1470-490

ടൂറിസം കേന്ദ്രങ്ങൾക്ക് കോടികൾ

ടൂറിസം വകുപ്പിന്റെ നിർമാണ പ്രവർത്തനങ്ങളിൽ കാലതാമസം വരുത്തരുത്: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

നാടിന്റെ വികസന പ്രവർത്തനങ്ങൾക്കായി ടൂറിസം വകുപ്പ് ചെയ്യുന്ന നിർമാണ പ്രവർത്തനങ്ങളുടെ  കാലാവധി നീണ്ടുപോകുതെന്ന് ടൂറിസം – ദേവസ്വം വകുപ്പ് മന്ത്രി കടകംപിള്ളി സുരേന്ദ്രൻ പറഞ്ഞു. വിലങ്ങൻ കുന്നിൽ ടൂറിസം വികസന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എല്ലാ പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കണം. ഇതിന് എല്ലാതലത്തിലും ബന്ധപ്പെട്ടവരുടെ നേതൃത്വത്തിൽ മോണിറ്ററിങ് നടത്തണം. ഉദ്യോഗസ്ഥർ, പ്രവൃത്തി ഏറ്റെടുക്കുന്ന ഏജൻസികൾ തുടങ്ങിയവർ ഓരോ നിർമാണത്തിലും ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് 75 ടൂറിസം കേന്ദ്രങ്ങൾ ഭിന്നശേഷി സൗഹൃദമാക്കി മാറ്റിയതായും മന്ത്രി അറിയിച്ചു.  ജില്ലയിൽ അതിരപ്പിള്ളി യാത്രി നിവാസിന് 4 കോടി, തുമ്പൂർമുഴി ടൂറിസ്റ്റ് കേന്ദ്രത്തിന് 4 കോടി, വാഴാനി – പൂമല ടൂറിസം പദ്ധതിക്ക് 4 കോടി, രാമനിലയം നവീകരണത്തിന് 2 കോടി, പീച്ചി ഡാം നവീകരണത്തിന് 5 കോടി, കിളിപ്പാടം ടൂറിസം  പദ്ധതിക്ക് 2 കോടി, ഗുരുവായൂർ ഗസ്റ്റ് ഹൗസ് നിർമാണ പ്രവർത്തനങ്ങൾക്ക്  22 കോടി എന്നിങ്ങനെ തുക അനുവദിച്ചതായും മന്ത്രി വ്യക്തമാക്കി.
അനിൽ അക്കര എം എൽ എ അധ്യക്ഷത വഹിച്ചു. രമ്യ ഹരിദാസ് എം പി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  സി വി കുരിയാക്കോസ്, അടാട്ട്  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി ആർ ജയചന്ദ്രൻ , ജില്ലാ പഞ്ചായത്തംഗങ്ങളായ അജിത കൃഷ്ണൻ, സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാന നിർമിതി കേന്ദ്രം തൃശൂർ റീജിയണൽ എൻജിനീയർ എ എം സതീദേവി റിപ്പോർട്ട്  അവതരിപ്പിച്ചു. ജില്ലാ കളക്ടർ എസ് ഷാനവാസ് സ്വാഗതവും ടൂറിസം വകുപ്പ് എറണാകുളം റീജിയണൽ ജോയിന്റ് ഡയറക്ടർ കെ രാജ് കുമാർ നന്ദിയും പറഞ്ഞു.
തുടർന്ന് വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന ഉത്സവം 2020 പരിപാടിയുടെ ജില്ലാതല സമാപനവും നടന്നു.

Comments are closed.