1470-490

ഗജരത്‌നം ഗുരുവായൂർ പത്മനാഭൻ ചരിഞ്ഞു

ഗുരുവായൂർ: ഗജരത്‌നം ഗുരുവായൂർ പത്മനാഭൻ ചരിഞ്ഞു. പ്രായധിക്യസംബന്ധമായ അസുഖങ്ങളെ ഒരു മാസമായി ചികിത്സയിലായിരുന്നു. വിദഗ്ധ ചികിത്സ നൽകിയിട്ടും താടിയിലും അടിവയറ്റിലുമുള്ള നീര് കുറഞ്ഞിരുന്നില്ല. രക്തത്തിൽ  ശ്വേത രക്താണുക്കളുടെ അളവ് വളരെ കൂടുതലായിരുന്നു. മരുന്നുകളോട് പ്രതികരിക്കാത്തതിനാൽ  വീര്യമേറിയ ആന്റിബയോട്ടിക് നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പത്മനാഭനെ പരിശോധിക്കാനായി ആസാമിൽ നിന്നുള്ള വിദഗ്ദ്ധ വെറ്ററിനറി സർജൻ ഡോ. കുലാൽ ശർമയെ കഴിഞ്ഞ ദിവസം ദേവസ്വം കൊണ്ടുവന്നിരുന്നു.
   ഇന്നലെ രാവിലെ 9 മണിയോടെ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് ഡോ. ഗിരിദാസ്, ഡോ. രാജീവ്, ഡോ. കെ. വിവേക് എന്നിവരെത്തി പരിശോധിച്ചിരുന്നു. കെട്ടുതറിയിൽ ഇരുത്തിയെങ്കിലും കൊമ്പൻ അസ്വസ്ഥനായിരുന്നു. ഉച്ചയ്ക്ക് 2.10 ഓടെ കെട്ടുതറിയിൽ ചരിയുകയായിരുന്നു.
    1954 ജനുവരി 18നാണ് പത്മനാഭനെ ഗുരുവായൂർ ക്ഷേത്രത്തിൽ നടയിരുത്തിയിട്ടുള്ളത്. ഒറ്റപ്പാലത്തെ ഇ.പി. ബ്രദേഴ്സാണ് പത്മനാഭനെ ഗുരുവായൂരപ്പന് മൽകിയത്. ദേവസ്വം രേഖപ്രകാരം നടയിരുത്തുമ്പോൾ 14 വയസ്സാണ് പ്രായം. 1962 മുതൽ പത്മനാഭൻ ഗുരുവായൂരപ്പന്റെ തിടമ്പേറ്റാൻ തുടങ്ങി. പത്മനാഭൻ ഗുരുവായൂരിലെത്തിയതിന്റെ 50 ാം വാർഷികത്തിന് 2004ൽ ദേവസ്വം ‘ഗജരത്‌നം’ ബഹുമതി നൽകി.
 ഇന്ന് രാവിലെ 10 മണി വരെ ആനത്താവളത്തിൽ പൊതു ദർശനത്തിന് വെയ്ക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കോടനാട് കാടുകളിൽ സംസ്‌കരിക്കുന്നതിനായി കൊണ്ടുപോകും.  
   കെ.വി.അബ്ദുൾ ഖാദർ എംഎൽഎ, ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ്, ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ.അജിത്, എ.വി.പ്രശാന്ത്, അഡ്മിനിസ്‌ട്രേറ്റർ എസ്.വി.ശിശിർ എന്നിവർ ആനത്താവളത്തിലെത്തി അന്ത്യോപചാരമർപ്പിച്ചു.
…………………………………………………………….
ഗുരുവായൂർ: പത്മനാഭൻ ഉറങ്ങുക സ്വന്തം കെട്ടുതറിയിൽ മാത്രം. കെട്ടുതറിയിൽ നിന്നും മാറി നിൽക്കേണ്ടി വരുന്ന ദിവസങ്ങളിൽ പത്മനാഭൻ ഉറങ്ങുകയില്ലെന്ന് പാപ്പാൻമാർ സാക്ഷ്യപ്പെടുത്തുന്നു. ആനത്താവളത്തിന്റെ അകത്ത് കിഴക്ക് വടക്ക് ഭാഗത്തായാണ് പത്മനാഭന്റെ കെട്ടുതറി. ഏകദേശം 20 വർഷത്തോളമായി ഇവിടെയാണ് പത്മനാഭന്റെ സ്ഥിരം വാസസ്ഥലം. ഉത്സവങ്ങൾക്ക് എഴുന്നള്ളിപ്പിനായി പോകുമ്പോഴും ആനത്താവളത്തിൽ തന്നെ മറ്റു