1470-490

“മലയോര മേഖലയിലെ കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗ ആക്രമണം – വനം വകുപ്പ് മന്ത്രി ഇടപെടണം” ടി എൻ പ്രതാപൻ എം പി

തൃശൂർ: തൃശ്ശൂർ ജില്ലയിലെ പുതുക്കാട്,ഒല്ലൂർ, ചാലക്കുടി നിയോജക മണ്ഡലങ്ങളിലെ വിവിധ മലയോര പ്രദേശങ്ങളിൽ നിരന്തരമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗ ആക്രമണം തടയുന്നതിന് വനം വന്യ ജീവി വകുപ്പ് അടിയന്തിരമായി ഇടപെടണമെന്ന് ടി.എൻ. പ്രതാപൻ എംപി മുഖ്യമന്ത്രിക്കും വനം വകുപ്പ് മന്ത്രിക്കും അയച്ച കത്തിൽ ആവശ്യപ്പെട്ടു. മറ്റത്തൂർ ഗ്രാമ പഞ്ചായത്തിൽപ്പെട്ട ചൊക്കന നായാട്ടുകുണ്ട് പ്രദേശത്തും പുത്തൂർ ഗ്രാമപഞ്ചായത്തിലേയും ജനവാസ കേന്ദ്രങ്ങളിൽ  കാട്ടാനകളുടെ ശല്യം മൂലം മലയോര കർഷകരും പ്രദേശവാസികളും ഭീതിയിലാണ്.

നായാട്ട് കുണ്ട് വെള്ളിക്കുളങ്ങര റോഡ്, ചൊക്കന- കുണ്ടായി റോഡ്, നായാട്ട്കുണ്ട് പോത്തുംചിറ അമ്പനോളി റോഡ് എന്നിവടങ്ങളിൽ രാത്രികാലങ്ങളിലും പുലർച്ചയും ഇറങ്ങുന്ന കാട്ടാനകൾ ഭീതി സൃഷ്ടിക്കുകയും കൃഷി നാശം വരുത്തുകയുമാണ്. കൂടാതെ കാട്ടാനകളുടെ ആക്രമണം മൂലം പലർക്കും പരിക്കുപറ്റുകയും ചൊക്കന എസ്റ്റേറ്റ് ലേബർ ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന കൊഴപ്പ മുഹമ്മദാലി ഭാര്യ റാബിയ രാത്രി 9.45 ന് വിട്ടിൽ എത്തിയ കാട്ടാനയെ കണ്ട് പേടിച്ച് മരണപ്പെടുകയുണ്ടായി. കൂടാതെ 24/02/2020 ന് പുത്തൂർ ചക്കപ്പാറ വനത്തിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ മാന്ദാമംഗലം സിമ്പോക്കുന്ന് കുണ്ടൂക്കാരൻ വീട്ടിൽ ദാമോദരൻ(ഉണ്ണിചെക്കൻ) എന്നയാൾ കാട്ടാനയുടെ അടിയേറ്റ് മരിച്ചിട്ടുള്ളതുമാണ്.

പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണത്തിനായി ഫോറസ്റ്റ് എസ്റ്റേറ്റ് അതിർത്തിക്കുള്ളിൽ മൂന്ന് മീറ്റർ  വീതിയിലും 3 മീറ്റർ താഴ്ചയിലും കിടങ്ങ് നിർമ്മിക്കുകയും ഫോറസ്റ്റ് അതിർത്തിക്കുള്ളിൽ വയനാട്ടിൽ നിർമ്മിച്ചതുപോലെയുള്ള റെയിൽവെ ഇരുമ്പ് പാളി കൊണ്ട് വേലി നിർമ്മിക്കണമെന്നും മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്കും അപകടം സംഭവിച്ചവർക്കും കൃഷി നാശം സംഭവിച്ചവർക്കും മതിയായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രിയോടും വനം വകുപ്പ് മന്ത്രിയോടും എം പി ആവശ്യപ്പെട്ടു.    

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651