1470-490

ചാക്കോച്ചനും മുകേഷും വിസ്താരത്തിനെത്തില്ല

നടിയെ ആക്രമിച്ച കേസിൽ വിചാരണ ഇന്ന് നടക്കാനിരിക്കെ അവധിക്ക് അപേക്ഷ നൽകി നടന്മാരായ കുഞ്ചാക്കോ ബോബനും മുകേഷും. അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് വിചാരണയ്ക്ക് എത്താൻ സാധിക്കാത്ത കാരണം വിശദീകരിച്ച് കുഞ്ചാക്കോ ബോബൻ അപേക്ഷ നൽകിയത്. നിയമസഭ നടക്കുന്നതിനാൽ അവധി അനുവദിക്കണമെന്നാണ് മുകേഷ് ആവശ്യപ്പെട്ടത്. കേസിൽ മറ്റൊരു സാക്ഷിയായ സംവിധായകൻ ശ്രീകുമാർ മേനോനെ ഇന്ന് വിസ്തരിക്കും.

നേരത്തെ സാക്ഷി വിസ്താരത്തിന് ഹാജരാകാത്തതിനാൽ കുഞ്ചാക്കോ ബോബന് കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. വിസ്താരത്തിനായി വെള്ളിയാഴ്ച കോടതിയിൽ എത്താൻ നേരത്തേ സമൻസ് നൽകിയിരുന്നു. ഇതുപ്രകാരം എത്താതിരുന്നതിനെ തുടർന്നാണ് കോടതി വാറന്റ് പുറപ്പെടുവിച്ചത്.

കേസിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് നടന്മാരേയും നടിമാരേയും വിസ്തരിക്കാൻ കോടതി തീരുമാനിച്ചത്. നടിമാരായ മഞ്ജു വാര്യർ, ഗീതു മോഹൻദാസ്, ബിന്ദു പണിക്കർ എന്നിവരെ കോടതി കഴിഞ്ഞ ദിവസങ്ങളിൽ വിസ്തരിച്ചിരുന്നു. നടൻ സിദ്ദീഖിന്റെ വിസ്താരവും നടന്നു. സംയുക്ത വർമയെ സാക്ഷി വിസ്താരത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. ദിലിപീനെതിരെയുള്ള ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതിൽ ചലച്ചിത്ര രംഗത്ത് നിന്നുള്ളവരുടെ മൊഴി നിർണായകമാണ്. ഏപ്രിൽ ഏഴ് വരെയാണ് സാക്ഷികളെ വിസ്തരിക്കുന്നതിനുള്ള സമയം അനുവദിച്ചിട്ടുള്ളത്.

Comments are closed.