അന്തിക്കാട് നടന്നത് ആത്മഹത്യയല്ല…….. കൊലപാതകം.
സജീവൻ അന്തിക്കാട്
ഭാര്യയുടെ അവിഹിതം കൈകാര്യം ചെയ്യാനാകാതെ പകച്ചുപോയ വെളിച്ചപ്പാടൻമാരായിരുന്നു 1970 കളിൽ കേരളത്തിൽ. നിർമ്മാല്യം സിനിമയിലെ പി.ജെ ആൻ്റണി ഒരുദാഹരണം .അവരുടെ തലമുറ മൺമറഞ്ഞു.ഇന്നത്തെ വെളിച്ചപ്പാടൻമാർ നാട്ടിലെ മൊത്തം അവിഹിതം ഏറ്റെടുത്ത് പരിഹാരം കാണാൻ തക്ക പാകത നേടിയവരായി കഴിഞ്ഞു. ഇപ്പറഞ്ഞതിൽ സംശയമുള്ളവർക്ക് അന്തിക്കാട്ടേക്ക് വരാം. വെളിച്ചപ്പാടൻമാർക്ക് ഒരു സംസ്ഥാന സമ്മേളനം വരെ നടത്താൻ തക്ക വെളിച്ചപ്പാടന്മാരുള്ള നാടാണ് അന്തിക്കാട്. പഞ്ചായത്തിലെ ഓരോ ഉൾറോട്ടിലും ഓരോ തറവാട്ടമ്പലങ്ങളെങ്കിലുമുണ്ട്. ഒരു കിലോമീറ്ററിനുള്ളിൽ മൂന്ന് തറവാട്ടമ്പലങ്ങളുള്ള റോഡ് വരെയുണ്ട്. ഉദാഹരണമായി സത്യൻ അന്തിക്കാടിൻ്റെ തറവാട്ടിലേക്ക് പോകുന്ന റോഡിനെയും ശാസ്ത്രസാഹിത്യപരിഷത്ത് നേതാവായിരുന്ന സി.ജി ശാന്തകുമാറിൻ്റെ വീട്ടിലേക്ക് പോകുന്ന റോഡിനെയും ബന്ധിപ്പിക്കുന്ന റോഡ്.ആ റോഡിന് ഇരുവശത്തുമായി മൂന്ന് ക്ഷേത്രങ്ങളും ഒരു കൊട്ടിലുമുണ്ട്. ഇത് ഒരു റോഡിൻ്റെ കഥ. മൊത്തം റോഡുകളും അവിടത്തെ ക്ഷേത്രങ്ങളും കൂട്ടിയാൽ കളി മാറും.ഇവിടെയൊക്കെ “തോറ്റ ” മഹോത്സവങ്ങളും “ജയിച്ച “‘ പൂരങ്ങളും ‘സ്നേക്ക് ഡാൻസു”മൊക്കെ (നാഗക്കളം) നടക്കാറുണ്ട്. എല്ലായിടത്തും തുള്ളലുണ്ട്. അവിടെയൊക്കെ ഹിറ്റ് താരങ്ങൾ വെളിച്ചപ്പാടന്മാർ തന്നെ.
