1470-490

രാജൻ കൃഷ്ണൻ അനുസ്മരണവും ‘ആശയ സംഗമവും‘ മാർച്ച് 4-നു

പ്രശസ്ത ചിത്രകാരനായിരുന്ന രാജൻ കൃഷ്ണന്റെ നാലാം ചരമവാർഷികമായിരുന്നു ഇക്കഴിഞ്ഞ ഫെബ്രുവരി 11.  രാജന്റെ സ്മരണ നിലനിർത്തുന്നതിനും രാജൻ ഉയർത്തിപ്പിടിച്ചിരുന്ന സൗന്ദര്യശാസ്ത്രത്തെയും കലാമൂല്യങ്ങളെയും കുറിച്ചുള്ള ചിന്താപ്രക്രിയ തുടരുന്നതിനും, രാജന്റെ കലാസൃഷ്ടികളെക്കുറിച്ചുള്ള പഠനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിനുമായി കഴിഞ്ഞ വർഷമാണു രാജൻ കൃഷ്ണൻ ഫൗണ്ടേഷൻ രൂപീകരിച്ചത്.

ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലുള്ള ഈ വർഷത്തെ രാജൻ കൃഷ്ണൻ അനുസ്മരണ പരിപാടികൾ 2020 മാർച്ച് 4-നു തൃശൂർ ചെമ്പൂക്കാവിലെ ജവഹർ ബാലഭവനിൽ വെച്ച് നടക്കുന്നു. രാവിലെ 10 മണിക്കാരംഭിക്കുന്ന ‘ആശയസംഗമം,‘ എന്ന സംവാദക്കൂട്ടായ്മയോടെ ആരംഭിക്കുന്ന അനുസ്മരണപരിപാടികൾ വൈകിട്ട് 5 മണിക്ക് പൊതുസമ്മേളനത്തോടെ സമാപിക്കും. പ്രശസ്ത സാഹിത്യകാരൻ അശോകൻ ചരുവിൽ അദ്ധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനത്തിൽ പി. രാജീവ് മുഖ്യപ്രഭാഷണം നടത്തും. പ്രൊഫ. അജയകുമാർ രാജൻ കൃഷ്ണൻ അനുസ്മരണപ്രഭാഷണം നടത്തും. ഡോ.സി. രാവുണ്ണി, നരിപ്പറ്റ രാജു, ഡോ. എം. എൻ. വിനയകുമാർ, പ്രൊഫ. ജി. ദിലീപൻ എന്നിവർ സംസാരിക്കും.

വിവിധ ആവിഷ്കാരമാധ്യമങ്ങളിൽ പ്രവർത്തിക്കുന്ന അസീസ് ടി എം, നിജീന നീലാംബരൻ, കെ.ടി. മത്തായി, സതീശൻ വി, അൻവർ അലി, പി.ജി. പ്രേം ലാൽ, ആശാ ജോസഫ്, ശ്രീവത്സൻ തിയ്യാടി, സുരഭി എം.എസ്., അഭീഷ് ശശിധരൻ എന്നീ പത്തു പേരാണു ഒരു ദിവസം നീണ്ടുനിൽക്കുന്ന ‘ആശയസംഗമം‘ എന്ന സംവാദക്കൂട്ടായ്മയിൽ പങ്കെടുക്കുന്നത്. കലാസാഹിത്യരംഗങ്ങളിൽ നിന്നുള്ള ഇരുപതു പേർ നിരീക്ഷകരായും ‘ആശയസംഗമ‘ത്തിൽ പങ്കെടുക്കും.

ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ, കലയുടെയും സംസ്കാരത്തിന്റെയും മേഖലകളിൽ പ്രവർത്തിക്കുന്നവരെ സംബന്ധിച്ച്, സ്വന്തം കലാവിഷ്കാരങ്ങളെക്കുറിച്ചുള്ള മാധ്യമപരവും (Medium based) സൗന്ദര്യശാസ്ത്രപരവും പ്രത്യയശാസ്ത്രപരവുമായ ഒത്തുചേരലുകളും ചർച്ചകളും ഏറെ പ്രധാനപ്പെട്ടതാവുന്ന ഒരു സാഹചര്യത്തിലാണു രാജൻ കൃഷ്ണൻ ഫൗണ്ടേഷൻ ഇത്തരമൊരു കൂട്ടായ്മ വിഭാവനം ചെയ്യുന്നത്. മുങ്ങിക്കൊണ്ടിരിക്കുന്ന ഒരു നൗകയിലെ സഞ്ചാരികൾ എന്ന നിലയിൽ പ്രത്യേകിച്ചും ഇത്തരം കൂട്ടായ്മകൾ അനിവാര്യമായ ഒരു കൈകോർത്തുപിടിക്കലാണു.

Comments are closed.