1470-490

കേരള സീനിയർ സിറ്റിസൺസ് ഫോറം പാറളം യൂണിറ്റ് 2-ാം വാർഷികാഘോഷം നടത്തി

തൃശൂർ  : കേരള സീനിയർ സിറ്റിസൺ ഫോറം പാറളം യൂണിറ്റിന്റെ രണ്ടാം വാർഷികാഘോഷം പാറളം ഗ്രാമപഞ്ചായത്തിന്റെ ഇ .കെ .നായനാർ മെമ്മോറിയൽ ഹാളിൽ വെച്ച് സംഘടിപ്പിച്ചു. വാർഷികാഘോഷം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.സതീപ് ജോസഫ് ഉത്ഘാടനം ചെയ്തു. ശ്രീമതി.രത്നം കൈമൾ, യൂണിറ്റ് വൈസ് പ്രസിഡണ്ട് സ്വാഗതം ആശംസിച്ചു. കേരള സീനിയർ സിറ്റിസൺ ഫോറം പാറളം യൂണിറ്റ് പ്രസിഡണ്ട് ശ്രീ.ടി .കെ .പുഷ്ക്കരൻ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട റവന്യു ഡിവിഷണൽ ഓഫീസിലെ സാമൂഹ്യ നീതിവകുപ്പ് ടെക്‌നിക്കൽ അസിസ്റ്റന്റ് ശ്രീ.മാർഷൽ.സി .രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. വയോജനക്ഷേമം , മാതാപിതാക്കളുടെയും മുതിർന്നവരുടെയും ക്ഷേമത്തിനും സംരക്ഷണത്തിനുമായുള്ള ആക്ട് 2007 സംബന്ധിച്ച് ബോധവല്കരണ ക്ലാസ്സും നയിച്ചു. ചേർപ്പ് പോലീസ് സബ് ഇൻസ്‌പെക്ടർ ശ്രീ .എസ്.ആർ.സനീഷ് വേദിയിൽ മുഖ്യസന്ദേശം കൈമാറി. മുതിർന്നവർക്കായുള്ള സാമൂഹ്യ സുരക്ഷയും, പോലീസ് സഹായങ്ങളെക്കുറിച്ചും വിശദീകരിച്ചു.

വാർദ്ധക്യകാല പെൻഷൻ 2000 രൂപയാക്കി വർദ്ധിപ്പിക്കണമെന്നും, വയോജന വിദ്യാഭ്യാസ വിഷയമായ “ജെറിയാട്രിക്‌സ് ” ഹൈസ്ക്കൂൾതലം വരെയുള്ളവർക്ക് പാഠ്യവിഷയമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.യോഗത്തിൽ കേരള സീനിയർ സിറ്റിസൺ ഫോറം സംസ്ഥാന സെക്രട്ടറി സുരഭില രമണൻ , യൂണിറ്റ് സെക്രട്ടറി കെ.ഐ.വിൻസെന്റ് , യൂണിറ്റ് രക്ഷാധികാരി കെ.എൽ. ജോൺസൻ മാസ്റ്റർ, ജോയിന്റ് സെക്രട്ടറി എ.സി.പൗലോസ് ,ട്രഷറർ പി.എ. ദേവസ്സി, എക്സിക്യൂട്ടിവ് അംഗം പി.ഡി.ഇട്ട്യാച്ചൻ മാസ്റ്റർ,യൂണിറ്റ് വൈസ് പ്രസിഡന്റ് സണ്ണി അറങ്ങാശ്ശേരി എന്നിവർ പ്രസംഗിച്ചു.യോഗത്തിൽ 80 വയസ്സിന് മുകളിൽ പ്രായമുള്ളവരെ പൊന്നാടയണിയിച്ച് ആദരിച്ചു. അമ്മാടം സർവീസ് സഹകരണ ബാങ്ക് വക കംപ്ലിമെന്റ്റ് കിറ്റ് വിതരണവും, ഐ,ഇ.എസ് ചിറ്റിലപ്പിള്ളി എഞ്ചിനിയറിങ് കോളേജ് വിഭാഗം നൽകിയ എൽ.ഇ.ഡി ബൾബുകളുടെ വിതരണവും നടന്നു. കേരള സീനിയർ സിറ്റിസൺ ഫോറം യൂണിറ്റ് അംഗങ്ങളായ 100 ഓളം മുതിർന്ന പൗരന്മാർ വാർഷികഘോഷത്തിൽ പങ്കെടുത്തു.തുടർന്നു സ്‌നേഹവിരുന്നും നടന്നു.

Comments are closed.