1470-490

വെടിയുണ്ടയുടെ കാര്യം’ ഇന്നറിയാം!

വെടിയുണ്ടകള്‍ കാണാതായ കേസില്‍ ക്രൈംബ്രാഞ്ച് ഇന്ന് എസ്എപി ക്യാമ്പില്‍ പരിശോധന നടത്തും. ക്യാമ്പിലെ മുഴുവന്‍ വെടിയുണ്ടകളും ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരിയുടെ നേതൃത്വത്തില്‍ നേരിട്ടെത്തിയായിരിക്കും പരിശോധന നടത്തുക.

പൊലീസിന്റെ 12,061 വെടിയുണ്ടകള്‍ നഷ്ടപ്പെട്ടുവെന്നായിരുന്നു സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. അന്വേഷണത്തിന്റെ ഭാഗമായി നാലിനം തോക്കുകളിലായി ഉപയോഗിക്കുന്ന രണ്ടു ലക്ഷം വെടിയുണ്ടകള്‍ ബാച്ചുകളായി എണ്ണി തിട്ടപ്പെടുത്താനാണ് ക്രൈംബ്രാഞ്ച് തീരുമാനം.

എകെ 47 തോക്കിലുപയോഗിക്കുന്ന 1578 വെടിയുണ്ടകള്‍, സെല്‍ഫ് ലോഡിംഗ് റൈഫിളുകളില്‍ ഉപയോഗിക്കുന്ന 8398 വെടിയുണ്ടകള്‍, രണ്ടായിരത്തിലധികം എംഎം ഡ്രില്‍ കാട്രിഡ്ജ് എന്നിവ നഷ്ട്ടപ്പെട്ടുവെന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ ഇനങ്ങളിലുള്ള സ്റ്റോക്കുകള്‍ കൃത്യമായി തിട്ടപ്പെടുത്താനാണ് മുഴുവന്‍ വെടിയുണ്ടകളും എണ്ണുന്നത്.

ക്യാമ്പിലെ മുഴുവന്‍ ഇന്‍സാസ് റൈഫിളുകളും നേരത്തെ ക്രൈംബ്രാഞ്ച് നേരിട്ട് പരിശോധിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് പൊലീസുകാരെ ചോദ്യം ചെയ്തു വരികയാണ്. കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.

Comments are closed.