1470-490

ഗുരുവായൂരപ്പ ഭക്തിഗാനങ്ങളുടെ സി.ഡി പ്രകാശനവും, ഗുരുവായൂർ ദേവസ്വത്തിന്റെ ഔദ്യോഗിക യൂടൂബ് ചാനലിന്റെയും, ഫേസ്ബുക്ക് പേജിന്റെയും ഉത്ഘാടനവും നിർവഹിച്ചു.

ഗുരുവായൂർ: ഗുരുവായൂരപ്പ ഭക്തിഗാനങ്ങളുടെ  സി.ഡി പ്രകാശനവും, ഗുരുവായൂർ ദേവസ്വത്തിന്റെ ഔദ്യോഗിക യൂടൂബ് ചാനലിന്റെയും, ഫേസ്ബുക്ക് പേജിന്റെയും ഉത്ഘാടനവും കൃഷി വകുപ്പുമന്ത്രി. വി.എസ്. സുനിൽ കുമാർ നിർവഹിച്ചു. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ അഡ്വ: കെ.ബി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. കെ.വി. അബ്ദുൾഖാദർ എം.എൽ.എ, ഭരണ സമിതി അംഗങ്ങളായ കെ. അജിത്, എ.വി. പ്രശാന്ത്, നഗരസഭ ചെയർമാൻ എം. രതി, വൈസ് ചെയർമാൻ അഭിലാഷ് വി. ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഭക്തിഗാനരചയിതാവും കവിയുമായ എസ്. രമേശൻ നായർ രചിച്ച്  എം. ജയചന്ദ്രൻ സംഗീത സംവിധാനം നിർവ്വഹിച്ച്  പി. ജയചന്ദ്രൻ, എം.ജി. ശ്രീകുമാർ, മധു ബാലകൃഷ്ണൻ,  സുദീപ് കുമാർ, മൃദുല വാര്യർ, വൈക്കം വിജയലക്ഷ്മി, ഹരിശങ്കർ, കാവാലം ശ്രീകുമാർ, ശ്രീ റാം പാർഥ സാരഥി തുടങ്ങിയ ഗായകർ ആലപിച്ച സി.ഡി യാണ് പ്രകാശനം ചെയ്തത്. 13ലക്ഷം രൂപ ചിലവിൽ കോയമ്പത്തൂരിലെ ബിസിനസുകാരൻ രാജൻ പി. നായരുടെ വകയായാണ് സി.ഡി നിർമിച്ചത്. തുടർന്ന് സംഗീതാർച്ചനയും, ശിവോഹം അവതരിപ്പിച്ച നൃത്ത ശിൽപവും അരങ്ങേറി. (ഫോട്ടോയുണ്ട്.)
 പടം: ഗുരുവായൂരപ്പ ഭക്തിഗാനങ്ങളുടെ  സി.ഡി പ്രകാശനം കൃഷി വകുപ്പുമന്ത്രി. വി.എസ്. സുനിൽ കുമാർ നിർവഹിക്കുന്നു
……………………………………………
ഗുരുവായൂർ: ക്ഷേത്രകുളത്തിൽ കൂട്ടുകാരോടൊത്ത് കുളത്തിലിറങ്ങി മുങ്ങിയ വിദ്യാർഥി ചികിത്സയിലിരിയ്ക്കേ മരണപ്പെട്ടു. ഗുരുവായൂർ കിഴക്കേനട ഏരുകുളം ബസാറിൽ വലിയകത്ത് ചുണ്ണാട്ട് വീട്ടിൽ മൊയ്നുദ്ദീന്റെ മകൻ അബ്ദുൾ മൊഹസിനാണ് (16) ഇന്നലെ പുലർച്ചെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. ശനിയാഴ്ച്ച ഗുരുവായൂർ കോതകുളങ്ങര ഭഗവതി ക്ഷേത്ര കുളത്തിലാണ് അപകടം ഉണ്ടായത്.  കുളത്തിലിറങ്ങിയ മൊഹസിൻ മുങ്ങി താഴുന്നതുകണ്ട് ക്ഷേത്രഭാരവാഹികളും നാട്ടുകാരും ചേർന്നാണ് കരയ്ക്കെത്തിച്ചത്. ഉടൻ ചാവക്കാട്ടെ സ്വാകാര്യ ആശുപത്രിയിലും, പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. ഖബറടക്കം ഇന്ന് ചാവക്കാട് അങ്ങാടിതാഴം ജുമാ മസ്ജിദിൽ. ഗുരുവായൂർ ശ്രീകൃഷ്ണ ഹൈസ്‌ക്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. നമീസയാണ് മാതാവ്. ഏകസഹോദരി മൊഹ്സീന.
 പടം: ചരമം അബ്ദുൾ മൊഹസ്
……………………………………………