തോറ്റംപാട്ടുകാരുടെ നീട്ടി വലിച്ചുള്ള പാട്ടും അവർ ചെണ്ടയിൽ ആവർത്തിച്ചാവർത്തിച്ചു നടത്തുന്ന ചില പ്രയോഗങ്ങളും വെളിച്ചപ്പാടാകാൻ നിശ്ചയിക്കപ്പെട്ട ഒരാളെ ട്രാൻസ് അവസ്ഥയിൽ എത്തിക്കാൻ പര്യാപ്തമാണ്. ചിലർ ചെണ്ടപ്പുറത്ത് കോൽ വെച്ചാൽ മതി ട്രാൻസിലെത്തും. ! പിന്നെ തുള്ളലായി. ഓരോരുത്തരും അവരുടെ കഴിവിനനുസരിച്ച് എന്നാണല്ലോ!ചിലർ ഭയങ്കര ലഹളയിടും. വാശി പിടിക്കും.ഓരോന്നൊക്കെ ചോദിച്ചു കൊണ്ടിരിക്കും. പരികർമ്മിക്കാണ് (സഹായി) പണി. വെളിച്ചപ്പാട് ചോദിക്കുന്നത് കൃത്യമായ മലയാളത്തിലായിരിക്കണമെന്നില്ല. ചിലപ്പോൾ മറുഭാഷയിലായിരിക്കും. ചൂരല് ചോദിച്ചാൽ ചിലമ്പാകും എടുത്ത് കൊടുക്കുക. വെളിച്ചപ്പാടിനപ്പോൾ ട്രാൻസ് കൂടും. അതായത് ഭ്രാന്താകും.ചൂരൽ പിടിച്ച് വാങ്ങി ആദ്യം ചാർത്തുക സഹായിയുടെ മേലാകും. കുറെ തുള്ളി കഴിയുമ്പോൾ ട്രാൻസ് പോകും. പിന്നീടുള്ള സമയം മുഴുവൻ ഓവിലിട്ട് വലിച്ചെടുത്ത പോലിരിക്കും.പക്ഷെ ആദ്യഘട്ട പ്രകടനത്തിൽ തന്നെ ഈ വെളിച്ചപ്പാട് ഭക്തജനങ്ങളുടെ ആദരവ് പിടിച്ചുപറ്റിക്കഴിഞ്ഞിരിക്കും. അയാളിൽ ആ തറവാട്ടിലെ മൺമറഞ്ഞ മുത്തപ്പൻ ആവേശിച്ചതായി അവർ കരുതും.മുത്തപ്പൻ തന്നെയാണ് ആവേശിക്കുക എന്ന് നിർബന്ധമില്ല. തുള്ളുന്നത് ആർക്കാണോ ആ ദൈവമായിരിക്കും തുള്ളക്കാരൻ്റെ ദേഹത്തു കയറുക. ചിലപ്പോളത് ഹനുമാനാകാം. വിഷ്ണുമായ കുട്ടിച്ചാത്തൻ സ്വാമിയാകാം. കാളിയാകാം കൂളിവാകയാകാം.
ഒരു തറവാടിനെ സംബന്ധിച്ചിടത്തോളം കുടുംബങ്ങളുടെ അഭിവൃദ്ധി ആശ്രയിച്ചിരിക്കുന്നത് അവർ കുടിവെച്ച ദൈവങ്ങളിലാണ്. ഈ വിശ്വാസം തറവാട്ടിലെ പഠിക്കാത്തവനും യു ജി സി ക്കാരനും ഒരുമിച്ച് പങ്കിടുന്നു.
മുത്തപ്പനു വേണ്ടി വെളിച്ചപ്പാടു തുള്ളുമ്പോൾ വെളിപ്പെടുന്നത് തറവാട്ടിലെ മുത്തപ്പനാണ്. മുത്തപ്പന് തറവാടംഗങ്ങളുടെ ഭാവി പറയാനറിയാം. ചിലർ അനുഭവിക്കുന്ന കഷ്ടങ്ങൾക്കുള്ള കാരണം പറയാനറിയാം. കഷ്ടത്തിൽ നിന്നും കരകയറാനുള്ള പരിഹാര കർമ്മങ്ങളുമറിയാം. തുള്ളലിലുള്ള പ്രാഗത്ഭ്യം തെളിയിച്ച വെളിച്ചപ്പാട് ഓവിലിട്ടു വലിച്ച അവസ്ഥയിലിരിക്കുമ്പോഴാണ് തറവാട്ടംഗങ്ങളുടെ പരാതി കേൾക്കുക.പരാതി ന്യൂ ജൻ ഭാഷയിൽ കേട്ടാലും മുത്തപ്പൻ മറുപടി പറയുക പ്രാചീന ഭാഷയിലാണ്. ആണ്ടിലൊരിക്കൽ നടക്കുന്ന ഉത്സവത്തിന് മുത്തപ്പൻ പറയുക ആണ്ടിക്കോൾ എന്നാണ്. എത്ര മൂത്ത ആളെയും ഉണ്ണി എന്നേ മുത്തപ്പൻ വിളിക്കൂ. ( ന്യൂജെൻ വെളിച്ചപ്പാടന്മാർ വന്നപ്പോൾ അവരിൽ ചിലർ അറിയാതെ “Next ആളെ വിളിക്കൂ ” എന്നൊക്കെ പറയാറുണ്ടെന്ന് ചില ഭക്ത സുഹൃത്തുക്കൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.)
