1470-490

മണലൂർ നിയോജക മണ്ഡലത്തിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിർമ്മാണത്തിൽ വൻ അഴിമതിയെന്ന് ആരോപണം

ചൂണ്ടൽ സെന്റിലെ ബസ് സ്റ്റോപ്പ്

കുന്നംകുളം: മണലൂർ നിയോജക മണ്ഡലത്തിൽ എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ചുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിർമ്മാണത്തിൽ വൻ അഴിമതിയെന്ന് ആരോപണം. മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളിൽ നിർമ്മിക്കുന്ന ബസ്സ് കാത്തിരിപ്പ് കേന്ദ്രങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് മണലൂർ നിയോജക മണ്ഡലം കമ്മിറ്റിയാണ് ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. മൂന്നര ലക്ഷം രൂപ മുതൽ അഞ്ച് ലക്ഷം രൂപ വരെ ചിലവഴിച്ചാണ് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കുന്നതെന്ന് പറയുന്നു. മണലൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട കണ്ടാണശ്ശേരി പഞ്ചായത്തിലെ മറ്റം, കൂനംമൂച്ചി, ചൂണ്ടൽ പഞ്ചായത്തിലെ ചൂണ്ടൽ എന്നി സെന്ററുകളിലുൾപ്പെടെയാണ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുന്നത്. നിർമ്മാണ പ്രവർത്തികൾ ആരംഭിച്ച് മൂന്ന് മാസത്തിലേറെ പിന്നിട്ടുവെങ്കിലും നിർമ്മാണം ഇപ്പോഴും എങ്ങുമെത്താത്ത സ്ഥിതിയിലാണ്. മുൻപുണ്ടായിരുന്ന വിശാലമായ ബസ് സ്റ്റോപ്പുകൾ പൊളിച്ച് മാറ്റിയാണ് പുതിയ കാത്തിരിപ്പു കേന്ദ്രങ്ങൾ നിർമ്മിക്കുന്നത്. കൂടുതൽ ആളുകൾക്ക് കയറി നിൽക്കാനോ, പ്രായമായവർക്കോ, ശാരീരിക അവശത അനുഭവിക്കുന്നവർക്കോ ഇരിക്കുന്നതിനോ യാതൊരു സൗകര്യവും ഇവിടെ ഒരുക്കിയിട്ടുമില്ല. കൂടാതെ മഴക്കാലമായാൽ കാത്തിരിപ്പ് കേന്ദ്രത്തിൽ നിൽക്കുന്നവർക്ക് നനയാതെ നിൽക്കാൻ കഴിയുന്ന സാഹചര്യവുമില്ല. ഇത്രയും തുക മുടക്കി ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുമ്പോൾ യാത്രക്കാർക്ക് ആവശ്യമായ സൗകര്യം ഒരുക്കണമെന്ന് പ്രാഥമിക പരിഗണന പോലും നൽകാൻ തയ്യാറായിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് മുബാറക് കേച്ചേരി പറഞ്ഞു. വൻ അഴിമതിയാണ് എം.എൽ.എ.യും കൂട്ടരും ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിർമ്മാണത്തിലൂടെ ലക്ഷ്യം വെച്ചിരിക്കുന്നതെന്നും, ഈ അഴിമതിക്കെതിരെ യൂത്ത് കോൺഗ്രസ് ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും മുബാറക് വ്യക്തമാക്കി. നാല് ലക്ഷം രൂപ ചിലവിട്ട് സർക്കാർ ലൈഫ് പദ്ധതി പ്രകാരം വീടുകൾ നിർമ്മിച്ച് നൽകുമ്പോഴാണ് മൂന്നര ലക്ഷം രൂപ മുതൽ അഞ്ച് ലക്ഷം രൂപ വരെ ചിലവഴിച്ച് ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുന്നത്. എം.എൽ.എയുടെ നേതൃത്വത്തിലുള്ള  അഴിമതിയുടെ ഏറ്റവും വലിയ തെളിവാണ് ഇതിലൂടെ പ്രത്യക്ഷമായിട്ടുള്ളതെന്നും മുബാറക് കൂട്ടി ചേർത്തു.

Comments are closed.