പച്ചമരത്തണലിലെ പാട്ടുത്സവത്തിന് തുടക്കമായി
ഗുരുവായൂർ: നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘പച്ചമരത്തണലിൽ’  സംഗീത സഭയ്ക്ക് തുടക്കമായി. കെ.വി അബ്ദുൾ ഖാദർ എംഎൽഎ ഗാനമാലപിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്‌സൻ എം. രതി ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ മുഖ്യാതിഥിയായിരുന്നു. വൈസ് ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ, സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻമാരായ ടി.എസ് ഷെനിൽ, കെ.വി വിവിധ് എന്നിവർ സംസാരിച്ചു.
   ഉദ്ഘാടനത്തിന് ശേഷം നടന്ന ഗാനസന്ധ്യയിൽ ചെയർപേഴ്‌സൻ എം രതി ടീച്ചർ, ലിയാഖത്ത് വടക്കേക്കാട്, ഷക്കീല ഷംസുദീൻ, നിവ്യ തമ്പുരാൻപടി എന്നിവർ ഗാനങ്ങളാലപിച്ചു. ശരത്ത് ചാവക്കാട് (തബല ), മുജീബ് റഹ്മാൻ അണ്ടത്തോട് ( റിഥം), ജലീൽ അണ്ടത്തോട് (കീ ബോർഡ് ), കൊച്ചിൻ ബഷീർ ( ഹാർമോണിയം ) എന്നിവർ പക്കമേളമൊരുക്കി.
    നഗരസഭ ലൈബ്രറി അങ്കണത്തിലെ ഇ എം എസ് സ്‌ക്വയറിലാണ് ‘പച്ചമരത്തണലിൽ ‘ എന്ന സ്ഥിരം സംഗീത സഭ സംഘടിപ്പിക്കുന്നത്. ഇടവിട്ടുള്ള ഞായറാഴ്ച്ചകളിലാണ് സംഗീത സഭ നടക്കുക.
 പടം: നഗരസഭ സംഘടിപ്പിക്കുന്ന ‘പച്ചമരത്തണലിൽ’  സംഗീത സഭ കെ.വി അബ്ദുൾ ഖാദർ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
……………………………………………
ഗുരുവായൂർ: ഗജരത്‌നം ഗുരുവായൂർ പത്മനാഭന്റെ ചിതാഭസ്മം ആനത്താവളത്തിലെത്തിച്ചു. പത്മനാഭനെ സംസ്‌കരിച്ച കോടനാട് നിന്നും ഗുരുവായൂരിലെത്തിച്ച ചിതാഭസ്മം ദേവസ്വം ഭരണസമിതി അംഗം എ.വി.പ്രശാന്ത് ഏറ്റുവാങ്ങി. തുടർന്ന് ആനത്താവളത്തിൽ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ പത്മനാഭന്റെ ഛായാചിത്രത്തിന് മുന്നിൽ നിലവിളക്ക് വെച്ച് ചിഭസ്മം നിറച്ച കുടങ്ങൾ സ്ഥാപിച്ചു. ചടങ്ങിൽ ജീവനധനം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ എസ്.ശശിധരൻ, ജീവധനം ഉദ്യോഗസ്ഥർ, ആനത്താവളത്തിലെ ജീവനക്കാർ എന്നിവർ സംബന്ധിച്ചു. ചിതാഭസ്മം നിമജ്ജനം അടക്കമുള്ള കാര്യങ്ങളിൽ ഇന്ന് ഭരണസമിതി തീരുമാനമെടുക്കും. മൂന്നിന് വൈകീട്ട് 6 മണിയ്ക്ക് കിഴക്കേ നടയിൽ ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ പത്മനാഭൻ അനുസ്മരണം സംഘടിപ്പിക്കുന്നുണ്ട്. അനുസ്മരണ ചടങ്ങ് നടക്കുന്ന വേദിയിൽ ചിതാഭസ്മം നിറച്ച കുടങ്ങൾ പ്രദർശിപ്പിക്കും.
പടം: ഗജരത്‌നം ഗുരുവായൂർ പത്മനാഭന്റെ ചിതാഭസ്മം ആനത്താവളത്തിൽ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ സൂക്ഷിച്ചിരിക്കുന്നു

Comments are closed.