ഈ തുള്ളൽ ഘട്ടത്തിലാണ് അന്തിക്കാട്ടെ ന്യൂജൻ വെളിച്ചപ്പാട് അവിഹിതം അന്വേഷിക്കാൻ ഒരുമ്പെട്ടത്. ഭർത്താവ് ഗൾഫിലുള്ള പെൺകുട്ടികളെ പറ്റി കഥകളുണ്ടാക്കി രസിക്കുന്നത് ഇവിടത്തെ ചില ചെറുപ്പക്കാർക്കുള്ള ഒരു രോഗമാണ്. അവരുടെ ഭർത്താക്കന്മാർ നാട്ടിലെത്തി കവണം മടലെടുത്ത് ഈ ചെറുപ്പക്കാരുടെ നടുമ്പറത്തടിച്ചാൽ മാത്രമെ ആ രോഗം മാറാറുള്ളൂ. ഈ വെളിച്ചപ്പാട് ഇങ്ങിനത്തെ ഒരു കഥയും മനസ്സിലിട്ടാണ് തുള്ളൽ ‘ തുടങ്ങിയത് .തുള്ളലു കഴിഞ്ഞ് തറവാട്ടംഗങ്ങളുടെ പരാതി കേൾക്കാൻ ചിലമ്പു കിലുക്കി ഇരുന്നപ്പോൾ തൻ്റെ തറവാട്ടിൽ ഉള്ള ഒരു പെൺകുട്ടിയുടെ കാര്യത്തിൽ സദാചാര പോലീസ് കളിക്കാൻ ഈ വെളിച്ചപ്പാട് തുനിഞ്ഞു. തറവാട്ടിലെ ഇരുന്നൂറോളം പേർ നോക്കി നിൽക്കെ ആ പെൺകുട്ടിയെ അയാൾ വിളിച്ചു. അവൾക്ക് അവിഹിത ബന്ധമുണ്ടെന്ന് മുത്തപ്പനറിഞ്ഞെന്നും മാപ്പു പറയാനും ആവശ്യപ്പെട്ടു. ബന്ധുമിത്രാദികളുടെ മുന്നിൽ ആ പെൺകുട്ടിയുടെ ആത്മാഭിമാനം പിച്ചിചീന്തപ്പെട്ടു. ആ പെൺകുട്ടി നിലവിളിച്ച് വീട്ടിലേക്കോടി ഒരു മുഴം കയറിൽ ജീവനൊടുക്കി.
ഭക്തിക്കും അന്ധവിശ്വാസങ്ങൾക്കും തലച്ചോറു പണയം വെച്ചു ജീവിക്കാൻ തീരുമാനിച്ച തറവാട്ടംഗങ്ങൾക്ക് വെളിച്ചപ്പാടിനെതിരെ ശബ്ദിക്കാൻ ധൈര്യമുണ്ടായില്ല. ചാനൽ 13.8 ൻ്റെ സ്ഥാപകാംഗങ്ങളിലൊരാളും ക്യാമറാമാനുമായ നരേന്ദ്രൻ കൂടാനും പരിഷത്ത് പ്രവർത്തനായ വിശ്വംഭരനും കൂടി പെൺകുട്ടിയുടെ സഹോദരനെ നിർബന്ധിച്ചാണ് ഈ കൊലപാതകം പോലീസിലും പത്രമാധ്യമങ്ങളിലുമെത്തിക്കുന്നത്.
Comments are closed.