തിന് ഭരണഘടനാപരമായ പരിരക്ഷ ഭേദഗതിയിലൂടെ ഉറപ്പുവരുത്തുക എന്നതാണ് പ്രധാനം. അത് ചെയ്യേണ്ടതാകട്ടെ കേന്ദ്രമാണ്. സംസ്ഥാനത്തിന്‍റെ പരിധിയില്‍ വരുന്ന കാര്യമല്ല. ഭേദഗതിയുടെ  അഭാവത്തില്‍ ഇന്ത്യയ്ക്കാകെ ബാധകമാകുന്ന ഏകീകൃതനിയമം ഉണ്ടാകാം. അക്കാര്യം കേന്ദ്രസര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്താവുന്നതുമാണ്.  

അത്തരത്തിലുള്ള ഒരു നിയമം നടപ്പിലാക്കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചുകൊണ്ട് കേരള സംസ്ഥാന നിയമസഭയ്ക്ക് ഒരു പ്രമേയം പാസാക്കാവുന്നതാണ്. ഏതു സാഹചര്യത്തിലായാലും മാധ്യമസംബന്ധമായി നിയമമുണ്ടാകുന്നത് മാധ്യമസ്വാതന്ത്ര്യത്തെ പരിരക്ഷിക്കുന്നവിധത്തില്‍ തന്നെ ആകുന്നു എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന അവസ്ഥ ഉണ്ടാവില്ല എന്ന് ഉറപ്പുണ്ടെങ്കിലേ ഈ ഘട്ടത്തില്‍ അത്തരമൊരു ആവശ്യം കേന്ദ്രത്തിന്‍റെ മുന്നില്‍ ഉന്നയിക്കേണ്ടതുള്ളൂ.  ഇക്കാര്യം കൂടി ആലോചിച്ചുവേണം ഇന്നത്തെ സവിശേഷ ഘട്ടത്തില്‍ മാധ്യമപ്രവര്‍ത്തനം സംബന്ധിച്ച നിയമനിര്‍മാണം കേന്ദ്രത്തോട് ആവശ്യപ്പെടുന്നത്. മാധ്യമസ്വാതന്ത്ര്യത്തെ അതിന്‍റെ ശുദ്ധിയില്‍ നിലനിര്‍ത്താന്‍ രാഷ്ട്രീയ പാര്‍ട്ടികളും ശ്രദ്ധിക്കേണ്ടതുണ്ട്. പെയ്ഡ് ന്യൂസ് പോലുള്ള കാര്യങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കേണ്ടതുണ്ട്

Comments are closed.