ഭാഗങ്ങളിൽ തളച്ചാലോ ഉറങ്ങുക പതിവില്ലെന്ന് പാപ്പാൻമാർ പറയുന്നു. അസുഖത്തെ തുടർന്ന് കഴിഞ്ഞ മൂന്ന് ആഴ്ച്ചയായി ആനത്താവളത്തിന്റെ കിഴക്ക് ഭാഗത്തെ ഷെഡിലാണ് പത്മനാഭനെ തളയ്ക്കാറ്. ഈ മൂന്ന് ആഴ്ചയിലും കൊമ്പൻ ഉറങ്ങിയിട്ടില്ലെന്ന് പാപ്പാൻമാർ പറഞ്ഞു. ചൊവ്വാഴ്ച്ച വൈകീട്ടോടെ വാശികാണിക്കാൻ തുടങ്ങിയതിനെ തുടർന്ന് പത്മനാഭന്റെ സ്വന്തം കെട്ടുതറിയിലേയ്ക്ക് മാറ്റുകയായിരുന്നു.
……………………………………………………..
ഗുരുവായൂർ: ഗജരത്‌നം പത്മനാഭന്റെ വിയോഗം വിശ്വാസികൾക്കും ആനപ്രേമികൾക്കും നികത്താനാകാത്ത നഷ്ടം. ഉത്സവ പറമ്പുകളിൽ ഏറ്റവും ആരാധകരുള്ള കൊമ്പനാണ് ഗുരുവായൂർ പത്മനാഭൻ. വിശ്വാസികൾ ഗുരുവായൂരപ്പന്റെ പ്രതിനിധിയായാണ് പത്മനാഭനെ കണ്ടുവന്നിരുന്നത്. ഉത്സവ പറമ്പുകളിൽ പത്മനാഭൻ എത്തുന്നതോടെ വൻ സ്വീകരണമാണ് ഭക്തർ നൽകാറ് പതിവ്. എഴുന്നള്ളിപ്പുകളിൽ തിടമ്പുമായി പത്മനാഭൻ എഴുന്നള്ളുന്നത് കണ്ട് തൊഴുവാനായി ഭക്തർ കാത്ത് നിൽക്കുന്നതും പതിവാണ്. കേരളത്തിന്റെ തെക്ക് വടക്ക് മേഖലകളിൽ ഏറെ ആരാധകരുള്ള കൊമ്പനാണ് പത്മനാഭൻ. നാടൻ ആനകളിൽ ഏറ്റവും അഴകുറ്റ കൊമ്പനും പത്മനാഭനാണ്. ഉയരവും തലപ്പൊക്കവുമുള്ള കൊമ്പൻമാർ വേറെയുണ്ടെങ്കിലും ഉത്സവ പറമ്പുകളിൽ ഒന്നാം സ്ഥാനം പത്മനാഭനു തന്നെയായിരുന്നു. മറ്റ് ഏത് കൊമ്പൻമാർ ഉണ്ടെങ്കിലും തിടമ്പേറ്റാൻ നിയോഗം പത്മനാഭനാണ് ലഭിക്കുക. തിടമ്പുമായുളള ഗുരുവായൂർ പത്മനാഭന്റെ എഴുന്നളളത്ത് ഐശ്വര്യമാണെന്നാണ് വിശ്വാസം. പ്രമുഖ ക്ഷേത്രോത്സവങ്ങൾക്കൊക്കെ  പത്മനാഭനെ എഴുന്നള്ളിക്കാൻ  സംഘാടകർ മത്സരിച്ചിരുന്നു.
  ശാന്തസ്വഭാവിയായ പത്മനാഭന് ക്ഷേത്രാചാരങ്ങളും വ്യക്തമായി അറിയാമായിരുന്നു. ഗുരുവായൂർ കേശവന്റെയും എൺപതുവർഷം മുമ്പ് ക്ഷേത്രത്തിലുണ്ടായിരുന്ന പത്മനാഭന്റെയും പിൻഗാമിയായ പത്മനാഭന് മുഖവിരിവ് അടക്കമുളള ഗജലക്ഷണങ്ങളാണ് ശ്രദ്ധേയനാക്കിയത്. ചട്ടക്കാരൻ അടുത്തില്ലെങ്കിലും ആരാധകർക്ക് അടുത്ത് ചെല്ലാമെന്നതും പത്മനാഭന്റെ പ്രത്യേകതയാണ്. ഇന്നുവരെ അടുത്ത് ചെന്ന ആരാധകരെ വിരട്ടിയോടിച്ച ചരിത്രം പത്മനാഭനില്ല. ആരാധകർ അടുത്തെത്തിയാൽ ശാന്തനായി നിൽക്കുകയാണ് പതിവ്. ആളുകളുടെ സ്നേഹവും ആദരവുമൊക്കെ ഇഷ്ടപ്പെടുന്നതാണ് പത്മനാഭന്റെ പ്രകൃതം. സ്വന്തം പാപ്പാൻമാരോട് മാത്രമാണ് ഇക്കാലയളവിൽ വികൃതി കാട്ടിയിട്ടുള്ളൂവെന്ന് ആനത്താവളത്തിലെ പഴമക്കാർ പറയുന്നു

Comments are closed.

x

COVID-19

India
Confirmed: 33,381,728Deaths: 444,248