1470-490

തോക്കുകളും തോക്കിൻ തിരകളും കാണാതായ സംഭവത്തിലെ മുഖ്യപ്രതി മുഖ്യമന്ത്രിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒരു ശതമാനം മാത്രം വോട്ടുണ്ടായിരുന്ന ത്രിപുരയിൽ ഭരണം പിടിച്ചെടുക്കാൻ കഴിഞ്ഞുവെങ്കിൽ 16 ശതമാനം വോട്ടുള്ള കേരളത്തിലും ഭരണം പിടിയ്ക്കാനാകുമെന്നും സുരേന്ദ്രൻ

ഗുരുവായൂർ: തോക്കുകളും തോക്കിൻ തിരകളും കാണാതായ സംഭവത്തിലെ മുഖ്യപ്രതി മുഖ്യമന്ത്രിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാന പോലീസ് മേധാവിയിൽ തുടങ്ങി പോലീസിൽ മാത്രം ഒതുങ്ങുന്ന അഴിമതിയല്ലിതെന്നും മറിച്ച് അതിന്റെ പ്രഭാവകേന്ദ്രം മുഖ്യമന്ത്രിയും, മുഖ്യമന്ത്രിയുടെ ഓഫീസുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസ് അറിയാതെ ഇത് സംഭവിയ്ക്കില്ല. ബിജെപി സംസ്ഥാന അധ്യക്ഷനായി നിയമിതനായ ശേഷം ആദ്യമായി ഗുരുവായൂരിലെത്തിയ അദ്ദേഹം ക്ഷേത്ര ദർശനത്തിന് കഴിഞ്ഞ് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. ഈ വിഷയമുയർത്തി പിടിച്ച് വെറും ദുർബലമായ വാക്തോരണി നടത്തുകയല്ല ബി.ജെ.പിയുടെ ലക്ഷ്യം. അഴിമതി പുറത്തുകൊണ്ടുവരുന്നതിനായി ബഹുജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോപത്തിനൊരുങ്ങാൻ തയ്യാറെടുക്കുകയാണ് ബി.ജെ.പിയെന്നും സുരേന്ദ്രൻ കൂട്ടിചേർത്തു.ക്രൈസ്തവ പെൺകുട്ടികളെ ഇസ്ലാംമത തീവ്രവാദികൾ മതംമാറ്റം നടത്തുന്നുവെന്ന് വെളിപ്പെടുത്തിയത് സിറിയയിലെ മതപുരോഹിതരാണ്. ബി.ജെ.പിയല്ല. ബി.ജെ.പി ഒരിയ്ക്കലും മതന്യൂനപക്ഷങ്ങൾക്ക് എതിരല്ല. മറിച്ചുള്ള പ്രചരണം ശത്രുപക്ഷം നടത്തുന്ന നട്ടാൽ കുരുക്കാത്ത നുണയാണെന്നും സുരേന്ദ്രൻ പറഞ്ഞു. ഒരു ശതമാനം മാത്രം വോട്ടുണ്ടായിരുന്ന ത്രിപുരയിൽ ഭരണം പിടിച്ചെടുക്കാൻ ബിജെപിയ്ക്ക് കഴിഞ്ഞുവെങ്കിൽ 16 ശതമാനം വോട്ടുള്ള കേരളത്തിലും ബിജെപിയ്ക്ക് ഭരണം പിടിയ്ക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കും പിന്നീട് വരുന്ന നിയമസഭ തിരഞ്ഞെടുപ്പിലും നേതൃയോഗം ചേർന്ന് വിശദമായ തയ്യാറെടുപ്പുനടത്തി മുന്നേറുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.പരമ സാത്വികനായ കുമ്മനം രാജശേഖരനേപോലും വിലകുറഞ്ഞ സംസ്‌ക്കാര ശൂന്യമായ ട്രോളുകൾ നിരത്തി കീഴ്പ്പെടുത്താൻ ശ്രമിച്ചവരാണ് സി.പി.എം. ഭീഷണികളിലും, സമൂഹമാധ്യമങ്ങളിലെ ട്രോളുകളിലും വഴങ്ങുന്ന പാർട്ടിയല്ല ബി.ജെ.പി. അതിനുപുറകെ സഞ്ചരിയ്ക്കാൻ ബി.ജെ.പിയെ കിട്ടില്ലെന്നും സുരേന്ദ്രൻ കൂട്ടിചേർത്തു. പ്രളയ ദുരിതാശ്വാസത്തിനായി സ്വരൂപിച്ച തുക 8 മാസം കഴിഞ്ഞിട്ടും പ്രയോജനപ്പെടുത്താത്തവർ ദുരിതമനുഭവിച്ചവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Comments are closed.