1470-490

കള്ളനോട്ട് അച്ചടിച്ച് വിതരണം ചെയ്ത പ്രതിയുടെ മകനും പിടിയിലായി

കൊടകര കൊളത്തൂരിൽ കള്ളനോട്ട് അച്ചടിച്ച് വിതരണം ചെയ്ത സംഭവത്തിൽ പിടിയിലായ പ്രതിയുടെ മകനും ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം പിടികൂടി.

കൊടകര കൊളത്തൂരിൽ കള്ളനോട്ട് അച്ചടിച്ച് വിതരണം ചെയ്ത സംഭവത്തിൽ പിടിയിലായ പ്രതിയുടെ മകനും ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം പിടികൂടി.
കൊടകര കൊളത്തൂർ തൈവളപ്പിൽ ഹരിയുടെ മകൻ നിഷാന്ത് എന്ന19 വയസ് കാരനുമാണ് പിടിയിലായത്. കൊടകര, ആളൂർ മേഖലകളിൽ കള്ളനോട്ട് വ്യാപകമായി ലഭിക്കുന്നുണ്ടെന്ന അറിവുലഭിച്ചതിനെ തുടർന്ന്  ചാലക്കുടി ഡി വൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ആഴ്ചകളോളം അന്വേഷണം നടത്തിയാണ് കഴിഞ്ഞ ഒക്ടോബർ അവസാനത്തോടെ കുപ്രസിദ്ധ ക്രിമിനൽ കൊളത്തൂർ ഹരിയെന്ന നിഷാന്തിന്റെ പിതാവിനെ പിടികൂടിയത്. കള്ളനോട്ടിന്റെ ഉറവിടം കണ്ടെത്തുന്നതിനായി മുൻകാല കുറ്റവാളികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഹരിയുടെ വീട്ടിൽ നിന്നും എഴുപത്തായ്യായിരത്തിൽപരം രൂപയുടെ മൂല്യമുള്ള നൂറ്റി അൻപത്തൊന്ന് അഞ്ഞൂറിന്റെ നോട്ടുകളും പ്രിന്ററും മറ്റും കണ്ടെടുത്തത്.
തുടർന്ന് കള്ളനോട്ട് പ്രിന്റ് ചെയ്യാനും വിതരണത്തിനും മറ്റാരെങ്കിലുടേയും സഹായമുണ്ടായോ എന്ന അന്വേഷണത്തിലാണ് നിഷാന്തും പിടിയിലാകുന്നത്. കള്ളനോട്ടുകൾ പ്രിന്റ് ചെയ്യാനും വിതരണം ചെയ്യാനും താനും അച്ഛനെ സഹായിച്ചതായി ചോദ്യം ചെയ്യലിൽ നിഷാന്ത് സമ്മതിച്ചു.സംശയം തോന്നി പിടികൂടാതിരിക്കാനാണ് ബൈക്കിന്റെ നമ്പർ മാറ്റിയെഴുതിയത്. പോലീസ് സംഘം തന്റെ പങ്കും കണ്ടെത്തിയത് മനസിലാക്കിയ നിഷാന്ത് മാസങ്ങളായി വീട്ടിൽ വരാതെ ഒളിവിൽ കഴിയുകയായിരുന്നു. നിഷാന്തിന്റെ വീടും പരിസരവും പ്രത്യേകം നിരീക്ഷിച്ചു വന്നിരുന്ന അന്വേഷണ സംഘം തിങ്കളാഴ്ച്ച രാവിലെ തൃശൂരിൽ നിന്നും തന്ത്ര പരമായി നിഷാന്തിനെ പിടികൂടുകയായിരുന്നു. പ്രത്യേകാന്വേഷണ സംഘത്തിൽ കൊടകര സിഐ വി.വി റോയ്, എസ് ഐ എൻ.ഷിബു, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനു മോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, വി.യു സിൽജോ, എ.യു റെജി, ഷിജോ തോമസ് എന്നിവരും കൊടകര സ്റ്റേഷനിലെ എഎസ്ഐ റെജിമോൻ, സീനിയർ സിപിഒ ജിബി ബാലൻ എന്നിവരാണ് ഉണ്ടായിരുന്നത്

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651