1470-490

ഗുരുവായൂർ പത്മനാഭന് യാത്രാമൊഴിയേകി

ഗുരുവായൂർ: ഗജരത്‌നം ഗുരുവായൂർ പത്മനാഭന് ഗുരുപവനപുരി നിറകണ്ണുകളോടെ യാത്രാമൊഴിയേകി. ആറര പതിറ്റാണ്ട് ഗുരുവായൂരപ്പനെ സേവിച്ച പത്മനാഭനെ അവസാനമായി കാണുന്നതിനും അന്ത്യോപചാരം അർപ്പിക്കുന്നതിനും ആയിരകണക്കിന് ആരാധകരാണ് പുന്നത്തൂർ ആനത്താവളത്തിലെത്തിയിരുന്നത്.
  രാവിലെ 9 വരെയാണ് ദേവസ്വം പൊതുദർശനം തീരുമാനിച്ചിരുന്നതെങ്കിലും പത്തു മണി കഴിഞ്ഞിട്ടും ജനപ്രവാഹം തുടരുകയായിരുന്നു. ഇൻക്വസ്റ്റ് നടത്തുന്നതിനായി വനം വകുപ്പ് അധികൃതരും ഡോക്ടർമാരും കാത്തിരുന്നെങ്കിലും ആരാധകരുടെ തള്ളിക്കയറ്റം കാരണം നടപടികൾ ആരംഭിക്കാനായില്ല. ഒടുവിൽ പത്തുമണി കഴിഞ്ഞപ്പോൾ പോലീസെത്തി ജനങ്ങളെ നിയന്ത്രിച്ച ശേഷമാണ് നടപടികൾ ആരംഭിക്കാനായത്.
  പതിവായി വൈകീട്ട് 5ന് അടയ്ക്കുന്ന ആനത്താവളത്തിന്റെ ഗേറ്റ് ബുധനാഴ്ച്ച രാത്രി അടച്ചിരുന്നില്ല. പത്മനാഭന്റെ ആരാധകർക്കായി ആനത്താവളത്തിന്റെ ഗേറ്റ് രാത്രി മുഴുവൻ ദേവസ്വം തുറന്നിട്ടു. ബുധനാഴ്ച്ച രാത്രിയും പത്മനാഭനെ ഒരു നോക്കുകാണുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വിവിധ ക്ഷേത്ര കമ്മിറ്റിക്കാരും ആരാധകരും ആനത്താവളത്തിലെത്തിയിരുന്നു.
    രാവിലെ പത്ത് മണിയ്ക്ക് ശേഷം തൃശൂർ ഫോറസ്റ്റ് റേഞ്ച് ഓഫീസർ സുമു സ്‌കറിയ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ.പി സാജു എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ക്രെയിനിന്റെ സഹായത്തോടെ പത്മനാഭന്റെ ശരീരം പ്രത്യേകം അലങ്കരിച്ച ലോറിയിലേക്ക് കയറ്റി സംസ്‌കരിക്കുന്നതിനായി കോടനാട്ടേക്ക് കൊണ്ടു പോയി.
പടം: മന്ത്രി സി.രവീന്ദ്രനാഥ് അന്ത്യോപചാരമർപ്പിക്കുന്നു
…………………………………………………..
ഗുരുവായൂർ: ആനത്താവളത്തിലെ കാരണവർക്ക്് പിൻതലമുറക്കാർ ആദരവോടെ അന്ത്യാഞ്ജലിയർപ്പിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ഗുരുവായൂർ പത്മനാഭന്റെ ശരീരം അലങ്കരിച്ച വാഹനത്തിലേയ്ക്ക് കയറ്റുന്നതിന് മുമ്പായി ആനത്താവളത്തിലെ മുഴുവൻ ആനകളും ആനത്താവളത്തിൽ നിരന്ന് നിന്നു. തുടർന്ന് ദേവസ്വത്തിലെ മുതിർന്ന ആനകളായ വലിയ കേശവനും നന്ദിനിയും ചേർന്ന് പത്മനാഭന്റെ ശരീരത്തിൽ പുഷ്പാർച്ചന നടത്തി. പിന്നീട് മുഴുവൻ ആനകളും തുമ്പി ഉയർത്തി പ്രണാമമർപ്പിച്ചു.
     ദേവസ്വം സെക്യൂരിറ്റി ജീവനക്കാർ ഗാർഡ് ഓഫ് ഓണർ നൽകി പത്മനാഭനോടുള്ള ആദരവ് കാണിച്ചു. തുടർന്ന് ജഡത്തെ ഗേറ്റ് വരെ സെക്യൂരിറ്റി ജീവനക്കാർ അനുഗമിച്ചു.
    മന്ത്രി സി. രവീന്ദ്രനാഥ്, കെ.വി അബ്ദുൾഖാദർ എംഎൽഎ, ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി മോഹൻദാസ്, അഡ്മിനിസ്‌ട്രേറ്റർ എസ്.വി ശിശിർ തുടങ്ങിയവരും അന്തിമോപചാരമർപ്പിച്ചു. കേരളത്തിലെ വിവിധ ഭാഗങ്ങളിലുള്ള ഉത്സവാഘോഷ കമ്മിറ്റിക്കാരും റീത്ത് സമർപ്പിക്കാനെത്തിയിരുന്നു.

പടം: ദേവസ്വം സെക്യൂരിറ്റി ജീവനക്കാർ പത്മനാഭന് ഗാർഡ് ഓഫ് ഓണർ നൽകുന്നു
സമീപം പത്മനാഭന് ആന്ത്യോപചാരമർപ്പിക്കുന്ന ആനകളും

Comments are closed.

x

COVID-19

India
Confirmed: 38,903,731Deaths: 488,884