1470-490

ക്യാമറക്ക് കണ്ണ് പൊത്തി; മുന്‍കൂര്‍ അനുമതിയില്‍ അബദ്ധം പറ്റിയെന്ന് മുന്‍മേയറും കണ്ടംകുളത്തിയും

തൃശൂര്‍: മുന്‍കൂര്‍ അനുമതി നല്‍കിയതില്‍ അബദ്ധം പറ്റിയെന്ന് കോര്‍പ്പറേഷന്‍ ഭരണത്തിന് നേതൃത്വം നല്‍കുന്ന സി.പി.എം കൗണ്‍സിലര്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തിയും മുന്‍മേയര്‍ അജിത വിജയനും.
വില്‍വട്ടത്തെ അടിയാറ റസിഡന്‍സ് അസോസിയേഷന് സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുന്നതിന് മുന്‍കൂര്‍ അനുമതി നല്‍കിയതിലാണ് ‘അബദ്ധം’ ഇരുവരും കൗണ്‍സില്‍ യോഗത്തില്‍ ഏറ്റുപറഞ്ഞത്.
കോര്‍പ്പറേഷന്‍റേതല്ലാത്ത ഒരു പദ്ധതിക്ക് എന്തിന് മുന്‍കൂര്‍ അനുമതി നല്‍കിയെന്ന പ്രതിപക്ഷനേതാവ് രാജന്‍ പല്ലന്‍റെ ചോദ്യത്തിനായിരുന്നു അബദ്ധം പറ്റിയെന്ന മറുപടി. തിരിച്ചറിവില്ലാതേയും ചട്ടവിരുദ്ധമായും തോന്നിയപോലെ മുന്‍കൂര്‍ അനുമതി നല്‍കുന്നതിലെ വീഴ്ചയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിതെന്ന് രാജന്‍ പല്ലന്‍ ആരോപിച്ചു.
പ്രതിപക്ഷനേതാവ് ഇതുപോലെ കുറിക്ക്കൊള്ളുന്ന ചോദ്യം ഉന്നയിക്കുന്നതും ഭരണപക്ഷം കൃത്യമായ മറുപടി പറയുന്നതും കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ആദ്യമാണ്. എല്‍.ഡി.എഫ് ഭരണം സുഗമമാക്കാന്‍ ഭരണപക്ഷവുമായി ഒത്തുകളിച്ചിരുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലെ അനിവാര്യമാറ്റം പ്രകടമാക്കുന്നതായിരുന്നു. ഈവിഷയത്തിലെ സജ്ജീവമായ ചര്‍ച്ച. തിരക്ക് പിടിച്ച് മേയര്‍ മുന്‍കൂര്‍ അനുമതി നല്‍കിയത് തെറ്റായെന്ന് അടിയാറ പ്രദേശത്തിന്‍റെ കൗണ്‍സിലര്‍കൂടിയായ സി.പി.എം കൗണ്‍സിലര്‍ പി.കൃഷ്ണന്‍കുട്ടിമാസ്റ്ററും വികസന സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഷീബ ബാബുവും വിമര്‍ശിച്ചതും ഭരണനേതൃത്വത്തിന് തിരിച്ചടിയായി.
കോര്‍പ്പറേഷന്‍ മേയര്‍ വാഗ്ദാനം നല്‍കി മുന്‍കൂര്‍ അനുമതി നല്‍കി തങ്ങള്‍ പദ്ധതി നടപ്പിലാക്കിയശേഷം പണം നല്‍കാതെ വഞ്ചിച്ചുവെന്ന ആരോപണവുമായി അടിയാറ റസിഡന്‍സ് അസോസിയേഷനും ഹൈക്കോടതിയെ സമീപിച്ചിരിക്കയാണ്. ഒരു മാസം മുമ്പേ ഹര്‍ജി നല്‍കിയിട്ടും അക്കാര്യം അജണ്ടയില്‍ ഉള്‍പ്പെടുത്താതേയും കൗണ്‍സില്‍ യോഗത്തില്‍ വെളിപ്പെടുത്താതേയും ഭരണനേതൃത്വം മറച്ചുവെച്ചു.
