ഗുരുവായൂർ ക്ഷേത്രോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള പ്രസിദ്ധമായ ആനയോട്ടം വെള്ളിയാഴ്ച്ച നടക്കും.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള പ്രസിദ്ധമായ ആനയോട്ടം വെള്ളിയാഴ്ച്ച നടക്കും. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് ആനയോട്ടം. ക്ഷേത്രത്തിലെ നാഴികമണി മൂന്ന് അടിക്കുന്നതോടെ മഞ്ജുളാൽ പരിസരത്ത് അണിനിരത്തുന്ന ആനകൾ ക്ഷേത്രത്തിലേക്ക് ഓട്ടം തുടങ്ങും. കിഴക്കെ ഗോപുരത്തിൽ ആദ്യം ഓടിയെത്തുന്ന ഒരു ആനയെ മാത്രമേ ക്ഷേത്രമതിലകത്തേക്ക് പ്രവേശിപ്പിക്കുകയുള്ളു. ആനത്താവളത്തിലെ 25 ഓളം ആനകൾ ആനയോട്ടത്തിൽ പങ്കെടുക്കും മുൻനിരയിൽ നിൽക്കുന്നതിനുള്ള പത്ത് ആനകളുടെ ലീസ്റ്റ് ദേവസ്വം ജീവധന വിഭാഗം തയ്യാറാക്കും. ഇതിൽ നിന്നും അഞ്ച് ആനകളെ മുൻനിരയിൽ ഓടുന്നതിനായി നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും. രണ്ട് ആനകളെ കരുതലായി നിർത്തും. നാളെ രാവിലെ ബ്രഹ്മകലശാഭിഷേകത്തിന് ശേഷം ക്ഷേത്രത്തിനുമുന്നിൽ വെച്ചാണ് നറുക്കെടുപ്പ് നടത്തുക. വിജയിയാകുന്ന ആനയെ ഉത്സവം കഴിയുന്നതുവരെ ക്ഷേത്രമതിൽക്കെട്ടിന് പുറത്തേക്ക് കൊണ്ടുപോകുകയില്ല.
വെള്ളിയാഴ്ച്ച രാവിലെ 11 മണിയോടെ ആനയോട്ടത്തിൽ പങ്കെടുക്കുന്നതിനുള്ള ആനകളെ മഞ്ജുളാൽ പരിസരത്ത് എത്തിക്കും. മഞ്ജുളാൽ മുതൽ ക്ഷേത്രം വരെയുള്ള ഭാഗത്ത് ഉരഞ്ഞ് ശബ്ദമുണ്ടാകുന്ന അലങ്കാരങ്ങൾ ഒഴിവാക്കാൻ നിർദേശം നൽകിയിട്ടുള്ളതായി ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ് പറഞ്ഞു.
ആനയോട്ടത്തിന് ശേഷം രാത്രി കൂറയും പവിത്രവും നൽകുന്ന ചടങ്ങുണ്ട്. തുടർന്ന് ക്ഷേത്രം തന്ത്രി സ്വർണ്ണ കൊടിമരത്തിൽ സപ്തവർണ്ണക്കൊടി കയറ്റുന്നതോടെയാണ് പത്തുനാൾ നീണ്ട് നിൽക്കുന്ന ക്ഷേത്രോത്സവത്തിന് തുടക്കമാകുക. കുഭമാസത്തിലെ പൂയം നക്ഷത്രത്തിലെ ശുഭരാശിയിലാണ് കൊടിയേറ്റം. കൊടിയേറ്റത്തിനുശേഷം ക്ഷേത്രത്തിൽ അത്താഴപൂജ, ശ്രീഭൂതബലി, കൊടിപ്പുറത്ത് വിളക്ക് എന്നീ ചടങ്ങുകൾ നടക്കും. ക്ഷേത്രോത്സവം രണ്ടാം ദിവസമായ ശനിയാഴ്ച്ച രാവിലെ ദിക്ക് കൊടികൾ സ്ഥാപിക്കും. തുടർന്നുള്ള ദിവസങ്ങളിൽ ദിവസവും രാവിലേയും, രാത്രിയും ശ്രീഭൂതബലിക്ക് ഗുരുവായൂരപ്പനെ സ്വർണ്ണ പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിച്ച് വെയ്ക്കും. സ്വർണ്ണ പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളുന്ന കണ്ണനെ കണ്ടുതൊഴുവാൻ അഭൂതപൂർവ്വമായ ഭക്തജനതിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെടാറ്.
Comments are closed.