14 ലക്ഷം രൂപയാണ് ഡിവിഷന്‍ മുഴുവന്‍ 26 ക്യാമറകള്‍ സ്ഥാപിക്കാന്‍ അസോസിയേഷന്‍ ചിലവാക്കിയത്. ക്യാമറകള്‍ക്കും 90 പോസ്റ്റിനും വേണ്ടിവന്ന 6,94,593 രൂപയില്‍ ഗുണഭോക്തൃവിഹിതം 10 ശതമാനം കുറച്ചുള്ള തുകയായിരുന്നു. 345 അംഗങ്ങളുള്ള അസോസിയേഷന്‍ ആവശ്യപ്പെട്ടത്. ഒരു വര്‍ഷം മുമ്പേ നല്‍കിയ വാഗ്ദാനത്തില്‍ പണി പൂര്‍ത്തിയാക്കി 25.8.2019ന് ഉദ്ഘാടനവും നടത്തി. പണം അനുവദിച്ചുകൊണ്ട് ഒപ്പിട്ട ശേഷമാണ് താന്‍ യോഗത്തിനെത്തിയതെന്നും മന്ത്രി വി.എസ്.സുനില്‍കുമാറിന്‍റെ സാന്നിദ്ധ്യത്തില്‍ ചടങ്ങില്‍ അധ്യക്ഷയായ മേയര്‍ അജിത വിജയന്‍ പ്രഖ്യാപിക്കുകയും ചെയ്തതാണ്. പിന്നീട് വാക്ക് മാറിയെന്നും വര്‍ഗ്ഗീസ് കണ്ടംകുളത്തി ഫയല്‍ പൂഴ്ത്തിയെന്നുമാണ് അസോസിയേഷന്‍ ഉന്നയിക്കുന്ന ആരോപണം. വിഷയം ഹൈക്കോടതിയിലെത്തിയപ്പോഴാണ് ഫയല്‍ കൗണ്‍സിലിന്‍റെ പരിഗണനക്ക് വെച്ചത്. രണ്ട് കൊലകേസ് പ്രതികളെ പിടികൂടാന്‍ ക്യാമറകള്‍ പോലീസിനെ സഹായിക്കുകയം ചെയ്തു.
പദ്ധതി നടപ്പാക്കുന്നത് കോര്‍പ്പറേഷനല്ല റസിഡന്‍റ്സ് അസോസിയേഷനാണെന്നും അവര്‍ ചിലവഴിച്ച തുക ഡിവിഷന്‍ ഫണ്ടില്‍നിന്ന് അനുവദിക്കാനാകുമോയെന്നത് നിയമപരമായി വ്യക്തത വരുത്തതേണ്ടതുണ്ടെന്നും മേയറുടെ പ്രത്യേക കുറിപ്പും അജണ്ടയോടൊപ്പമുണ്ടായിരുന്നു. നഗരത്തില്‍ 500 ഓളം അസോസിയേഷനുകളുണ്ട്. അവരും ഇതേആവശ്യം ഉന്നയിക്കാന്‍ സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ നിയമോപദേശം ലഭ്യമാക്കി സര്‍ക്കാരിന്‍റെ കൂടി അംഗീകാരം വാങ്ങേണ്ടതുണ്ടെന്നും കുറിപ്പിലുണ്ടായിരുന്നു.
കോര്‍പ്പറേഷന്‍ നടപ്പാക്കാത്ത പദ്ധതിയില്‍ എന്തു മുന്‍കൂര്‍ അനുമതിയാണ് നല്‍കിയതെന്ന രാജന്‍ പല്ലന്‍റെ ചോദ്യത്തിന് അബദ്ധം പറ്റിയെന്ന് മാത്രമായിരുന്നു. വര്‍ഗ്ഗീസ് കണ്ടംകുളത്തിയുടേയും മുന്‍മേയര്‍ അജിത വിജയന്‍റേയും മറുപടി. ഇതേ ആവശ്യവുമായി പല റസിഡന്‍സ് അസോസിയേഷനുകളും എത്തിയപ്പോഴാണ് തിരിച്ചറിവുണ്ടായതെന്നും അജിത വിജയന്‍ വിശദീകരിച്ചു. 500 അസോസിയേഷനുകള്‍ ആവശ്യം ഉന്നയിച്ചാല്‍ 50 കോടി രൂപ ആവശ്യമായി വരുമെന്ന് കണ്ടംകുളത്തിയും പറഞ്ഞു.
സി.പി.എം കൗണ്‍സിലര്‍ പി.കൃഷ്ണന്‍കുട്ടി മാസ്റ്ററുടെ ഡിവഷനിലാണ് മുന്‍കൂര്‍ അനുമതി നല്‍കിയതും നേതൃത്വത്തിന് മാസ്റ്റര്‍ അനഭിമാതനായപ്പോഴാണ് ഫയല്‍ തടസ്സപ്പെടുത്തിയതെന്നും കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഫ്രാന്‍സിസ് ചാലിശ്ശേരി ആരോപിച്ചു. അതേസമയം കോര്‍പ്പറേഷനില്‍ വ്യാപകമായി റസിഡന്‍റസ് അസോസിയേഷനുകളുടെ സഹകരണത്തോടെ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കണമെന്നതില്‍ മുഴുവന്‍ കൗണ്‍സിലര്‍മാരും ഒറ്റക്കെട്ടായിരുന്നു. കോര്‍പ്പറേഷനില്‍ പ്രതിപക്ഷനേതാക്കളുടെ ഒത്തുകളിയില്‍ നടന്നുവന്നിരുന്ന മുന്‍കൂര്‍ വാഴ്ച വിവാദമായിരിക്കേ, അടിയാറയിലെ അബദ്ധം എല്‍.ഡി.എഫ് ഭരണനേതൃത്വത്തിന് തിരിച്ചടിയായി.

Comments are closed.

x

COVID-19

India
Confirmed: 44,672,787Deaths: 530,612